ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ സേനയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്ന് മുഖ്യമന്ത്രി

Posted on: February 9, 2017 7:14 pm | Last updated: February 10, 2017 at 10:21 am

തിരുവനന്തപുരം: ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ സേനയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിന് തീരദേശസംരക്ഷണവും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്നും ഇതിന്റെ ഭാഗമായി എട്ട് തീരദേശ പൊലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 600 കിലോമീറ്ററോളം നീളമുള്ള തീരപ്രദേശമാണ് കേരളത്തിനുള്ളത്. അതുകൊണ്ടുതന്നെ, ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിന് തീരദേശസംരക്ഷണവും ജാഗ്രതയും അത്യന്താപേക്ഷിതമാണ്. ഇതിന്റെ ഭാഗമായി എട്ട് തീരദേശ പൊലീസ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമാക്കും.

ഈ എട്ടു സ്‌റ്റേഷനുകളിലേക്കുമായി ഓരോ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 25 വീതം എഎസ്‌ഐ/സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍/സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, ഓരോ െ്രെഡവര്‍മാര്‍ എന്നിങ്ങനെ 29 വീതം തസ്തികകള്‍ പുതിയതായി സൃഷ്ടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്‌റ്റേഷനുകള്‍ക്ക് നിരീക്ഷണത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി ബോട്ടുകള്‍ വാടകയ്‌ക്കെടുക്കാന്‍ അനുമതിയും നല്‍കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.