സദാചാര പോലീസ് ചമഞ്ഞ് ദമ്പതികളെ അക്രമിച്ചെന്ന പരാതി അടിസ്ഥാനരഹിതമെന്ന്

Posted on: February 8, 2017 4:13 pm | Last updated: February 8, 2017 at 3:42 pm

താമരശ്ശേരി: കട്ടിപ്പാറ ചെമ്പ്രകുണ്ടയില്‍ ദമ്പതികളെ സദാചാരപോലീസ് ചമഞ്ഞ് അക്രമിച്ചുവെന്ന പരാതി അടിസ്ഥാനരഹിതമാണ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ബംഗ്ലാവ്കുന്ന് റോഡില്‍ പുഴയോരത്ത് കോഴിക്കോട് മാങ്കാവ് സ്വദേശി ഹാരിസിന്റെ ഉടമസ്ഥതയിലുള്ള വീട് കേന്ദ്രീകരിച്ച് മദ്യപാനവും അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളും പതിവാണെന്നും ഇതിനെ പ്രദേശവാസികള്‍ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും അ വര്‍ പറഞ്ഞു.

ജനുവരി 31ന് ഉച്ചയോടെ ഹാരിസും സുഹൃത്തും ഭാര്യയും മറ്റൊരു സുഹൃത്തും അര്‍ധനഗ്നരായി പുഴയില്‍ കുളിക്കുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. ഇതോടെ പുരുഷന്‍മാര്‍ നാട്ടുകാര്‍ക്കു നേരെ ഉടുമുണ്ട് പൊക്കിക്കാണിച്ചതില്‍ പ്രകോപിതരായവരുടെ സ്വാഭാവിക പ്രതികരണം മാത്രമാണുണ്ടായതെന്നും ഇതിനെ സദാചാര അക്രമമായി ചിത്രീകരിക്കുകയായിരുന്നുവെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
സ്ഥലത്തെത്തിയ പോലീസിനോട് പരാതിയില്ലെന്നും പറഞ്ഞാണ് ഇവര്‍ മടങ്ങിയത്. വീട്ടുടമ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടതിനാല്‍ താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തിച്ച് പിഴ ഈടാക്കിയിരുന്നുവെന്നും പിറ്റേദിവസം ആശുപത്രിയില്‍ ചികിത്സ തേടുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പ്രദേശവാസികളായ ഇരുപതോളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് താമരശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെ യ്തത്.
സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ അനാശ്യാസ കേന്ദ്രമാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് സര്‍വകക്ഷി യോഗം അഭിപ്രായപ്പെട്ടു. കെ കെ ഹംസ ഹാജി, ടി സി വാസു, താര അബ്ദുര്‍റഹ്മാന്‍ ഹാജി, ഷാന്‍ കട്ടിപ്പാറ, പി സി തോമസ്, കരീം പുതുപ്പാടി, സലീം പുല്ലടി, കെ വി തോമസ് പ്രസംഗിച്ചു. കേസ് പുനരന്വേഷണം നടത്തണമെന്നും പ്രദേശവാസികള്‍ക്ക് സൈ്വരജീവിതം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി താമരശ്ശേരി ഡി വൈ എസ് പിക്ക് പരാതി നല്‍കി.