Connect with us

Gulf

ജലപാത തര്‍ക്കം; ഇറാഖ് കുവൈത്ത് അതിര്‍ത്തിയില്‍ മഞ്ഞുരുക്കം

Published

|

Last Updated

കുവൈത്ത് സിറ്റി: ഖോര്‍ അബ്ദുല്ല ജലപാതയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍
കുവൈത്ത്, ഇറാഖിന്റെ അതിര്‍ത്തി കൈയേറിയിട്ടില്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണകള്‍ പാലിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നുമുള്ള ഇറാഖ് സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയത് കുവൈത്ത് സ്വാഗതം ചെയ്തു. ഇറാഖീ നിലപാടിനെ പ്രകീര്‍ത്തിച്ച കുവൈത്ത് വിദേശകാര്യ സഹമന്ത്രി ശൈഖ് ഖാലിദ് അല്‍ ജാറുല്ല മറ്റുള്ളവരുടെ പ്രസ്താവനകളെ കാര്യമാക്കുന്നില്ലെന്നും വ്യക്തമാക്കി.

ഖോര്‍ അബ്ദുല്ലയില്‍ കുവൈത്ത് അതിര്‍ത്തി കൈയേറുകയാണെന്നും ഇറാഖ് സര്‍ക്കാര്‍ കുവൈത്തിന് കീഴടങ്ങുകയാണെന്നും ആരോപിച്ച് ഏതാനും ഇറാഖ് എം.പിമാര്‍ രംഗത്തുവന്നതാണ് വിവാദം ഉയര്‍ത്തിയത്. ഈ വിഷയമുന്നയിച്ച് ബസറയില്‍ ചൊവ്വാഴ്ച വലിയ പ്രതിഷേധപ്രകടനവും നടന്നു. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനത്തില്‍ കുവൈത്തുമായുള്ള അതിര്‍ത്തി കരാര്‍ റദ്ദാക്കണമെന്നായിരുന്നു ആവശ്യം .

അതിര്‍ത്തിപ്രദേശത്തുള്ള ഖോര്‍ അബ്ദുല്ല ജലപാതയിലെ കപ്പലോട്ടവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം.. ജലപാതയുടെ ഉപയോഗം സംബന്ധിച്ച് ഇരുരാജ്യങ്ങളും 2012ല്‍ ധാരണയിലത്തെിയിരുന്നു. 1990ലെ അധിനിവേശകാലം തൊട്ട് നിലനില്‍ക്കുന്ന തര്‍ക്കം ഇനിയും ശാശ്വതമായി പരിഹരിക്കാനായിട്ടില്ല. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇക്കഴിഞ്ഞ ജനുവരി 24, 27 തീയതികളില്‍ ഇറാഖ് അധികൃതരുമായി കുവൈത്ത് ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കാനായിട്ടില്ല.
കുവൈത്തും ഇറാഖും സംയുക്തമായി പുതിയ അതിര്‍ത്തിമാപ്പ് വരക്കാനും അതിന്റെ ചെലവ് ഒരുമിച്ച് വഹിക്കാനും ഏകദേശ ധാരണയായിട്ടുണ്ട്.

ഇറാഖ് ഉള്‍പ്പെടെ മറ്റു രാജ്യങ്ങളുടെ ഒരിഞ്ചുഭൂമിപോലും കുവൈത്ത് കൈയേറിയിട്ടില്ലെന്നും രാജ്യം അതാഗ്രഹിക്കുന്നില്ലെന്നും വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജാറുല്ല കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അതിനിടെ ഫെബ്രുവരി 14ന് കുവൈത്ത് പാര്‍ലമെന്റില്‍ വിഷയത്തില്‍ പ്രത്യേക ചര്‍ച്ച നടക്കും. വിഷയത്തില്‍ വിദേശകാര്യ കമ്മിറ്റി ചെയര്‍മാന്‍ അലി അല്‍ ദഖ്ബസി എം.പി ഇറാഖി പാര്‍ലമെന്റംഗങ്ങളെ നിശിതമായി വിമര്‍ശിച്ചു. ഞങ്ങളെ കുറ്റപ്പെടുത്തുന്നതിന് പകരം നിങ്ങള്‍ ഇറാനുമായി അതിര്‍ത്തിപങ്കിടുന്ന ഭാഗങ്ങളിലാണ് പരിശോധന നടത്തേണ്ടതെന്നും കുവൈത്ത് കൈയേറ്റക്കാരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത പാര്‍ലമെന്റ് സെഷനില്‍ ഈ വിഷയം ചര്‍ച്ചചെയ്യാന്‍ ഒരുമണിക്കൂര്‍ നീക്കിവെക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ പരമാധികാരവും അതിരുകളും സംരക്ഷിക്കാന്‍ അതിര്‍ത്തിയില്‍ സൈനിക ജാഗ്രത പുലര്‍ത്തണമെന്ന് അസ്‌കര്‍ അല്‍ ഇന്‍സി എം.പി ആവശ്യപ്പെട്ടു.