ക്വാഡ് ബൈക്ക്; അബുദാബിയില്‍ 174 അപകടങ്ങളില്‍ 19 ജീവനുകള്‍ പൊലിഞ്ഞു

Posted on: February 8, 2017 4:10 pm | Last updated: February 8, 2017 at 3:52 pm

അബുദാബി: ക്വാഡ് ബൈക്ക് അപകടങ്ങളില്‍ കഴിഞ്ഞ വര്‍ഷം 19 ജീവനുകള്‍ പൊലിഞ്ഞതായും 155 പേരിക്ക് പരുക്കേറ്റതായും അബുദാബി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് വ്യക്തമാക്കി. 174 അപകടങ്ങളാണ് നടന്നത്.

പെട്ടെന്നുള്ള കൂട്ടിയിടിയില്‍ 101 അപകടങ്ങളും 56 മെക്കാനിക്കല്‍ തടസങ്ങള്‍ കാരണവും 16 എണ്ണം അമിത വേഗത മൂലവുമായിരുന്നുവെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
ഹെല്‍മറ്റ് ധരിക്കാത്ത ക്വാഡ് ബൈക്കില്‍ സഞ്ചരിച്ചതിന് 106 ബൈക്കുകള്‍ക്ക് നാല് കറുത്ത പോയിന്റുകളും 200 ദിര്‍ഹം തോതില്‍ പിഴയും ചുമത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഗൈത് അല്‍ സആബി വെളിപ്പെടുത്തിയതായി പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു. ഡ്രൈവിംഗ് ലൈസന്‍സില്ലാത്ത മക്കള്‍ക്കു വേണ്ടി ക്വാഡ്, മൂന്നു ഇരുചക്ര ബൈക്കുകള്‍ വാങ്ങാന്‍ പാടില്ലെന്ന് അദ്ദേഹം മാതാപിതാക്കളെ ഉദ്‌ബോധിപ്പിച്ചു.
അപകടങ്ങളിലധികവും പാര്‍പ്പിട മേഖലകളിലും പൊതു നിരത്തുകളിലുമാണ് സംഭവിച്ചത്. ജീവന്‍ പൊലിഞ്ഞവരിലധികവും ലൈസന്‍സില്ലാത്തവരാണ്. ഡ്രൈവിംഗ് പരിചയമില്ലത്ത മക്കള്‍ക്ക് ബൈക്കുകള്‍ വാങ്ങിനല്‍കുന്ന രക്ഷിതാക്കള്‍ മറുപടി പറയേണ്ടിവരുമെന്നും ബ്രിഗേഡിയര്‍ അല്‍ സആബി വ്യക്തമാക്കി.
2015ല്‍ ദുബൈയില്‍ ക്വാഡ് ബൈക്കുകള്‍ കൊണ്ടുണ്ടായ 126 അപകടങ്ങളില്‍ 132 പേരിക്ക് പരിക്കേറ്റിരുന്നു. 10 പേരുടെ ജീവന്‍പൊലിഞ്ഞു. ഇതില്‍ 56 മിതമായവരും 54 കുട്ടികളുമാണ്.

2014 ല്‍ ക്വാഡ് ബൈക്കുകളിലുണ്ടായ 104 അപകടങ്ങളില്‍ 124 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും 12 ജീവന്‍ പൊലിഞ്ഞതായും പോലീസ് വ്യക്തമാക്കി