ഖത്വറില്‍ വീട്ടു വിസക്കാരുടെ തൊഴില്‍ കരാര്‍: നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

Posted on: February 9, 2017 9:08 pm | Last updated: February 9, 2017 at 9:08 pm

ദോഹ: വീട്ടു ജോലിക്കാരുമായി ബന്ധപ്പെട്ട നിയമത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. കരാറിന്റെയും നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തില്‍ സ്‌പോണ്‍സര്‍ക്കു വേണ്ടിയോ സ്‌പോണ്‍സര്‍ ഉള്‍പ്പെട്ട കുടുംബത്തിലോ ജോലി ചെയ്യുന്നവരെയാണ് ഗാര്‍ഹിക തൊഴില്‍ സഹായികളായി നിയമത്തില്‍ പറയുന്നത്.

സ്‌പോണ്‍സറുടെ മേല്‍നോട്ടത്തില്‍ വേതനാടിസ്ഥാനത്തിലും തൊഴില്‍ കരാര്‍ പ്രകാരവുമാകണം ഇവര്‍ ജോലി ചെയ്യേണ്ടതെന്നും നിഷ്‌കര്‍ഷിക്കുന്നു.
ഡ്രൈവര്‍മാര്‍, നാനികള്‍, പാചകക്കാര്‍, പൂന്തോട്ട ജോലിക്കാര്‍ തുടങ്ങിയവരെയാണ് വീട്ടുജോലിക്കാരായി നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌പോണ്‍സറുടേയും തൊഴില്‍ സഹായിയുടെയും അവകാശങ്ങളും ചുമതലകളും വ്യക്തമാക്കുന്നതും ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്നതുമാണ് പുതിയ നിയമം.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിമയത്തിന് അംഗീകാരം നല്‍കിയത്.
രാജ്യത്തെ ക്രിമിനല്‍ നിയമഭേദഗതി നിര്‍ദേശത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. 2004ലെ പതിനൊന്നാം നമ്പര്‍ നിയമത്തിലാണ് ഭേദഗതി. ഉപദേശക സമിതിയുടെ ശിപാര്‍ശകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഭേദഗതിക്ക് അംഗീകാരം നല്‍കിയത്. പുതിയ നിയമ പ്രകാരം അപകടങ്ങളിലെ ഇരകളുടെയോ പരുക്കേല്‍ക്കുന്നവരുടെയോ ചിത്രങ്ങളോ വീഡിയോകളോ ഏതു ഡിവൈസ് ഉപയോഗിച്ചും അനുമതിയില്ലാതെ എടുക്കുന്നത് കുറ്റകരമാണ്.

ഏതു രൂപത്തിലും വിഭാഗത്തിലും പേരുകളിലുമുള്ള മയക്കു മരുന്നുകള്‍ പ്രതിരോധിക്കുന്നതിനുള്ള ദേശീയ നയങ്ങള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിനുള്ള ഉന്നതതല ദേശീയ സമിതി രൂപവത്കരിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലായിരിക്കും പുതിയ കമ്മിറ്റി. ആഭ്യന്തര മന്ത്രി ചെയര്‍മാനും നിയമമന്ത്രി വൈസ് ചെയര്‍മാനുമായിരിക്കും.
പൊതുജനാരോഗ്യം, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസം, എന്‍ഡോവ്‌മെന്റ് ഇസ്‌ലാമികകാര്യം, കായിക സാംസ്‌കാരിക മന്ത്രിമാര്‍, ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വിഭാഗം ഡയറക്ടര്‍ ജനറല്‍, കസ്റ്റംസ് ജനറല്‍ അതോറിറ്റി തലവന്‍, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് തലവന്‍ എന്നിവരായിരിക്കും കമ്മിറ്റിയുടെ അംഗങ്ങള്‍.
പൊതുനയം രൂപപ്പെടുത്തുന്നതിനുള്ള അധികാരം കമ്മറ്റിക്കുണ്ടായിരിക്കും. മയക്കു മരുന്നുകളെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റി ഏകോപിപ്പിക്കും.