കെ എസ് ഇ ബി ജീവനക്കാരുടെ കാരുണ്യത്തില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചു

Posted on: February 9, 2017 8:38 pm | Last updated: February 9, 2017 at 8:38 pm
മുത്തപ്പന്‍പുഴ അമ്പേദ്കര്‍ കോളനിയിലെ സൗജന്യ വൈദ്യുതീകരണം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ ബി സ്വാമിനാഥന്‍ ഉദ്ഘാടനം ചെയ്യുന്നു.

താമരശ്ശേരി: കെ എസ് ഇ ബി ജീവനക്കാരുടെ കാരുണ്യത്തില്‍ തിരുവമ്പാടി മുത്തപ്പന്‍പുഴയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചു. വയറിംഗ് പ്രവൃത്തി ഉള്‍പ്പെടെയുള്ളവക്ക് പണമില്ലാത്തതിനാല്‍ വൈദ്യുതിയില്ലാതെ കഴിഞ്ഞിരുന്ന മുത്തപ്പന്‍പുഴ അമ്പേദ്കര്‍ കോളനിയിലെ 12 കുടുംബങ്ങള്‍ക്കാണ് കെ എസ് ഇ ബി തിരുവമ്പാടി സെക്ഷനിലെ ജീവനക്കാര്‍ പണം മുടക്കി വൈദ്യുതിയെത്തിച്ചത്.

സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി സെക്ഷനിലെ ജീവനക്കാര്‍ നടത്തിയ സര്‍വെയില്‍ 125 വീടുകള്‍ വൈദ്യുതീകരിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ 25 കുടുംബങ്ങള്‍ വയറിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തിക്ക് പണമില്ലാത്തവരായിരുന്നു. വിഷയം സ്റ്റാഫ് കൗണ്‍സില്‍ ചര്‍ച്ച ചെയ്യുകയും ആദിവാസി കോളനിയിലെ 12 വീടുകള്‍ വൈദ്യുതീകരിച്ച് നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു. ജീവനക്കാര്‍ സ്വരൂപിച്ച ഇരുപതിനായിരം രൂപയാണ് ഇതിന്നായി ചെലവഴിച്ചത്. വയറിംഗ് പ്രവൃത്തികള്‍ പൂര്‍ണമായും ജീവനക്കാര്‍ ഏറ്റെടുത്ത് നടത്തുകയും സി എഫ് എല്‍ ഉള്‍പ്പെടെ വാങ്ങി നല്‍കുകയും ചെയ്തു. സബ് എഞ്ചിനീയര്‍മാരായ പി ബി ഷാജി, കെ ശിവദാസന്‍, കെ ബാബു രാജ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.

വൈദ്യുതീകരണത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ ബി സ്വാമിനാഥന്‍ നിര്‍വഹിച്ചു.
ബാലുശ്ശേരി ഡിവഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. കുന്ദമംഗലം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി സന്തോഷ്, തിരുവമ്പാടി എ ഇ. ടി സുധീഷ് ബാബു പ്രസംഗിച്ചു. സീനിയര്‍ അസിസ്റ്റന്റ് പി പ്രസാദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സ്റ്റാലി ചാക്കോ നന്ദിയും പറഞ്ഞു.