ഇന്ത്യക്കാര്‍ക്ക് വെല്ലുവിളിയായി യു എസില്‍ പുതിയ ബില്ല്

Posted on: February 9, 2017 11:53 am | Last updated: February 9, 2017 at 11:53 am

വാഷിംഗ്ടണ്‍: ഇന്ത്യന്‍ പ്രവാസികളെ ദുരിതത്തിലാക്കുന്ന പുതിയ കുടിയേറ്റ ബില്ലിന് അമേരിക്കയില്‍ ശ്രമം നടക്കുന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ നിയമപരമായ കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി കുറക്കാനുള്ള നിയമം രണ്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ സഭയില്‍ അവതരിപ്പിച്ചത്. കുടിയേറ്റ നിയമം പരിഷ്‌കരിച്ച് ഘട്ടംഘട്ടമായി വിദേശികളെ തിരിച്ചയക്കാനുള്ള ശ്രമമാണ് ട്രംപ് ഭരണകൂടം നടത്തുന്നത്. പത്ത് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷത്തിലേക്ക് നിയമവിധേയ കുടിയേറ്റക്കാരുടെ എണ്ണം വെട്ടിക്കുറക്കലാണ് പുതിയ നിയമം ലക്ഷ്യംവെക്കുന്നത്. അമേരിക്കയില്‍ ജീവിക്കുന്ന ഒരുലക്ഷം വരുന്ന ഇന്ത്യക്കാരെയാണ് നിയമം ബാധിക്കുക. അതേസമയം, വിദഗ്ധ തൊഴിലാളികള്‍ക്കുള്ള എച്ച് 1ബി വിസകളെ കുറിച്ച് ബില്ലില്‍ പരാമര്‍ശിക്കുന്നില്ല. ടോം കോട്ടണ്‍, ഡേവിഡ് പെര്‍ഡ്യു എന്നിവരാണ് ബില്‍ അവതരിപ്പിച്ചത്.
അമേരിക്കയില്‍ സ്ഥിര പൗരത്വമുള്ള നല്ലൊരു വിഭാഗം ഇന്ത്യക്കാരെയും ഗ്രീന്‍ കാര്‍ഡ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ നിയമം തിരിച്ചടിയാകും. അനധികൃത കുടിയേറ്റക്കാര്‍ക്കും തൊഴില്‍ വിസയില്‍ രാജ്യത്തെത്തുന്നവര്‍ക്കുമെതിരായ നിയമവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് നിയമപര കുടിയേറ്റക്കാരെ പുറത്താക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമം. കടുത്ത കുടിയേറ്റ, മുസ്‌ലിംവിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തി അധികാരത്തിലേറിയ ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ച നടത്തിയ കുടിയേറ്റവിരുദ്ധ പ്രഖ്യാപനം വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. നിയമപരവും നിയമവിരുദ്ധവുമായ കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് വിലക്കണമെന്നാണ് ട്രംപ് ഭരണകൂടം ആവശ്യപ്പെടുന്നത്. ട്രംപുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കോട്ടണും പെര്‍ഡ്യൂവും ബില്‍ അവതരിപ്പിച്ചതെന്ന് യു എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ബില്ലിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ രംഗത്തെത്തി. യു എസ് കോണ്‍ഗ്രസിലെ ഒരു വിഭാഗം സെനറ്റര്‍മാരും ബില്ലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഡെമോക്രാറ്റിക് സെനറ്റര്‍മാരുടെ കൂടി പിന്തുണയുണ്ടായാല്‍ മാത്രമെ ബില്ല് നിയമമാകുകയുള്ളു.
പുതിയ ബില്ലിനെ താന്‍ ശക്തമായി പ്രതികൂലിക്കുന്നുവെന്നും റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ മാക്‌കെയ്ന്‍ വ്യക്തമാക്കി. തെറ്റായതും അയുക്തവുമായ നിയമമാണ് ഡെമോക്രാറ്റിക് സെനറ്റര്‍ ജിയാന്നെ ശഹീന്‍ വ്യക്തമാക്കി. രാജ്യത്തിന് കനത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നതാകും പുതിയ നിയമമെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.