ബേപ്പൂര്‍ ഹാര്‍ബറിനെ മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി മെഴ്‌സിക്കുട്ടിയമ്മ

Posted on: February 8, 2017 3:48 pm | Last updated: February 8, 2017 at 3:40 pm
SHARE
ബേപ്പൂര്‍ ഹാര്‍ബറില്‍ മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ സന്ദര്‍ശനം നടത്തുന്നു

ബേപ്പൂര്‍: ബേപ്പൂര്‍ മത്സ്യബന്ധന തുറുമുഖത്ത് തൊഴിലാളികള്‍ക്കാവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ വിപുലീകരിച്ച് ഉടന്‍ ഹാര്‍ബറിനെ മെച്ചപ്പെട്ട നിലവാത്തിലേക്ക് ഉയര്‍ത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ബേപ്പൂര്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി.

മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉടന്‍ മെച്ചപ്പെടുത്തി ഹാര്‍ബറിനെ തൊഴിലാളി ഫ്രണ്ട്‌ലിയാക്കി മാറ്റാനും പദ്ധതിയുള്ളതായി മന്ത്രി പറഞ്ഞു.

ഹാര്‍ബറില്‍ ബോട്ടുകള്‍ക്കും മത്സ്യബന്ധനത്തിനും ആവശ്യമായ പുതിയ ലാന്റിംഗ് സംവിധാനം നിലവിലുള്ളതിന് പുറമെ 50 മീറ്റര്‍ നീട്ടി നിര്‍മിക്കും. നിലവില്‍ തീരെ സുരക്ഷിതമല്ലാതെ കിടക്കുന്ന ഹാര്‍ബറില്‍ എത്രയും പെട്ടന്ന് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ കൊണ്ടുവരും. ശോചനീയാവസ്ഥയിലുള്ള ഫിഷറീസ് സ്‌കൂളില്‍ കെട്ടിടം നിര്‍മാണം പൂര്‍ത്തീകരിച്ച് ഉടന്‍ വിദ്യാര്‍ഥികള്‍ക്ക് തുറന്നുകൊടുക്കും. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് പൊളിച്ചുമാറ്റി സ്‌കൂളില്‍ പുതിയ സൗകര്യപ്രദമായ ഗ്രൗണ്ട് സ്ഥാപിക്കും.

സ്‌കൂളിലേക്ക് പ്രധാന റോഡില്‍ പുതിയ കവാടം സ്ഥാപിച്ച് എല്ലാ തലത്തിലും സ്‌കൂളിന്റെ നിലവാരം ഉയര്‍ത്തും. ഇതിന്റെ ഭാഗമായി പുതിയ അധ്യയന വര്‍ഷത്തില്‍ ഡേ സ്‌കോലേര്‍സ് വിദ്യാര്‍ഥികള്‍ക്കായി 50 ശതമാനം അഡ്മിഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഹാര്‍ബറിന്റെ നിലവിലുള്ള വിവിധ പ്രതിസന്ധികളും പ്രയാസങ്ങളും സംബന്ധിച്ച് തൊഴിലാളികളും ട്രേഡ് യൂനിയന്‍ നേതാക്കളും മന്ത്രിക്ക് നിവേദനം നല്‍കി.

വി കെ സി മമ്മദകോയ എം എല്‍ എ, ഫിഷറീസ് ജില്ലാ ഡയറക്റ്റര്‍ മറിയം ഹസീന, ഫിഷറീസ് ജോ. ഡയരക്ടര്‍ സതീഷ് കുമാര്‍, ഫിഷറീസ് അസി. ഡയക്ടര്‍ അബ്ദുല്‍ മജീദ്, ജോ. ഡയരക്ടര്‍ സുനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ ബീരാന്‍കോയ, സതീഷ് കുമാര്‍ , എം ഗിരീഷ് കുമാര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here