മുഖ്യമന്ത്രി ബഹ്‌റൈന്‍ ഭണാധികാരികളുമായി ചര്‍ച്ച നടത്തി

>>കേരളവുമായി സഹകരണം വര്‍ധിപ്പിക്കും: ബഹ്‌റൈന്‍
Posted on: February 9, 2017 8:14 pm | Last updated: June 30, 2017 at 2:46 pm
ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫക്ക് മുഖ്യമന്ത്രി ചുണ്ടന്‍ വള്ളം സമ്മാനിക്കുന്നു

മനാമ: ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ബഹ്‌റൈനില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, ഡെപ്യൂട്ടി കിംഗും കിരീടവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരുമായി ചര്‍ച്ച നടത്തി. കേരളവുമായി എല്ലാ മേഖലകളിലും സഹകരണം ശക്തമാക്കുമെന്ന് ബഹ്‌റൈന്‍ ഭരണാധികാരികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

കേരളവുമായി എല്ലാ അര്‍ത്ഥത്തിലും സഹകരിക്കുമെന്ന് ബഹ്‌റൈന്‍ പ്രധാനമന്ത്രി വ്യക്തമാക്കി. സാംസ്‌കാരികം, വിദ്യാഭ്യാസം, ടൂറിസം, ആയുര്‍വേദം, ആരോഗ്യം, ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ കേരളവുമായി ഉഭയകകക്ഷി ബന്ധം ശക്തമാക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈന്‍ ഡെപ്യൂട്ട് കിംഗ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായി ചര്‍ച്ച നടത്തുന്നു

മലയാളികളുമായി തനിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. തന്റെ മുതുമുത്തച്ഛന്‍മാര്‍ മുതല്‍ കേരളവുമായും മലയാളികളുമായും ഊഷ്മളമായ ബന്ധമാണുത്. മുതുമുത്തച്ഛന്റെ െ്രെഡവര്‍ മലയാളിയായിരുന്നു. അദ്ദേഹത്തിന്റെ മക്കള്‍ ഇന്ന് ബഹ്‌റൈനികളാണ്. തനിക്ക് കീഴില്‍ 2000 ലധികം മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. മലയാളികളുടെ സത്യസന്ധതയും കഠിനാധ്വാനവും പ്രശംസനീയമാണ്. മലയാളികള്‍ സാംസ്‌കാരികമായി ഉന്നതിയില്‍ നില്‍ക്കുന്നവും ഈ നാടിന്റെ പുരോഗതിയില്‍ ഔത്സുക്യമുള്ളവരുമാണ്. കേരളത്തിന്റെ മാനവ വിഭവശേഷി പ്രധാനപ്പെട്ടതാണ്. അത് രാജ്യത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ സമ്മാനമായി ചുണ്ടന്‍ വളളം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കു സമ്മാനിച്ചു. കേരളം സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ സ്വീകരിച്ചു.
തുടര്‍ന്ന് കിരീടവകാശുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.ബഹ്‌റൈന്‍ ജനസംഖ്യയുടെ 20 ശതമാനം മലയാളികള്‍ ആണെന്ന് കിരീടവകാശി പറഞ്ഞു. അവര്‍ ഈ രാജ്യത്തിനു നല്‍കിയ സംഭാവന മഹത്തരമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കൊച്ചിയില്‍ കഴിഞ്ഞ തവണ സന്ദര്‍ശിച്ചതും അദ്ദേഹം അനുസ്മരിച്ചു.

കേരളത്തിന്റെ വികസനത്തിനായി ഒരു പ്രത്യേക നിധി രൂപീകരിക്കുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുവരുമായി ചര്‍ച്ച ചെയ്തു. ബഹ്‌റൈനില്‍ മലയാളികള്‍ക്കായി വിദ്യാഭ്യാസ സമുച്ചയം, ആരോഗ്യ പദ്ധതി എന്നിവയുടെ സാധ്യതയും അദ്ദേഹം ആരാഞ്ഞു. ഇസ്ലാമിക് ഫണ്ട്, വാണിജ്യ, വ്യാപാര രംഗത്തെ ഉഭയകക്ഷി സഹകരണം എന്നിവയും ചര്‍ച്ച ചെയ്തു. മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികള്‍ക്ക് ബഹ്‌റൈന്‍ നല്‍കുന്ന പരിഗണനക്ക് മുഖ്യമന്ത്രി ഇരുവരോടും നന്ദിയറിയിച്ചു.
മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രമുഖ വ്യവസായികളായ എംഎ യൂസഫലി, ഡോ. രവി പിള്ള, വര്‍ഗീസ് കുര്യന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

കിരീടവകാശിയുമായുള്ള കൂടിക്കാഴ്ചയില്‍ ബഹ്‌റൈന്‍ വിദേശ മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ, തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാന്‍ തുടങ്ങിയവരും പങ്കെടുത്തു. ഊഷ്മളമായ സ്വീകരണമാണ് മുഖമന്ത്രിക്ക് ബഹ്‌റൈന്‍ ഭരണാധികാരികള്‍ നല്‍കിയത്. തുടര്‍ന്ന് മുഖ്യമന്ത്രിക്കായി കിരീടവകാശി ഗുദൈബിയ കൊട്ടാരത്തില്‍ വിരുന്നൊരുക്കി.
ബഹ്‌റൈന്‍ കിരീടവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അതിഥിയായാണ് മുഖ്യമന്ത്രി എത്തിയത്. പത്തിന് വെള്ളിയാഴ്ച വൈകീട്ട് വന്‍ പൗരസ്വീകരണവും മുഖ്യമന്ത്രിക്കായി ഒരുക്കിയിട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി ബഹ്‌റൈനില്‍ എത്തിയത്. രാഷ്ട്രതലവന്‍മാര്‍ക്കു ലഭിക്കുന്ന വിധം ഗംഭീര സ്വീകരണമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. തിരുവനന്തപുരത്തുനിന്നും രാത്രി 12.10നുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ എത്തിയ മുഖ്യമന്ത്രിയെ ബഹ്‌റൈന്‍ കിരീടവകാശിയുടെ കോര്‍ട്ട് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ ദായിജ് അല്‍ ഖലീഫയുടെയും ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹയുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. കിരീടവകാശിയുടെ അതിഥിയായി ഒരു മുഖ്യമന്ത്രി എത്തുന്നത് ആദ്യമാണ്. രാഷ്ട്രത്തലവന്‍മാര്‍ക്ക് ലഭിക്കുന്ന സ്വീകരണവും പ്രോട്ടോകോളുമാണ് മുഖ്യമന്ത്രിക്ക് ലഭിക്കുന്നത്.