Connect with us

Kerala

ലോ അക്കാദമി ഭൂമി ഏറ്റെടുക്കുന്നതിന്റെ നിയമസാധുത പരിശോധിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച് ലോ അക്കാദമി ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാന്റീനും ബേങ്കും ഒഴിപ്പിക്കും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ജില്ലാ കലക്ടര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. ഭൂമിയുടെ രജിസ്‌ട്രേഷന്‍ രേഖകള്‍ പരിശോധിക്കണമെന്ന ശിപാര്‍ശ പരിഗണിച്ച് റവന്യൂമന്ത്രി ഇത് സംബന്ധിച്ച ഫയല്‍ രജിസ്‌ട്രേഷന്‍ മന്ത്രി ജി സുധാകരന് കൈമാറി. ലോ അക്കാദമിയുടെ കൈവശമുള്ള അധിക ഭൂമി ഏറ്റെടുക്കണമെന്നും ക്യാന്റീനും ബേങ്കും ഏറ്റെടുക്കണമെന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന്റെ നിയമസാധുത പരിശോധിക്കാന്‍ നിയമ വകുപ്പിനോടും ആവശ്യപ്പെട്ടു.
രജിസ്‌ട്രേഷന്റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ ഫയല്‍ മന്ത്രി ജി സുധാകരന് നല്‍കിയതായും ക്യാന്റീനും കവാടവും ഒഴിപ്പിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ലോ അക്കാദമിയില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ എസ് വെങ്കിടേസപതി നല്‍കിയ റിപ്പോര്‍ട്ട് ശരിവെച്ചാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍ അന്തിമ റിപ്പോര്‍ട്ട് കൈമാറിയത്. അധിക ഭൂമി കെ എല്‍ എ ആക്ടിലെ റൂള്‍ 8 (3) പ്രകാരം ഭൂമി ഏറ്റെടുക്കണമെന്നാണ് നിര്‍ദേശം.
നാല് നിര്‍ദേശങ്ങളാണ് പ്രധാനമായി റിപ്പോര്‍ട്ടിലുള്ളത്. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കുന്ന ഭൂമിക്ക് പുറമെ അഞ്ച് ഏക്കര്‍ ഭൂമി മാനേജ്‌മെന്റ് കൈവശം വെച്ചിട്ടുണ്ട്. ഇത് തിരിച്ചുപിടിക്കണം. അക്കാദമിയുടേതായി നിര്‍മിച്ച മെയിന്‍ ഗേറ്റും റോഡും പുറമ്പോക്കിലായതിനാല്‍ ഇത് പിടിച്ചെടുക്കണം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിക്കണം. ലോ അക്കാദമി മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ബേങ്കും ഹോട്ടലും പ്രവര്‍ത്തിക്കുന്നത്. ഇത് കലക്ടര്‍ പിടിച്ചെടുക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, ബേങ്ക് എന്നിവ ഒഴിപ്പിക്കണം. കെട്ടിടങ്ങള്‍ കലക്ടര്‍ കസ്റ്റഡിയിലെടുക്കണമെന്നും ശിപാര്‍ശ ചെയ്തിരുന്നു.
അക്കാദമിക്ക് അവകാശമില്ലാത്ത 28 സെന്റ് പുറമ്പോക്ക് ഭൂമിയിലാണ് അക്കാദമിയിലേക്കുള്ള വലിയ കവാടവും മതിലും പണിതിരിക്കുന്നത്. കാന്റീന്‍ പ്രവര്‍ത്തനവും മതില്‍ നിര്‍മിച്ചതും കരാര്‍ വ്യവസ്ഥാലംഘനത്തിന്റെ പരിധിയില്‍ വരുന്നതാണ്. കാന്റീന്‍ ഒഴിപ്പിച്ച് മതിലും കവാടവും പൊളിക്കണം. 2001ല്‍ 10 സെന്റില്‍ നിര്‍മിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാന്റീന്‍ പുറത്തുനിന്നുള്ളര്‍ക്ക് പ്രവേശനം അനുവദിക്കുന്ന ഹോട്ടലായി മാറി. ഇത് ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലെന്നാണ് അക്കാദമിയുടെ വിശദീകരണം. താഴെ ഹോട്ടലിനോട് ചേര്‍ന്നാണ് സംസ്ഥാന സഹകരണ ബേങ്ക് ശാഖ. ഇതു രണ്ടും വിദ്യാഭ്യാസ ആവശ്യത്തില്‍ ഉള്‍പ്പെടുന്നില്ല. ഇവക്കെല്ലാം കൂടി അഞ്ചേക്കറില്‍ താഴെ ഭൂമിയേ വിനിയോഗിച്ചിട്ടൂള്ളൂ.
സൊസൈറ്റിയുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച നിയമവശങ്ങളും രൂപവത്കരണ സമയത്തെ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടോ എന്നതും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ രജിസ്ട്രാറെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
പുന്നന്‍ റോഡില്‍ ലോ അക്കാദമി റിസര്‍ച്ച് സെന്റര്‍ നിലനില്‍ക്കുന്ന ഭൂമി സ്വകാര്യ വ്യക്തിയില്‍നിന്ന് സൊസൈറ്റി വിലയ്ക്കു വാങ്ങിയതാണെന്നും അതിന്റെ പൂര്‍ണ അവകാശം സൊസൈറ്റിക്കാണെന്നുമാണ് റിപോര്‍ട്ടിലെ കണ്ടെത്തല്‍. 11.49 ഏക്കര്‍ സ്ഥലമാണ് 1968 ല്‍ ലോ അക്കാദമിക്ക് പാട്ടത്തിന് നല്‍കിയത്. 1985 ല്‍ ഇത് അക്കാദമിക്കു പതിച്ചുനല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
ക്ലാസ് മുറികളും അധ്യാപകരുടെ മുറികളും ഓഫീസുകളും അടങ്ങുന്ന പ്രധാന കെട്ടിടം, പി ജി ക്ലാസ് മുറികളുടെ കെട്ടിടം, 120 പെണ്‍കുട്ടികള്‍ക്ക് താമസിക്കാവുന്ന ഹോസ്റ്റലും അനക്‌സും, 200 പേര്‍ക്ക് ഒരുമിച്ച് ഇരിക്കാവുന്ന ലൈബ്രറി, മൂട്ട്‌കോര്‍ട്ട് അടക്കം നടത്താവുന്ന രണ്ട് സെമിനാര്‍ ഹാളുകള്‍, ഒരു തുറന്ന ഓഡിറ്റോറിയം, അഞ്ച് ക്വാര്‍ട്ടേഴ്‌സുകള്‍, 120 പേര്‍ക്ക് ഇരിക്കാവുന്ന ഹോട്ടല്‍, വിവിധോദ്ദേശ സ്റ്റേഡിയം എന്നിവയാണുള്ളത്.