കോടതിയലക്ഷ്യം: ഹൈക്കോടതി ജഡ്ജിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

Posted on: February 9, 2017 12:12 pm | Last updated: February 9, 2017 at 12:12 pm
SHARE

ന്യൂഡല്‍ഹി: ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യമായി സിറ്റിംഗ് ഹൈക്കോടതി ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ്. കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എസ് കര്‍ണനോട് ഈ മാസം 13ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ അധ്യക്ഷനായ ഏഴംഗ ബഞ്ചിന്റെതാണ് സുപ്രധാനമായ തീരുമാനം. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കെ കൗളിനും മറ്റു ജഡ്ജിമാര്‍ക്കുമെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ച നടപടിയെ തുടര്‍ന്നാണ് ജസ്റ്റിസ് കര്‍ണനെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ കേസ് എടുത്തത്.
സുപ്രീം കോടതിക്ക് മുമ്പാകെ നേരിട്ട് ഹജരാകുന്നത് വരെ ഹൈക്കോടതിയില്‍ കേസുകള്‍ പരിഗണിക്കുകയോ ഭരണപരമായ ചുമതലകള്‍ നിറവേറ്റുകയോ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും സുപ്രീം കോടതി നോട്ടീസില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഇപ്പോള്‍ ഇദ്ദേഹം പരിഗണിച്ചുകൊണ്ടിരിക്കുന്ന കേസുകളുടെ ഫയലുകള്‍ ഹൈക്കോടതിയില്‍ തിരകെ എല്‍പ്പിക്കണമെന്നും ജഡ്ജി എന്ന നിലയിലുള്ള മുഴുവന്‍ ഉത്തരവാദിത്വങ്ങളില്‍ നിന്നും പിന്‍മാറണമെന്നും നോട്ടീസിലുണ്ട്. ചീഫ് ജസ്റ്റിസ് അടക്കമുള്ള ഏഴംഗ ബഞ്ചായിരിക്കും ഈ കേസ് പരിഗണിക്കുക. അതേസമയം, സംഭവത്തില്‍ കര്‍ണന്റെ വാദം വിശദമായി കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വിവിധ സമയങ്ങളിലായി കോടതിയിലെ ജഡ്ജിമാര്‍ക്കെതിരെ ഇദ്ദേഹം ആരോപണവുമായി രംഗത്തെത്തിയിരുന്നു. 2015ലാണ് കേസിനാസ്പദമായ പ്രധാന സംഭവം. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൗളിനെതിരെ ആരോപണവുമായി രംഗത്തുവന്നത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. തന്റെ ജോലികളില്‍ കൗള്‍ അനാവശ്യമായി ഇടപെടുന്നെന്നും താന്‍ ദലിത് വിഭാഗത്തില്‍ നിന്ന് വരുന്നതിനാലാണ് ഇത്തരമൊരു വിവേചനം നേരിടേണ്ടി വരുന്നതെന്നുമായിരുന്നു അദ്ദേഹം ആരോപിച്ചിരുന്നത്. മറ്റൊരു ജഡ്ജി വ്യാജ വിദ്യാഭ്യാസ രേഖകള്‍ ചമച്ചുവെന്നും കര്‍ണന്‍ ആരോപിച്ചിരുന്നു. ആരോപണങ്ങളെ തുടര്‍ന്ന് കര്‍ണനെ സുപ്രീം കോടതി കൊല്‍ക്കത്തയിലേക്ക് സ്ഥലം മാറ്റി. എന്നാല്‍, കൊല്‍ക്കത്തയിലേക്ക് തന്നെ സ്ഥലം മാറ്റിയ സുപ്രീം കോടതി കൊളീജിയത്തിന്റെ ഉത്തരവ് സ്വമേധയാ സ്റ്റേ ചെയ്ത് നല്‍കാനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ജഡ്ജിയായ കര്‍ണന്‍ ആവശ്യപ്പെടുകയായിരുന്നു. സ്ഥലംമാറ്റ ഉത്തരവിന്റെ പകര്‍പ്പ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിയമമന്ത്രിക്കും ദേശീയ പട്ടിക ജാതി കമ്മീഷനും അയക്കാന്‍ സുപ്രീം കോടതിയോട് നിര്‍ദേശിച്ചിരുന്നു.
കൂടാതെ 2011ല്‍ മദ്രാസ് ഹൈക്കോടതിയിലെ തന്റെ ചേംബറില്‍ വെച്ച് മദ്രാസ് ഹൈക്കോടതിയില്‍ ജാതി വിവേചനം നിലനില്‍ക്കുന്നുണ്ടെന്നും ഹൈക്കോടതിയിലെ നാലഞ്ച് ജഡ്ജിമാര്‍ തന്നെ അപമാനിച്ചതായും കര്‍ണന്‍ ആരോപണം ഉന്നയിച്ചിരുന്നു. 2014 ജനുവരിയില്‍ മദ്രാസ് ഹൈക്കോടതിയില്‍ ജസ്റ്റിസുമാരായ വി ധനപാലനും കെ കെ ശശിധരനും അഡീഷണല്‍ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഒരു കേസില്‍ വാദം കേട്ടുകൊണ്ടിരിക്കെ ജസ്റ്റിസ് കര്‍ണന്‍ ചേംബറിലേക്ക് കടന്നുചെന്ന് അഡീഷണല്‍ ജഡ്ജിമാരുടെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചും വിവാദത്തിലെത്തിയിരുന്നു. മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ കെ അഗര്‍വാളിനെതിരെ ജസ്റ്റിസ് കര്‍ണന്‍ ദേശീയ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു. ജസ്റ്റിസ് കര്‍ണന്‍ തന്റെ ചേംബറിലെത്തി തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതായും തന്നെ ഭീഷണിപ്പെടുത്തിയതായും ചൂണ്ടിക്കാട്ടി അഗര്‍വാള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതുകയും ചെയ്തു. പുരുഷനും സ്ത്രീയും പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ അവരെ ഭാര്യയും ഭര്‍ത്താവുമായി പരിഗണിക്കാമെന്ന് വിധി പുറപ്പപ്പെടുവിച്ചത് കര്‍ണനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here