ശൈഖ് രിഫാഈ: ആത്മജ്ഞാനികളുടെ ചക്രവര്‍ത്തി

Posted on: February 9, 2017 11:37 am | Last updated: February 9, 2017 at 11:37 am
SHARE

ആരിഫീങ്ങളുടെ സുല്‍ത്വാന്‍ എന്ന അപരനാമത്തില്‍ വിശ്വവിഖ്യാതരാണ് ശൈഖ് രിഫാഈ തങ്ങള്‍. ജ്ഞാന സാഗരത്തിലൂടെയുള്ള ദീര്‍ഘ പ്രയാണത്തിലൂടെ യാഥാര്‍ഥ്യങ്ങള്‍ കണ്ടെത്തി ഹിജ്‌റ ആറാം നൂറ്റാണ്ടിലെ വിജ്ഞാന ഗോപുരമായി, മാര്‍ഗദര്‍ശിയായി ലോകത്തിന് ആത്മീയ വെളിച്ചം പകര്‍ന്നവരാണ് ശൈഖ് അഹ്മദുല്‍ കബീറുല്‍ രിഫാഈ (റ) (ഹിജ്‌റ 512-578). ഇത്തരം ഗുരുവര്യരിലൂടെയാണ് ലോക മുസ്‌ലിംകള്‍ വിശ്വാസപരമായി കാരുത്താര്‍ജിച്ചതും കര്‍മോത്‌സുകത നേടിയതും വൈജ്ഞാനിക മുന്നേറ്റം നടത്തിയതും. ആധ്യാത്മിക തുടിപ്പുകള്‍ ലോകത്ത് ഇന്നെവിടെയൊക്കെ നിലനില്‍ക്കുന്നുണ്ടെങ്കിലും അത് ഇത്തരം താവഴികളിലൂടെയാണ്. ഇവരുടെ സന്ദേശങ്ങളും ദര്‍ശനങ്ങളും ശിരസ്സാവഹിക്കുകയും പിന്മുറക്കാര്‍ക്ക് കൈമാറുകയും ചെയ്തവരാണ് ഇന്നേ വരേ ജീവിച്ച ആത്മീയ നേതാക്കളും ഗുരുവര്യരും. ലോകമെമ്പാടും ഈ കൈവഴികളിലൂടെ ജ്ഞാന പ്രസരണം ഇന്നും തുടരുന്നു. സ്രഷ്ടാവിനോട് മാത്രമല്ല, സൃഷ്ടികളോടുള്ള കടപ്പാടുകളും ബാധ്യതകളും പരമാവധി നിര്‍വഹിച്ച് ഇലാഹീ പ്രീതി നേടുക വഴി ആത്മീയതയുടെ ഉത്തുംഗതയില്‍ എത്തുകയായിരുന്നു മഹാന്‍. ഭയഭക്തി, വിട്ടുവീഴ്ച്ച, ക്ഷമ, ത്യാഗബോധം, സമസൃഷ്ടി സ്‌നേഹം, ഔദാര്യം, വിശാലമനസ്‌കത തുടങ്ങിയ സര്‍വസല്‍ഗുണങ്ങളും മേളിച്ചപ്പോള്‍ ശൈഖ് അവര്‍കളില്‍ നിന്ന് ലോകം അത്ഭുതങ്ങള്‍ ദര്‍ശിക്കുകയായിരുന്നു. ‘സത്കര്‍മങ്ങളിലൂടെ മനുഷ്യന്‍ എന്നിലേക്ക് അടുത്ത് കൊണ്ടിരിക്കും. അവന്റെ കൈകാലുകളും കണ്ണും ചെവിയുമെല്ലാം ഞാന്‍ ആയിത്തീരും എന്ന ഖുദ്‌സിയ്യായ ഹദീസ് നിര്‍വചിക്കും പോലെ പാപ രഹിതവും ആരാധനാനിമഗ്നവുമായ ജീവിതം നയിച്ചപ്പോള്‍ അസാധാരണ സംഭവങ്ങള്‍ അവരിലൂടെ പ്രകടമായി. അന്ത്യപ്രവാചകര്‍ (സ)ക്ക് റൗളാ ശരീഫില്‍ വെച്ച് മുസാഫഹത്ത് (ഹസ്തദാനം) ചെയ്യാന്‍ മാത്രം ആ കരങ്ങളുടെ വിശുദ്ധി പവിത്രമായി. താങ്കളുടെ തലമുറ ഖിയാമത്ത് നാള്‍ വരെ നിലനില്‍ക്കുമെന്ന് തിരു സന്നിധിയില്‍ വെച്ച് കേള്‍ക്കാനിടയായി. അധര്‍മികളോടും അസാന്മാര്‍ഗികളോടും സഹിഷ്ണുതയും പ്രതികാരത്തിന് പകരം ഉപകാരവും ചെയ്തപ്പോള്‍ നിരവധി പേര്‍ ആ മഹാ മനസ്‌കത കണ്ട് സത്യമാര്‍ഗം അവലംബിക്കുകയായിരുന്നു. ഉത്കൃഷ്ട സ്വഭാവം ഒന്ന് കൊണ്ട് മാത്രം ഒട്ടേറെ അവിശ്വാസികള്‍ സത്യപ്രസ്ഥാനത്തിന്റെ വക്താക്കളും പ്രചാരകരുമായി മാറി. തന്നെ അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തവരോട് പോലും സ്‌നേഹവായ്‌പ്പോടെ പെരുമാറിയപ്പോള്‍ അവരുടെ മനസ്സുമാറി സത്യമാര്‍ഗം സ്വീകരിച്ചു. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കാന്‍ ഖുര്‍ആന്‍ പറഞ്ഞ കൂട്ടത്തില്‍ പക്ഷേ, ക്ഷമാശീലര്‍ക്കും സൗഭാഗ്യവാന്മാര്‍ക്കുമല്ലാതെ ഇത് സധ്യമല്ലെന്ന് കൂടി വ്യക്തമാകുന്നുണ്ടല്ലോ. (ഫുസ്സിലത്ത്-34,35).
തിരു നബി(സ)യുടെ സ്വഭാവ മഹിമ തന്റെ ജീവിതത്തിലുടനീളം ദൃശ്യമായി. ശൈഖ് മകിയ്യുല്‍ വാസിത്വി (റ) പറയുന്നു. ഇറാഖിലെ ഉമ്മു അബീദ പ്രദേശത്ത് ഞാന്‍ ഒരു രാത്രി ശൈഖ് രിഫാഈ തങ്ങള്‍ക്കൊപ്പം കഴിഞ്ഞു. ആ ഒരൊറ്റ രാത്രിയില്‍ മാത്രം തിരുനബി (സ)യുടെ മഹിത സ്വഭാവങ്ങളില്‍ പെട്ട നാല്‍പതോളം എണ്ണം ശൈഖ് രിഫാഈ തങ്ങളില്‍ ഞാന്‍ കണ്ടു. മുഹമ്മദ്ബ്‌നുല്‍ മുന്‍കദിര്‍ (റ) ഒരിക്കല്‍ ശൈഖ് അവര്‍കളോട് ചോദിച്ചു. അങ്ങ് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണ്? അദ്ദേഹത്തിന്റെ മറുപടി സൃഷ്ടികള്‍ക്ക് സന്തോഷം പകരലാണ് എനിക്കേറ്റവും ഇഷ്ടം എന്നായിരുന്നു.സ്‌നേഹ വാത്‌സല്യങ്ങള്‍ ഒരു മനുഷ്യനെ സ്രഷ്ടാവിന്റെ സമീപസ്തനാക്കുമെന്ന് അവിടുന്ന് പറയുമായിരുന്നു. മനുഷ്യരോട് മാത്രമല്ല നായ, പൂച്ച തുടങ്ങിയ മനുഷ്യേതര ജീവജാലങ്ങളോടും അവിടുന്ന് കാണിച്ച ദയാവായ്പിനും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങള്‍ കാണാം. കരുണ കാണിക്കാത്തവന് ഇലാഹീ കാരുണ്യവും ലഭ്യമല്ലെന്ന പ്രവാചക വചനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തോട് പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
ശൈഖ് രിഫാഈ തങ്ങളെ പരീക്ഷിക്കാന്‍ വേണ്ടി ബഗ്ദാദിലെ ചില വ്യക്തികള്‍ തീരുമാനിച്ചു. ആ മജ്‌ലിസിലേക്ക് പുറപ്പെട്ടു. ഹദ്‌യ എന്നോണം രണ്ട് മദ്യ പാത്രങ്ങള്‍ കൊണ്ടു പോയിരുന്നു. ശൈഖിന്റെ മുമ്പില്‍ എത്തി അവര്‍ ഹദ്‌യ അവരെ ഏല്‍പിച്ചു. ശൈഖ് അവര്‍കള്‍ അതിന്റെ മൂടി തുറന്നു. കൊണ്ടുവന്നവരോട് തന്നെ അല്‍പം കുടിക്കാന്‍ കല്‍പിച്ചു. വിസമ്മതിച്ചെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങി അവര്‍ കുടിച്ചു. എന്തൊരത്ഭുതം.! നല്ല മധുരമുള്ള തേന്‍. കൂടിയിരുന്ന സദാസ്യരെല്ലാം ആ പാനീയം കുടിച്ചു. പരീക്ഷണാര്‍ഥം വന്ന ആഗതര്‍ ശൈഖ് രിഫാഈ തങ്ങളുടെ ശിഷ്യന്മാരും മുഹിബ്ബീങ്ങളുമായിമാറി. ഇത്തരം നിരവധി കറാമത്തുകളിലൂടെ ധാരാളം പേര്‍ സത്യമാര്‍ഗം അവലംബിച്ചിട്ടുണ്ട്.
ശൈഖ്(റ)വിന്റെ ജനാസ കൊണ്ടുപോകുമ്പോള്‍ പ്രകടമായ അത്ഭുതങ്ങള്‍ മാത്രം കണ്ട് എഴുന്നൂറോളം ജൂതന്‍മാരും ആയിരത്തോളം ക്രിസ്ത്യാനികളും ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. ശൈഖ് രിഫാഈ തങ്ങളുടെ പ്രമുഖ ശിഷ്യനായിരുന്നു ഉമറുല്‍ ഫാറൂസി. പില്‍കാലത്ത് വലിയ പ്രബോധകനും പ്രഭാഷകനുമായിത്തീരുമെന്നും അന്ന് തന്നെ അനുസ്മരിക്കണമെന്നും തന്റെ ശിഷ്യനോട് ശൈഖ് അവര്‍കള്‍ നിര്‍ദേശിച്ചിരുന്നു. കാലങ്ങള്‍ക്ക് ശേഷം ഈ പ്രവചനം പുലരുകയുണ്ടായി. ശൈഖ് ഉമറുല്‍ ഫാറൂസിയുടെ സദസ്സുകളില്‍ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ നിരവധി പേര്‍ സന്നിഹിതരായി. പ്രഭാഷണങ്ങള്‍ക്കിടയില്‍ ശൈഖ് രിഫാഈയെ കുറിച്ച് അനുസ്മരിക്കുകയുണ്ടായി. ഇത് ശ്രവിക്കാന്‍ ഇടയായ ധാരാളം പേര്‍ സത്യദീനിലേക്ക് കടന്നുവന്നു. മരണാനന്തരവും വിശുദ്ധ ആത്മാക്കളുടെ സ്വാധീനം പ്രകടമാവുന്നതിന്ന് സമാനമായ ഒട്ടേറെ ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും. കാര്യങ്ങള്‍ നിയന്ത്രിക്കുന്ന പരിശുദ്ധ ആത്മാക്കളെ തന്നെയാണ് സത്യം (79:5) എന്ന ഖുര്‍ആന്‍ വചനം ഭൗതിക ലോകത്തെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അല്ലാഹുവിന്റെ അനുമതിയോടെ പുണ്യാത്മാക്കള്‍ക്ക് സാധിക്കുമെന്ന സന്ദേശമാണല്ലോ. മിഅ്‌റാജ് രാവില്‍ നബി (സ) മൂസാനബി (അ) യുമായി സംസാരിച്ചതും നിസ്‌കാരത്തിന്റെ വഖ്തുകള്‍ ചുരുക്കാന്‍ വേണ്ടി മൂസാ (അ) ഇടപെട്ടതും ചരിത്ര യാഥാര്‍ഥ്യമാണ്. മഹത്തുക്കള്‍ക്ക് മരണമില്ലെന്ന ഖുര്‍ആന്‍ വചനം സ്മരണീയമാണ്. അമ്പിയാക്കളെ അനുസ്മരിക്കല്‍ ഇബാദത്തും സജ്ജനങ്ങളെ ഓര്‍ക്കല്‍ പാപമോചനത്തിന് കാരണവുമാണ്. ”എന്റെ വലിയ്യിനോട് ഒരാള്‍ ശത്രുത പുലര്‍ത്തിയാല്‍ (അവനോട് യാതൊരു നീക്ക് പോക്കിനും തയ്യാറല്ല) അവനോട് ഞാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു”. ഖുദ്‌സിയ്യായ ഹദീസിലൂടെ അല്ലാഹുവിന്റെ പ്രഖ്യാപനം ആണല്ലോ ഇത്. ആരിഫീങ്ങളായ ഔലിയാക്കളുടെ മഹത്വവും അവരെ അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയും ധിക്കരിക്കുന്നതിന്റെ പ്രത്യാഘാതവും നമ്മെ ഉണര്‍ത്തുകയാണ് പ്രസ്തുത വചനത്തിലൂടെ.
ഹിജ്‌റ 578 ജമാദുല്‍ അവ്വല്‍ 12 ന് ശൈഖ് രിഫാഈ തങ്ങള്‍ ഈ ലോകത്തോട് വിടപറഞ്ഞു. മരണത്തോടടുത്ത സമയത്ത് ശിഷ്യന്മാര്‍ അവസാന ഉപദേശം തേടിയപ്പോള്‍ അവിടുന്ന് പറഞ്ഞത് ‘നന്മചെയ്യുന്നവരിലേക്ക് ആ നന്മ മുന്നിട്ടുവരും. അധര്‍മികള്‍ ഖേദിക്കും’ എന്ന ഇസ്‌റാഅ് സൂറയിലെ ഏഴാം വചനത്തിന്റെ ആശയമായിരുന്നു. മുസ്‌ലിം ലോകം ഇന്നും ആ പാത പിന്തുടരുകയും അവരെ അനുസ്മരിക്കുകയും ചെയ്യുന്നു.