Connect with us

National

ശശികലയും പനീര്‍ശെല്‍വവും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടില്‍ ഉടലെടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ അന്തര്‍ നാടകങ്ങള്‍ സജീവമായി തുടരുന്നു. ഇന്നലെ വൈകുന്നേരം കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികലയും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനില്‍ നിന്നുള്ള തീരുമാനത്തിന് കാത്തിരിക്കുകയാണ് സംസ്ഥാനം.
രാജി പിന്‍വലിക്കുന്നതായി പനീര്‍ശെല്‍വം അറിയിച്ചപ്പോള്‍, തന്നെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യമാണ് ശശികല ഗവര്‍ണര്‍ക്ക് മുന്നില്‍ വെച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ പെട്ടെന്നൊരു നിലപാടിലേക്ക് ഗവര്‍ണര്‍ എത്തില്ലെന്നാണ് കരുതുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം അദ്ദേഹം രാഷ്ട്രപതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. തീരുമാനം ഇന്നുണ്ടായേക്കും.

നല്ലത് നടക്കും,
നീതി നടപ്പാകും”

ഉച്ച കഴിഞ്ഞ് 3.35നാണ് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു മുംബൈയില്‍ നിന്ന് ചെന്നൈയിലെത്തിയത്. 4.40ഓടെ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചക്ക് പനീര്‍ശെല്‍വവും രാജ്ഭവനിലെത്തി. ശെല്‍വത്തോടൊപ്പം മുതിര്‍ന്ന നേതാക്കളായ ഇ മധുസൂദനനും പി എച്ച് പാണ്ഡ്യനും കെ പി മുനുസ്വാമിയും ഉള്‍പ്പെടെ പത്തോളം പേരുണ്ടായിരുന്നു. 15 മിനുട്ടോളം നീണ്ട കൂടിക്കാഴ്ചകള്‍ക്ക് ശേഷം 5.30ന് പനീര്‍ശെല്‍വം രാജ്ഭവനില്‍ നിന്ന് പുറത്തുവന്നു. നല്ലത് നടക്കും, നീതി നടപ്പാകും- എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. രാജി പിന്‍വലിക്കുന്നതായി ഗവര്‍ണറെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ചില ഭീഷണികള്‍ക്ക് വഴങ്ങിയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതെന്ന് വിശദീകരിക്കുന്ന ഹരജി പനീര്‍ശെല്‍വം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.
തിരിച്ചുവരുമെന്ന് പനീര്‍ശെല്‍വം ഉറപ്പിച്ച് പറയുമ്പോഴും ഇത് സംബന്ധിച്ച ഉറപ്പുകളൊന്നും ഗവര്‍ണര്‍ നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. രാജി പിന്‍വലിക്കുന്ന കാര്യത്തില്‍ ചില നിയമതടസ്സങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും സൂചനകളുണ്ട്. അതേസമയം, ഗവര്‍ണറെ വീണ്ടും കാണുന്നതിനായി പനീര്‍ശെല്‍വം സമയം ചോദിച്ചിട്ടുണ്ട്.

130ന്റെ പിന്തുണ

അഞ്ച് മണിക്കാണ് ഗവര്‍ണറുമായുള്ള ശശികലയുടെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് 7.30ലേക്ക് മാറ്റുകയായിരുന്നു. മറീനാ ബീച്ചിലെ ജയലളിതാ സ്മാരകം സന്ദര്‍ശിച്ച ശേഷമാണ് അവര്‍ രാജ്ഭവനിലേക്ക് പുറപ്പെട്ടത്. തന്നെ പിന്തുണക്കുന്ന എം എല്‍ എമാരുടെ കത്ത് ജയലളിതാ സ്മാരകത്തില്‍ അവര്‍ സമര്‍പ്പിച്ചു. 130 എം എല്‍ എമാരുമായി ഗവര്‍ണറെ കാണാനാണ് ശശികല ഉദ്ദേശിച്ചിരുന്നതെങ്കിലും അദ്ദേഹം അതിന് അനുമതി നല്‍കിയില്ല. ഇതേത്തുടര്‍ന്ന് മുതിര്‍ന്ന പത്ത് മന്ത്രിമാര്‍ക്കൊപ്പമാണ് അവര്‍ രാജ്ഭവനിലെത്തിയത്. ശശികലക്ക് പിന്തുണയുമായി എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ രാജ്ഭവന് മുന്നില്‍ പ്രകടനം നടത്തി. 7.30ന് ഗവര്‍ണര്‍ക്ക് മുന്നിലെത്തിയ ശശികല തന്നെ അനുകൂലിക്കുന്ന 130 എം എല്‍ എമാര്‍ ഒപ്പിട്ട കത്ത് അദ്ദേഹത്തിന് കൈമാറി. മന്ത്രിസഭയുണ്ടാക്കാന്‍ തന്നെ ക്ഷണിക്കണമെന്ന് 30 മിനുട്ടോളം നീണ്ട കൂടിക്കാഴ്ചയില്‍ അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വ്യക്തമാക്കുകയയും ചെയ്തിട്ടുണ്ട്.

ഒ പി എസിനൊപ്പം
കൂടുതല്‍ നേതാക്കള്‍

അതിനിടെ, എ ഐ എ ഡി എം കെ പ്രസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്‍ പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നു. പാര്‍ട്ടിയിലെ “രണ്ടാമന്‍” എന്ന് വിശേഷിപ്പിക്കപ്പെടുന്നയാളാണ് മധുസൂദനന്‍. പാര്‍ട്ടിയെ സംരക്ഷിക്കാന്‍ നിന്നയാളാണ് മധുസൂദനനെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുവെന്നും പനീര്‍ശെല്‍വം ഇതിനോട് പ്രതികരിച്ചു. എം ജി ആര്‍ തുടങ്ങിയ പാര്‍ട്ടിയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കും. ജയലളിതക്ക് ശേഷം ജനറല്‍ സെക്രട്ടറിയാകേണ്ടിയിരുന്നത് മധൂസൂദനനായിരുന്നു. അമ്മയെ ചതിക്കുകയാണ് ശശികല ചെയ്തത്. 2012ല്‍ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനായി നല്‍കിയ മാപ്പപേക്ഷയില്‍ ഒരു സ്ഥാനമാനവും വേണ്ടെന്നാണ് അവര്‍ പറഞ്ഞിരുന്നതെന്നും പനീര്‍ശെല്‍വം ഓര്‍മിച്ചു. കൂടുതല്‍ നേതാക്കള്‍ പനീര്‍ശെല്‍വം ക്യാമ്പിലേക്കെത്തുന്നുവെന്ന സൂചനയാണ് മധുസൂദനന്റെ വരവിലൂടെ വ്യക്തമാകുന്നത്.

ജനവികാരം അറിഞ്ഞുള്ള തന്ത്രപരമായ നീക്കങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി പനീര്‍ശെല്‍വം നടത്തുന്നത്. അതിലൊന്നാണ് ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡന്‍ സ്മാരകമാക്കുമെന്ന പ്രഖ്യാപനം. പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ നിന്ന് ശശികലയെ പുറത്താക്കി വീട് ജയാ സ്മാരകമാക്കല്‍ ലക്ഷ്യമാക്കിയാണ് കാവല്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പനീര്‍ശെല്‍വത്തിന്റെ ഉത്തരവ്. ജയലളിതയെ ശശികല വഞ്ചിച്ചുവെന്നതിനുള്ള തെളിവുകള്‍ നിരത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ പാര്‍ട്ടിയുടെ ബേങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ ആരെയും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ബേങ്ക് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. അച്ചടക്ക ലംഘനം ആരോപിച്ച് കഴിഞ്ഞ ദിവസം അദ്ദേഹത്തെ പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്ന് ശശികല പുറത്താക്കിയിരുന്നു.
അതിനിടെ, വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ പനീര്‍ശെല്‍വത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കുമെന്ന് ഡി എം കെ വ്യക്തമാക്കി. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സുബ്ബലക്ഷ്മി ജഗദീശനാണ് ഈ പ്രഖ്യാപനം നടത്തിയത്.
അതേസമയം, ഡല്‍ഹിയില്‍ ലോക്‌സഭാ ഉപാധ്യക്ഷനും എ ഐ എ ഡി എം കെ നേതാവുമായ എം തമ്പിദുരൈ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആശയവിനിമയം നടത്തി.

Latest