അണ്ണാ ഡിഎംകെയിലെ അസ്വാരസ്യങ്ങള്‍

Posted on: February 9, 2017 11:30 am | Last updated: February 9, 2017 at 11:30 am

അണ്ണാ ഡി എം കെയുടെയും സര്‍ക്കാറിന്റെയും കടിഞ്ഞാണ്‍ കൈപ്പിടിയിലൊതുക്കാന്‍ ശശികല നടത്തിയ നീക്കങ്ങള്‍ വിജയത്തിലെത്തുന്ന മട്ടാണ്. പനീര്‍ ശെവല്‍വത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടെ ശശികല ഇന്നലെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ 131 എം എല്‍ എമാര്‍ പങ്കെടുത്തതായാണ് വിവരം. യോഗത്തില്‍ പനീര്‍ശെല്‍വം ഉള്‍പ്പെടെ മൂന്ന് എം എല്‍ എമാര്‍ മാത്രമാണ് പങ്കെടുക്കാത്തതെന്നാണ് പാര്‍ട്ടി വക്താക്കള്‍ പറയുന്നത്. കൂറുമാറ്റം ഭയന്ന് ഈ എം എല്‍ എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കയാണ് ശശികല. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 117 പേരുടെ പിന്തുണയാണ് വേണ്ടതെന്നിരിക്കെ പാര്‍ട്ടിയില്‍ തന്റെ സ്വാധീനം ഉറപ്പിച്ചിരിക്കയാണവര്‍. പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ ശശികലക്കുണ്ടായിരുന്ന സ്വാധീനമാണ് ഇപ്പോള്‍ അവര്‍ക്ക് തുണയായത്. നിലവിലെ എം എല്‍ എമാരില്‍ ബഹുഭൂരിഭാഗവും ശശികലയുടെ പിന്തുണയാല്‍ സ്ഥാനാര്‍ഥിത്വം നേടിയവരാണ്. ജയലളിതയുടെ തോഴിയെന്ന നിലയില്‍ പാര്‍ട്ടി യോഗങ്ങളിലെ പ്രത്യേക ക്ഷണിതാവെന്നതിലപ്പുറം പാര്‍ട്ടി ഭാരവാഹിത്വം വഹിക്കുകയോ പൊതുയോ ങ്ങളില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യാത്ത ശശികല തിരശ്ശീലക്ക് പിന്നിലെ സമര്‍ഥമായ നീക്കങ്ങളിലൂടെയാണ് പാര്‍ട്ടിയില്‍ സ്വാധീനം നേടിയത്.
അധികാര സ്ഥാനങ്ങളിലേക്കുള്ള ശശികലയുടെ ഈ ചുവടുവെപ്പ് പെട്ടെന്നുള്ള നീക്കമായിരുന്നില്ല. ജയയുടെ വിയോഗത്തോടെ തന്നെ ഇതിനുള്ള ചുവടുവെപ്പ് ആരംഭിച്ചിരുന്നു. ജയയുടെ പോയസ് ഗാര്‍ഡനിലെ ദേവനിലയത്തില്‍ ശശികല താമസം തുടങ്ങിയത് ഇതിന്റെ ഭാഗമാണെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തിയിരുന്നു. ഭര്‍ത്താവ് നടരാജനും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് അവര്‍ താമസമുറപ്പിച്ചത്. പോയസ് ഗാര്‍ഡനില്‍ താമസിക്കുന്നവരായിരിക്കും പാര്‍ട്ടിയുടെ അടുത്ത പരമാധികാരിയെന്നൊരു വിശ്വാസം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുണ്ടെന്നതും ജയലളിതയെ പുതപ്പിച്ചിരുന്ന ദേശീയ പതാക പോലീസ് കൈമാറിയത് ശശികലക്കായിരുന്നുവെന്നതും പ്രസ്താവ്യമാണ്. ആശുപത്രിയില്‍ ജയലളിത രണ്ടര മാസത്തോളം കിടന്നപ്പോള്‍ പുറമെ നിന്ന് ആരെയും അവരെ കാണാന്‍ അനുവദിക്കാതെ ഭരണ സാരഥ്യം അദൃശ്യമായി നിയന്ത്രിച്ചിരുന്നതും ശശികലയായിരുന്നു.
അതേസമയം പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ വിമത വിഭാഗം ഉയര്‍ത്തുന്ന വെല്ലുവിളി അത്ര ചെറുതല്ല. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജിക്ക് പിന്നാലെ ശശികലക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ശശികല അധികാരമോഹിയാണെന്നും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിര്‍ബന്ധിച്ചു രാജിവെപ്പിക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടാല്‍ രാജി പിന്‍വലിക്കുമെന്നും ഗവര്‍ണര്‍ തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമെന്നും ശെല്‍വം പറയുകയുണ്ടായി. ജയലളിതയുടെ മരണത്തില്‍ എല്ലാവര്‍ക്കും സംശയമുണ്ട്. അതു സംബന്ധിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ശെല്‍വം ആവശ്യപ്പെട്ടു. ജയലളിതയുടെ മരണത്തില്‍ ശശികലക്ക് പങ്കുണ്ടെന്ന് മുന്‍ സ്പീക്കറും എ ഐ എ ഡി എം കെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ പി എച്ച് പാണ്ഡ്യനും ആരോപിക്കുന്നു. അതിനിടെ പനീര്‍ ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു തമിഴ്‌നാട്ടില്‍ പലയിടത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി വരികയാണ്. അദ്ദേഹത്തോടുള്ള താത്പര്യത്തേക്കാളുപരി ശശികലയോടുള്ള എതിര്‍പ്പിന്റെ പ്രതിഫലനമായാണിത് വിലയിരുത്തുന്നത്.
ശശികലയുടെ നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെയും ബി ജെ പി നേതൃത്വത്തിന്റെയും ഒത്താശയോടെയാണെന്ന് സംശയിക്കുന്നവരുണ്ട്. അടവുകള്‍ പതിനെട്ട് പയറ്റിയിട്ടും തമിഴ്‌നാട്ടില്‍ വേരോട്ടമുണ്ടാക്കാന്‍ ബി ജെ പിക്കായിട്ടില്ല. ജയലളിതയുടെ വിയോഗം അണ്ണാ ഡി എം കെയില്‍ ഉയര്‍ത്തുന്ന ഭിന്നത ഉപയോഗപ്പെടുത്തി ഒന്നുകളിച്ചു നോക്കാന്‍ ബി ജെ പി ഉദ്ദേശിക്കുന്നുണ്ടാകണം. രാഷ്ട്രീയമായി പനീര്‍ശെല്‍വത്തിന് ബി ജെ പിയോട് അത്ര മമതയില്ല. അഴിമതിക്കേസുകളെ അഭിമുഖീകരിക്കുന്നതിനാല്‍ ശശികലക്ക് കേന്ദ്രത്തിന്റെ സഹകരണം ആവശ്യമുണ്ട് താനും. ബി ജെ പിയുടെ മനസ്സിലിരിപ്പ് പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യസ്വാമി വളച്ചുകെട്ടില്ലാതെ പറയുകയും ചെയ്തു. ശശികലയെ മുഖ്യമന്ത്രിയാക്കണമെന്നും എം എല്‍ എമാര്‍ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്ത ശശികലയെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കാന്‍ ഗവര്‍ണര്‍ വിളിക്കണമെന്നുമായിരുന്നു സ്വാമി ഇന്നലെ അഭിപ്രായപ്പെട്ടത്.
മൂന്ന് പതിറ്റാണ്ടായി അണ്ണാ ഡി എം കെ എന്നാല്‍ ജയലളിതയായിരുന്നു. അവരുടെ ചില തീരുമാനങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തില്‍ പലര്‍ക്കും വിയോജിപ്പുണ്ടായിരുന്നെങ്കിലും അണികളില്‍ ജയക്കുള്ള സ്വാധീനം മൂലം അത് ചൂണ്ടിക്കാട്ടാന്‍ ഒരാളും ധൈര്യപ്പെട്ടിരുന്നില്ല. അധികാരത്തിന് പുറത്തു നില്‍ക്കേണ്ടിവരികയും അഴിമതിക്കേസുകളില്‍ പ്രതിയാക്കപ്പെടുകയും ചെയ്തപ്പോഴും അവരുടെ അധീശാധിപത്യത്തിനെതിരെ പാര്‍ട്ടിയില്‍ ഒരു ചെറുവിരല്‍ പോലും ഉയര്‍ന്നില്ല. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പദം രാജി വെക്കുകയും പകരം പനീര്‍ ശെല്‍വം മുഖ്യമന്ത്രി പദത്തിലേറുകയും ചെയ്തപ്പോഴും അധികാരത്തിന്റെ കടിഞ്ഞാണ്‍ ജയലളിതയുടെ കൈകളില്‍ ഭദ്രമായിരുന്നു. ഈ വിധം അധീശത്വമുള്ള ഒരു നേതാവ് പാര്‍ട്ടിയിലില്ലെന്നതാണ് അണ്ണാ ഡി എം കെ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയുടെ മൂലകാരണം.