സ്ത്രീ വിരുദ്ധതക്കെതിരെ ക്യാന്‍വാസില്‍ വിപ്ലവം തീര്‍ത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി

Posted on: February 8, 2017 12:52 pm | Last updated: February 8, 2017 at 12:52 pm

വണ്ടൂര്‍: ബാല പീഡനത്തിനും സമൂഹത്തിലെ സ്ത്രീ വിരുദ്ധ മാനസികാവസ്ഥക്കുമെതിരെ വര കൊണ്ട് പ്രതിരോധം തീര്‍ക്കുകയാണ് മഞ്ചേരി പുല്‍പ്പറ്റ പൂക്കൊളത്തൂര്‍ സി എച്ച് എം എച്ച് എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായ ദില്‍ന ഷെറിന്‍.

ബാലികാ ദിനാചരണത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസും ജില്ലയില്‍ നടത്തുന്ന പരിപാടികളിലെ പ്രധാന ആകര്‍ഷണമാണ് ദില്‍നയുടെ ചിത്രപ്രദര്‍ശനം. പെണ്‍ഭ്രൂണഹത്യ മുതല്‍ ജിഷ വധമടക്കം ഇരുനൂറോളം ചിത്രങ്ങളാണ് ഈ കൊച്ചു ചിത്രകാരി ക്യാന്‍വാസില്‍ കോറിയിട്ടിട്ടുള്ളത്. സമകാലിക ലോകത്ത് സ്ത്രീ അനുഭവിക്കുന്ന നീതികേടുകളെ നിശിതമായി വിചാരണ ചെയ്യുന്നവയാണ് ഓരോ ചിത്രങ്ങളും. നാലാം ക്ലാസ് മുതല്‍ വരയുടെ ലോകത്തുള്ള ദില്‍നക്ക് പിതാവ് അബ്ദുല്ലയും മാതാവ് സല്‍മത്തുമടക്കം ബന്ധുക്കളില്‍ നിന്നുള്ള അകമഴിഞ്ഞ പ്രോത്സാഹനമാണ് പ്രചോദനം. പത്താം തരത്തില്‍ പഠിക്കുമ്പോള്‍ മലപ്പുറം ആര്‍ട് ഗാലറിയിലായിരുന്നു ആദ്യപ്രദര്‍ശനം.