Connect with us

Palakkad

ടാര്‍ മിക്‌സിങ്ങ് പ്ലാന്റിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കി സമരസമിതി

Published

|

Last Updated

വടക്കഞ്ചേരി : തേനിടുക്ക് കരിംകുന്ന് പുഷ്പച്ചാലില്‍ ജനവാസ മേഖലയില്‍ ജീവന് ഭീഷണി ഉയര്‍ത്തി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന ടാര്‍ മിക്‌സിങ്ങ് പ്‌ളാന്റിനെതിരെ പ്രതിഷേധം ശക്തമാക്കി സമരസമിതി.

ജനവാസ കേന്ദ്രമായ സ്ഥലത്ത് പ്ലാന്റ് സ്ഥാപിക്കുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകമെന്ന് കാണിച്ച് പ്രദേശത്തെ ഇരുനൂറ്റമ്പതോളം ആളുകള്‍ ചേര്‍ന്ന് ഗ്രാമപഞ്ചായത്തിലും ജില്ലാ കലക്ടര്‍ക്കും മറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ടാര്‍ മിക്‌സിങ്ങ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കാനോ നിഷേധിക്കാനോ അധികാരമില്ലെന്ന മറുപടിയാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കിയത്. തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഹൈക്കോടതിക്ക് പരാതി നല്‍കുകയും ഫെബ്രുവരി 10 വരെ പ്‌ളാന്റിന്റെ നിര്‍മ്മാണ ജോലികള്‍ നിര്‍ത്തിവെക്കണമെന്ന ഉത്തരവ് നേടിയെടുക്കുകയും ചെയ്തു. എന്നാല്‍ ബുധനാഴ്ച കാലത്ത് നിര്‍മ്മാണ വസ്തുക്കളുമായി എത്തിയ ടിപ്പര്‍ പ്‌ളാന്റിനുള്ളിലേക്ക് കടത്തിവിടാന്‍ നാട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തണ്ണീര്‍ത്തട സംരക്ഷണ മേഖലയായ ഇവിടെ ടാര്‍ മിക്‌സിങ്ങ് പ്‌ളാന്റ് പ്രവര്‍ത്തനം തുടങ്ങാന്‍ അനുവദിക്കുകയില്ലെന്ന ശക്തമായ നിലപാട് തുടരുമെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നത്. കണ്‍വീനര്‍ ജോര്‍ജ് ജോസഫ്, വാര്‍ഡ് മെമ്പര്‍ എ ജോസ്, ഷിനു തോമസ്, ജേക്കബ് കുര്യന്‍, പങ്കജാക്ഷന്‍, ബിന്‍സി, ഷെജി, ഷൈലജ, ജഗദീശ്വരി, റാണി, കെ.എം.ജിജി എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.