കുവൈത്തിലെ ബാങ്കുകള്‍ ഹാക്ക് ചെയ്തു എന്ന പ്രചാരണം സത്യവിരുദ്ധമെന്ന്

Posted on: February 9, 2017 7:34 pm | Last updated: February 9, 2017 at 7:34 pm
SHARE

കുവൈത്ത് സിറ്റി: കുവൈത്ത് കമേഴ്‌സ്യല്‍ ബാങ്ക് , നാഷണല്‍ ബാങ്ക് എന്നിവയില്‍ ഹാക്കര്‍മാരുടെ ആക്രമണമുണ്ടായതായ റിപ്പോര്‍ട്ട് കുവൈത്ത് ബാങ്കിങ് അസോസിയേഷന്‍ നിഷേധിച്ചു. അന്താരാഷ്ട്ര ബന്ധമുള്ള ഹാക്കര്‍മാരുടെ ആക്രമണത്തില്‍ നിരവധി ഇടപാടുകാര്‍ക്ക് പണം നഷ്ടപ്പെട്ടതായി സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ലോകോത്തര നിലവാരമുള്ള സുരക്ഷാക്രമീകരണമാണ് കുവൈത്തിലെ ബാങ്കുകളിലുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച വൈകീട്ട് വാട്‌സ്ആപ്പിലൂടെ പ്രചരിച്ച വാര്‍ത്ത ഒട്ടേറെ പേരെ സംഭീതരാക്കിയിരുന്നു.. മൊബൈല്‍ ആപ്‌ളിക്കേഷനിലൂടെ സാമ്പത്തികയിടപാട് നടത്തിയവരുടെ അക്കൗണ്ടില്‍നിന്നാണ് ഹാക്കര്‍മാര്‍ പണം തട്ടിയതെന്നാണ് പ്രചരിപ്പിക്കപ്പെട്ട വാര്‍ത്ത.
ബുധനാഴ്ച വൈകീട്ട് വ്യാപകമായ സുരക്ഷാപരിശോധനകള്‍ അരങ്ങേറിയത് ജനങ്ങളുടെ സംശയം ഇരട്ടിയാക്കി. മുഴുവന്‍ വാഹനങ്ങളും തടഞ്ഞുനിര്‍ത്തി വ്യാപകമായ പരിശോധനയാണ് ഇന്നലെ നടന്നത്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ കുവൈത്തില്‍ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് വന്‍തോതില്‍ പണം നഷ്ടപ്പെട്ടതായാണ് പ്രചാരണം.

അധികൃതര്‍ ഈ വാര്‍ത്ത നിഷേധിക്കുന്നുവെങ്കിലും ആളുകളുടെ ആശങ്ക പൂര്‍ണ്ണമായും മാറിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here