ഫിലിപ് ലാം ബൂട്ടഴിക്കുന്നു

Posted on: February 9, 2017 11:58 am | Last updated: February 9, 2017 at 11:58 am
SHARE

മ്യൂണിക്: പതിനേഴ് വര്‍ഷം നീണ്ട ക്ലബ്ബ് കരിയറിന് സീസണോടെ അന്ത്യമിടുമെന്ന് ബയേണ്‍ മ്യൂണിക് ക്യാപ്റ്റന്‍ ഫിലിപ് ലാം. ജര്‍മന്‍ കപ്പ് മത്സരശേഷമാണ് ഫിലിപ് ലാം പ്ലെയിംഗ് കരിയറിന് പൂര്‍ണ വിരാമമിടുന്നത് സംബന്ധിച്ച് വ്യക്തത നല്‍കിയത്. എന്നാല്‍, ലാമിന്റെ തീരുമാനം അതിശയിപ്പിക്കുന്നതായെന്ന് ക്ലബ്ബ് ചെയര്‍മാന്‍ കാള്‍ ഹെയിന്‍സ് റുമിനിഗെ പ്രതികരിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഉലി ഹോയിനെസുമായി ലാമിന്റെ കാര്യം കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. വിരമിക്കുവാനുള്ള ലാമിന്റെ താത്പര്യം ക്ലബ്ബ് പരിഗണിക്കവെയാണ് താരം പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന് റുമിനിഗെ പറഞ്ഞു. ഇതുപോലുള്ള വലിയ തീരുമാനങ്ങള്‍ ഒരുമിച്ച് കൈക്കൊള്ളേണ്ടതായിരുന്നുവെന്ന അഭിപ്രായവ്യത്യാസം ക്ലബ്ബ് ചെയര്‍മാനുണ്ട്. 2014 ലോകകപ്പിന് ശേഷം ഫിലിപ് ലാം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചിരുന്നു.
ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കിന്റെ ലെഫ്റ്റ് ബാക്കായ ഫിലിപ് ലാം ക്ലബ്ബിനായി 501 മത്സരങ്ങള്‍ക്കിറങ്ങി. ജര്‍മന്‍ കപ്പില്‍ വോള്‍സ്ബര്‍ഗിനെതിരെ ജയിച്ചതിന് ശേഷമാണ് ലാം തന്റെ വിരമിക്കല്‍ പദ്ധതി വെളിപ്പെടുത്തിയത്.
സീസണ്‍ അവസാനിക്കുന്നത് വരെ എന്റെ നേതൃശൈലിയും ഏറ്റവും മികച്ച പ്രകടനവും ഓരോ ദിനവും ബയേണിനായി നല്‍കും. എന്നാല്‍, സീസണിനപ്പുറത്തേക്ക് ഒരു കരിയറിനുള്ള സാധ്യതയില്ല – ലാം പറഞ്ഞു.
ബയേണ്‍ മ്യൂണിക്കുമായി ഒരു വര്‍ഷം കൂടി കരാര്‍ അവശേഷിക്കെയാണ് ഫിലിപ് ലാം കരിയര്‍ അവസാനിപ്പിക്കുന്നത്. ക്ലബ്ബില്‍ അവസരമുണ്ടെങ്കിലും പിന്‍മാറാന്‍ സമയം ആയെന്ന് മനസ് പറയുന്നു. അത് സ്വയം ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇത്രയും കാലം. ഇനിയും തുടരുക പ്രയാസമാണെന്നും ലാം.
ബയേണിന്റെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്നു വന്ന ലാം 2002 ല്‍ സീനിയര്‍ ടീമിലെത്തി. ഏഴ് ബുണ്ടസ് ലിഗ കിരീടങ്ങള്‍ നേടി. യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടത്തിലും പങ്കാളിയായി.