സ്വന്തം കുഞ്ഞിനെ തിരിച്ചു കിട്ടാന്‍ മാതാപിതാക്കള്‍ നിയമ നടപടിക്ക്

Posted on: February 9, 2017 11:47 am | Last updated: February 9, 2017 at 11:47 am
SHARE

കാസര്‍കോട്: പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കുഞ്ഞിനെ അധികൃതര്‍ തട്ടിയെടുത്ത് അനാഥാലയത്തില്‍ പാര്‍പ്പിച്ച അധികൃതര്‍ക്കെതിരെ മാതാപിതാക്കള്‍ നിയമയുദ്ധത്തിലേക്ക്. ചെറുവത്തൂര്‍ കണ്ണങ്കൈ പൊള്ളയില്‍ വീട്ടില്‍ രാമചന്ദ്രനും ഭാര്യ ഉഷയുമാണ് തങ്ങളുടെ കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ നിയമപോരാട്ടം നടത്തുന്നത്. കുഞ്ഞിനെ വില കൊടുത്ത് വാങ്ങിയതാണെന്ന് ആരോപിച്ചാണ് പോലീസ് ഏറ്റെടുത്ത് അനാഥാലയത്തിലാക്കിയത്. ആശുപത്രി രേഖകളടക്കം ഹാജരാക്കിയിട്ടും അധികൃതര്‍ കനിയുന്നില്ലെന്ന് സങ്കടത്തോടെ ഇവര്‍ പറയുന്നു. പല അധികാരകേന്ദ്രങ്ങളിലും പരാതി നല്‍കിയിട്ടും ഫലമില്ലെന്ന് വന്നതോടെ ഏറ്റവുമൊടുവില്‍ രാമചന്ദ്രന്‍ നീതി തേടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.
പരാതി സ്വീകരിച്ച മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണവും ആരംഭിച്ചു. ജില്ലാ പോലീസ് സൂപ്രണ്ടിനോടും കേസന്വേഷിച്ച വനിതാ പോലീസ് ഇന്‍സ്‌പെക്ടറോടും മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
2016 നവംബര്‍ 15നാണ് ചന്തേര പോലീസ് രാമചന്ദ്രനെയും ഉഷയെയും കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ വാങ്ങിക്കൊണ്ടുവന്നു എന്നതായിരുന്നു ഇവര്‍ക്കെതിരായ പരാതി. പ്രസവാനന്തര ചികിത്സക്ക് പയ്യന്നൂര്‍ ആശുപത്രിയിലേക്ക് പോകാനിരിക്കെയാണ് ഇരുവരും കസ്റ്റഡിയിലായത്. കുഞ്ഞിനിപ്പോള്‍ പ്രായം 29 ദിവസം മാത്രമായിരുന്നു. കുഞ്ഞിനെ ദമ്പതികളില്‍ നിന്നും പിടിച്ചെടുത്ത് പട്ടുവം ജുവനൈല്‍ ഹോമിലാക്കി. ഉഷയെ പരിശോധിച്ച ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് അവര്‍ പ്രസവിച്ചില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ കുട്ടിയെ ഉഷ പ്രസവിച്ചതാണെന്ന് പയ്യന്നൂര്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും അവര്‍ ഹാജരാക്കി. കൂലിപ്പണിക്കാരായ തങ്ങള്‍ക്ക് കുഞ്ഞിനെ വിലകൊടുത്ത് വാങ്ങാനുള്ള ശേഷിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ ഹാജരായ രാമചന്ദ്രന്‍ ബോധിപ്പിച്ചു.
പയ്യന്നൂര്‍ ആശുപത്രിയില്‍ കൃത്രിമ ഗര്‍ഭധാരണ ചികിത്സ നടത്തിയാണ് ഉഷ ഗര്‍ഭിണിയായത്. അത് വിജയിക്കുമെന്ന് ഉറപ്പില്ലായിരുന്നു. അതുകൊണ്ട് ആരോടും പറഞ്ഞിരുന്നില്ലെന്നും രാമചന്ദ്രന്‍ പറഞ്ഞു. 2016 ഒക്ടോബര്‍ 15നാണ് ഉഷ പ്രസവിച്ചത്. മാസം തികയാതെയുള്ള പ്രസവമായതിനാല്‍, കുറച്ച് ദിവസം കൂടി ആശുപത്രിയില്‍ തങ്ങേണ്ടിവന്നു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിനെ വാങ്ങിയെന്ന ആരോപണവും തുടര്‍ നടപടികളുമുണ്ടായത്.