ട്രംപിസത്തിന്റെ പങ്കാളിയാകുന്ന ഇന്ത്യ

ട്രംപ് അധികാരത്തിലെത്തിയതോടെ ഇന്ത്യ അമേരിക്ക ബന്ധങ്ങള്‍ക്ക് തീവ്രത കൂടുകയാണ്. അമേരിക്കയുടെ സൈനികസഖ്യത്തില്‍ ഇന്ത്യയെ തളച്ചിടാന്‍ കഴിയുന്നരീതിയില്‍ നരേന്ദ്ര മോദി സര്‍ക്കാറുമായി അമേരിക്ക പ്രതിരോധബന്ധങ്ങള്‍ ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. അക്ഷരാര്‍ഥത്തില്‍ അമേരിക്കയുടെ പ്രതിരോധ പങ്കാളിയായി ഇന്ത്യയെ മാറ്റിയിരിക്കുകയാണ്. ബി ജെ പി സര്‍ക്കാര്‍ ഇസ്‌റാഈലുമായുള്ള ബന്ധവും ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്. ഭീകരവിരുദ്ധ യുദ്ധത്തിലും പ്രതിരോധ സഹകരണത്തിലും ഇസ്‌റാഈലിനെ സഖ്യശക്തിയായിട്ടാണ് ബി ജെ പിയും ആര്‍ എസ് എസും കാണുന്നത്. അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും ആഗോളതാത്പര്യങ്ങള്‍ക്കനുസൃതമായ ഇന്തോ- ഇസ്‌റാഈല്‍-യു എസ് അച്ചുതണ്ട് രൂപപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
Posted on: February 9, 2017 11:35 am | Last updated: February 9, 2017 at 11:35 am

തീവ്രമാകുന്ന മുതലാളിത്ത പ്രതിസന്ധിയും അത് സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങളും മുതലെടുത്തുകൊണ്ട് കടുത്ത വംശീയവാദിയായ ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ അധികാരത്തിലെത്തിയതോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ഹിന്ദു ത്വവാദികള്‍ വലിയ ആവേശത്തിലാണ്. കടുത്ത മുസ്‌ലിം വിരോധത്തിന്റെയും കുടിയേറ്റ വിരുദ്ധ വംശീയതയുടെയും സ്ത്രീ വിദേ്വഷത്തിന്റെയും പ്രത്യയശാസ്ത്രമാണ് ട്രംപിന്റേത്. അതുതന്നെയാകാം സംഘ്പരിവാര്‍ പങ്കിടുന്നതും അവരെ ട്രംപിന്റെ ആരാധകരാക്കുന്നതും.
സംഘ്പരിവാറിന് ട്രംപിസവുമായി പൊതുലക്ഷ്യം പങ്കിടാം. പക്ഷേ അത് ഇന്ത്യയുടെ പാരമ്പര്യത്തെയും സ്വതന്ത്ര വിദേശനയത്തെയും പരമാധികാരത്തെയും കൈയൊഴിയുന്നതാകുമ്പോള്‍ ജനാധിപത്യവാദികള്‍ക്കും ദേശാഭിമാനികള്‍ക്കും വെറുതെയിരിക്കാനാകില്ല. അത്യന്തം ദേശവിരുദ്ധവും പ്രതിഷേധാര്‍ഹവുമായ നടപടികളാണ് സമീപകാലത്ത് നരേന്ദ്ര മോദി സര്‍ക്കാറില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ഫലസ്തീന്‍ ജനതയുടെ ദേശീയസ്വത്വത്തെ നിഷേധിക്കുന്ന സയണിസ്റ്റുകളുമായുള്ള ഹിന്ദുത്വവാദികളുടെ ബന്ധം കുപ്രസിദ്ധമാണല്ലോ.
ലോകാഭിപ്രായങ്ങളെയും ഐക്യരാഷ്ട്ര രക്ഷാ കൗണ്‍സിലിന്റെ പ്രമേയങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ടാണ് ദശകങ്ങളായി ഇസ്‌റാഈല്‍ ഫലസ്തീന്‍ ജനതക്കെതിരെ കടന്നാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഫലസ്തീനിലെ ജനങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യുന്ന യുദ്ധങ്ങളും നരഹത്യകളുമാണ് ഇസ്‌റാഈലിലെ മാറിമാറിവരുന്ന സര്‍ക്കാറുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്രാ സമൂഹത്തിന്റെ എതിര്‍പ്പുകളെ തള്ളിക്കൊണ്ടാണ് അമേരിക്കന്‍ പിന്തുണയോടെ ഇസ്‌റാഈല്‍ ഈ നരഹത്യകള്‍ തുടരുന്നത്.
നരസിംഹ റാവുവിന്റെ കാലം മുതല്‍ ആരംഭിച്ച ഇസ്‌റാഈലുമായുള്ള ബാന്ധവം ഹിന്ദുത്വവാദിയായ നരേന്ദ്ര മോദിയിലേക്കെത്തുമ്പോള്‍ അപകടകരമായ മാനങ്ങള്‍ കൈവരിക്കുകയാണ്. സയണിസമെന്നതുപോലെ ഹിന്ദുത്വവും ന്യൂനപക്ഷ മതവിഭാഗങ്ങളുടെ സ്വത്വനിഷേധത്തെയും വംശീയ ഉന്മൂലനത്തെയും ലക്ഷ്യം വെക്കുന്ന വംശീയ പ്രത്യയശാസ്ത്രമാണല്ലോ.
ഏറ്റവുമൊടുവില്‍ ഫലസ്തീനിലെ കിഴക്കന്‍ ജറുസലമിലും പടിഞ്ഞാറെക്കരയിലും നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ നടത്തുന്ന ഇസ്‌റാഈല്‍ നടപടിക്കെതിരെ യു എന്‍ രക്ഷാസമിതിയില്‍ വന്ന പ്രമേയം പാസാക്കപ്പെട്ടത് ആഗോളതലത്തില്‍ ഫലസ്തീന്‍ അനുകൂല ശക്തികളെയാകെ ആഹ്ലാദിപ്പിക്കുന്നതാണ്. പ്രമേയത്തിനനുകൂലമായി വോട്ടുചെയ്ത പത്ത് രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം റദ്ദാക്കിക്കൊണ്ടാണ് ഇസ്‌റാഈല്‍ ഈ നടപടിക്കെതിരെ പ്രതികരിച്ചത്. ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന, ജപ്പാന്‍, ഉക്രൈന്‍, അംഗോള, ഈജിപ്ത്, ഉറുഗ്വായ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍.
ബറാക് ഒബാമയുടെ പ്രസിഡന്റ് കാലാവധി അവസാനിക്കുന്ന ഘട്ടത്തില്‍ രക്ഷാസമിതി പ്രമേയ വോട്ടെടുപ്പില്‍ നിന്ന് അമേരിക്ക വിട്ടുനിന്നു എന്നത് ചരിത്രസംഭവമാണ്. ഇസ്‌റാഈലിനെതിരായ എല്ലാ പ്രമേയങ്ങളെയും അമേരിക്ക വീറ്റോ ചെയ്യുകയാണല്ലോ പതിവ്. ആംഗ്ലോ സാംസണ്‍-ജൂയിഷ് വംശവെറിയന്‍ ക്യാമ്പുകളെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് വോട്ടെടുപ്പില്‍ നിന്ന് അമേരിക്ക വിട്ടുനിന്നത്.
എന്നാല്‍ പതിവുരീതി ഉപേക്ഷിച്ച് ഇസ്‌റാഈലിനെതിരായ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു! എന്നും ഫലസ്തീന്‍ ജനതയോടൊപ്പം നിന്ന ഇന്ത്യ തുറന്ന രീതിയില്‍ തന്നെ കളംമാറ്റി കളിക്കുകയാണ്. ഐക്യരാഷ്ട്ര രക്ഷാസമിതി പ്രമേയത്തിനു ശേഷം ഇസ്‌റാഈല്‍ ജറുസലമില്‍ ജൂതര്‍ക്കായി ആയിരക്കണക്കിന് പാര്‍പ്പിടങ്ങള്‍ നിയമവിരുദ്ധമായി നിര്‍മ്മിക്കാനുള്ള ഗൂഢാലോചനാപരമായ നീക്കങ്ങളിലാണെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഒബാമയെ തുടര്‍ന്ന് ട്രംപ് അമേരിക്കയില്‍ അധികാരത്തിലെത്തിയതും ഇന്ത്യയില്‍ നിന്ന് നരേന്ദ്രമോദിയുടെ സഹായവും ഇസ്‌റാഈലിന്റെ അദൃശ്യനീക്കങ്ങള്‍ക്ക് കരുത്തുനല്‍കുന്നുവത്രെ.
ബി ജെ പി സര്‍ക്കാര്‍ ഇസ്‌റാഈലുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്. ഭീകരവിരുദ്ധ യുദ്ധത്തിലും പ്രതിരോധ സഹകരണത്തിലും ഇസ്‌റാഈലിനെ സഖ്യശക്തിയായിട്ടാണ് ബി ജെ പിയും ആര്‍ എസ് എസും കാണുന്നത്. സമീപകാലത്ത് യു എന്‍ മനുഷ്യാവകാശ കൗണ്‍സിലിലും യുനെസ്‌കോയിലും ഇസ്‌റാഈലിനെ വിമര്‍ശിക്കുന്ന പ്രമേയത്തിന് വോട്ടുചെയ്യുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. ഇന്ത്യന്‍ വിദേശനയത്തില്‍ വന്നുകൊണ്ടിരിക്കുന്ന ഇസ്‌റാഈല്‍ അനുകൂല വ്യതിയാനത്തിന് ഇന്ത്യയിലെ ഇസ്‌റാഈല്‍ അംബാസഡര്‍ പരസ്യമായിതന്നെ നന്ദി രേഖപ്പെടുത്തുകയുണ്ടായി.
ട്രംപ് അധികാരത്തിലെത്തിയതോടെ ഇന്ത്യ അമേരിക്ക ബന്ധങ്ങള്‍ക്ക് തീവ്രത കൂടുകയാണ്. അമേരിക്കയുടെ സൈനികസഖ്യത്തില്‍ ഇന്ത്യയെ തളച്ചിടാന്‍ കഴിയുന്നരീതിയില്‍ നരേന്ദ്ര മോദി സര്‍ക്കാറുമായി അമേരിക്ക പ്രതിരോധബന്ധങ്ങള്‍ ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. അക്ഷരാര്‍ഥത്തില്‍ അമേരിക്കയുടെ പ്രതിരോധ പങ്കാളിയായി ഇന്ത്യയെ മാറ്റിയിരിക്കുകയാണ്. ഈ വര്‍ഷം ആദ്യം ധാരണയിലെത്തിയ ലോജിസ്റ്റിക്‌സ് എക്‌സേഞ്ച് മെമ്മൊറാണ്ടം ഓഫ് എഗ്രിമെന്റ് ഇന്ത്യയുടെ ദേശീയ സുരക്ഷയെയും പ്രതിരോധ മേഖലയെയും അമേരിക്കക്ക് അടിയറവെക്കുന്ന വ്യവസ്ഥകളടങ്ങിയതാണ്.
ഇന്ത്യന്‍ പാര്‍ലിമെന്റിനെ പോലും അറിയിക്കാതെ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയും പങ്കാളിയുമായി ഇന്ത്യയെ മാറ്റുന്നതാണ് ഈ കരാര്‍. ഇത് പ്രതിരോധ ബന്ധങ്ങള്‍ സംബന്ധിച്ച ഇന്ത്യയുടെ ദീര്‍ഘകാല നയത്തില്‍ നിന്നുള്ള പരസ്യമായ വേര്‍പിരിയലാണ്. അമേരിക്കന്‍ കോണ്‍ഗ്രസിലും സെനറ്റിലും റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഇന്ത്യ അമേരിക്കയുടെ പ്രധാനപ്രതിരോധ പങ്കാളിയാണ്. അമേരിക്കന്‍ സര്‍ക്കാര്‍ നാഷനല്‍ ഡിഫന്‍സ് ആതറൈസേഷന്‍ ആക്ട്-2017 ന്റെ ഭാഗമായി ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി വിശദീകരിച്ചുകൊണ്ടാണ് അമേരിക്കന്‍ സെനറ്റിന്റെ അംഗീകാരം തേടിയിരിക്കുന്നത്.
ഇതനുസരിച്ച് ഇന്ത്യക്ക് അമേരിക്ക നല്‍കുന്നത് സൈബര്‍ സുരക്ഷ പോലുള്ള സാങ്കേതിക വിദ്യയുടെയും പ്രതിരോധ ഉപകരണങ്ങളുടെയും സുരക്ഷ പരിശോധിക്കാനുള്ള സംവിധാനങ്ങളും എന്‍ഡ് യൂസര്‍ മോണിറ്ററിംഗ് കരാറുകളുണ്ടെന്നാണ്. അതായത് ഇന്ത്യ സമ്പൂര്‍ണമായി അമേരിക്കയുടെ സൂക്ഷ്മതല നിരീക്ഷണത്തിലും പരിശോധനയിലുമായിരിക്കുമെന്ന്. ഇന്ത്യയുടെ പരമാധികാരവും തന്ത്രപരമായ സ്വയംഭരണവും മോദി സര്‍ക്കാര്‍ അമേരിക്കക്ക് അടിയറവെക്കുകയാണ്. അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും ആഗോളതാത്പര്യങ്ങള്‍ക്കനുസൃതമായ ഇന്തോ-ഇസ്‌റാഈല്‍-യു എസ് അച്ചുതണ്ട് രൂപപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്.