ഖലീഫ ശാക്തീകരണ പരിപാടി; മൂന്നാം ഘട്ടത്തിന് തുടക്കമായി

Posted on: February 8, 2017 4:30 pm | Last updated: February 8, 2017 at 3:56 pm

അബുദാബി: ഖലീഫ ശാക്തീകരണ പരിപാടിയായ അഖ്ദറിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികളില്‍ നടപ്പിലാക്കുന്ന സൈബര്‍ സുരക്ഷാ ബോധവല്‍കരണ പരിപാടിക്ക് അബുദാബിയില്‍ തുടക്കമായി.
സൈബര്‍ കുറ്റകൃത്യങ്ങള്‍, സൈബര്‍ ഭീഷണിപ്പെടുത്തല്‍, സൈബര്‍ റാഡിക്കലിസം, കിംവദന്തികള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ യു എ ഇയിലെ സ്‌കൂളുകളില്‍ സൈബര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് മൂന്നാംഘട്ട സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കം കുറിച്ചത്. കുട്ടികള്‍, യുവാക്കള്‍ എന്നിവരെ സൈബര്‍ കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍ ഭീഷണികള്‍ എന്നിവയില്‍ നിന്നും പരിരക്ഷിക്കുക എന്നതാണ് ഇതിന് പിന്നിലുള്ള ലക്ഷ്യമെന്ന് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ സെക്രട്ടറി ജനറലും അഖ്ദറിന്റെ സുപ്രീം കമ്മറ്റി തലവനുമായ ഡേ. നാസര്‍ ലഖ്‌രിബാനി അല്‍ നുഐമി അറിയിച്ചു.
നമ്മുടെ കുട്ടികള്‍, വിദ്യാര്‍ഥികള്‍ എല്ലാ ദിവസവും അവരുടെ ഉപകരണങ്ങളില്‍ സമയം ചെലവഴിക്കുമ്പോള്‍ ഓണ്‍ലൈനിലെ അപകടങ്ങളില്‍ നിന്ന് സുരക്ഷിതമാണെന്ന് ഉറപ്പാക്കല്‍ വളരെ പ്രധാനമാണ്. സോഷ്യല്‍ മീഡിയയില്‍ അവരുടെ വ്യക്തിത്വം പരിരക്ഷിക്കുന്നതിന് ഓണ്‍ലൈന്‍
അപകടങ്ങളെ കുറിച്ച് അവരെ പഠിപ്പിക്കല്‍ നമ്മുടെ കടമയാണ് അദ്ദേഹം പറഞ്ഞു.

18 മാസം നീണ്ടുനില്‍ക്കുന്ന അഖ്ദര്‍ സൈബര്‍ സുരക്ഷാ പരിപാടി യു എ ഇ യിലെ തിരഞ്ഞെടുത്ത പത്ത് സ്വകാര്യ, മോഡല്‍, അറബിക്, അന്തരാഷ്ട്ര സ്‌കൂളുകളില്‍ നടപ്പിലാക്കുമെന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100 സ്‌കൂളുകളില്‍ പദ്ധതി നടപ്പിലാക്കുമെന്നും പദ്ധതി കോഴ്‌സ് പൂര്‍ത്തിയാകുന്ന വിദ്യര്‍ഥികള്‍ക്ക് ദേശീയ സെക്യൂരിറ്റി അതോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും അഖ്ദര്‍ ജനറല്‍ കോര്‍ഡിനേറ്റര്‍ കേണല്‍ ഡോ. ഇബ്‌റാഹീം അല്‍ ദബല്‍ അറിയിച്ചു.