Connect with us

Gulf

റിയാദില്‍ ലോകത്തിലെ ഏറ്റവും വലിയ ഒട്ടക സൗന്ദര്യമല്‍സരം

Published

|

Last Updated

ദമ്മാം: മുപ്പതിനായിരത്തിലധികം ഒട്ടകങ്ങള്‍ പങ്കെടുക്കുന്ന മസായിന്‍ ഒട്ടക പൈതൃകോല്‍സവം(മസായിന്‍ അല്‍ ഇബ്ല്‍ ഹെറിറ്റേജ് ഫെസ്റ്റിവല്‍) റിയാദില്‍ മാര്‍ച്ച് 19 മുതല്‍ ഏപ്രില്‍ 15 വരെ നടക്കും. ഒട്ടക സൗന്ദര്യ മല്‍സരമടക്കം ഒട്ടകങ്ങള്‍ക്ക് വേണ്ടി നടക്കുന്ന മറ്റുപരിപാടികളും അരങ്ങേറുന്ന ഉത്സവത്തില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് രാജ പ്രതിനിധികള്‍, സെലബ്രിറ്റികള്‍, ഡിസൈനര്‍മാര്‍, കായിക താരങ്ങള്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

പരിപാടിയുടെ സംഘാടനവും നിയന്ത്രണവും കിങ് അബ്ദുല്‍ അസീസ് ദറത്ത് അകാദമിക്കാണ്. അറേബ്യയിലെ ബദൂവിയന്‍ ചരിത്രത്തില്‍ ഒട്ടകത്തിനുള്ള പങ്കും പൂര്‍വികര്‍ക്കിടയിലെ സ്ഥാനവും പരിഗണിച്ചാണ് ഒട്ടകോല്‍സവം സംഘടിപ്പിക്കുന്നത്. ഒട്ടകമായിരുന്നു അറബികളുടെയും ഗോത്രങ്ങളുടെയും പ്രധാന വാഹനവും, ഊര്‍ജ്ജസ്വലതയുള്ള പണിക്കാരനും, മരുക്കാട്ടിലെ തണലും, പാലിന്റെ ഉറവിടവും, ഭക്ഷണവും തോലും നല്‍കുന്ന ആശ്രയവും എല്ലാം. മരുഭൂമിയിലെ ഉപഭൂഘണ്ഡങ്ങളെ താണ്ടാന്‍ ഇന്നും ഒട്ടകത്തെ ഉപയോഗിക്കുന്നുണ്ട്. ഇത്തരം മരുജീവിതങ്ങളെ തിരിച്ചറിയുന്നതിനും അന്നത്തെ സാമൂഹ്യ നിലവാരവും സമ്പത്തികാവസ്ഥയും ഓര്‍മയില്‍ കൊണ്ട് വരുന്നതിനും ആയിരക്കണക്കിന് ഒട്ടകങ്ങളുടെ ഉടമസ്ഥര്‍ അവരുടെ ഒട്ടകങ്ങളുടെ ഭംഗിയിലും തിളക്കത്തിലും അഭിമാനിക്കുന്നതിനുമുള്ള അവസരം നല്‍കുന്നതിനു കൂടിയാണ് വര്‍ഷത്തില്‍ ഇങ്ങനെയൊരു മല്‍സരം. ഒട്ടകങ്ങളുടെ ശക്തിയും നിറവുമനുസരിച്ച് അഞ്ച് വിഭാഗങ്ങളായി തിരിച്ചായിരിക്കും പരിപാടി. തലയുടെ വലിപ്പം, ചുണ്ടുകള്‍ പല്ലിനെ മൂടുന്നതാണോ അല്ലയോ, കഴുത്തിന്റെ നീളം, കൂനയുടെ മുഴപ്പും ഉയരവും, കണ്ണിന്റെയും കണ്‍പീലിയുടെയും വലിപ്പം, മൂക്ക് എത്ര കീഴ്‌പ്പോട്ടാണ്, ചെവിയുടെ വിരിപ്പ്, കൂനയുടെ സ്ഥാനം എന്നിവ നോക്കിയായിരിക്കും സൗന്ദര്യം മല്‍സരത്തിലെ വിജയിയെ തിരഞ്ഞെടുക്കുക. പാരമ്പര്യവും ബദൂവിയന്‍ സംസ്‌കാരവും അറിയുന്ന യോഗ്യരായ ജഡ്ജസായിരിക്കും വിധി നിര്‍ണ്ണയിക്കുക. മല്‍സരത്തിന് ഇറെജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയ ആദ്യ വര്‍ഷമാണിത്.

80 ശതമാനവും രാജ്യത്തിനകത്ത് നിന്നുള്ളവരാണ്. 20 ശതമാനം യു എ ഇ, ഖത്വര്‍, കുവൈത്ത് തുടങ്ങിയ മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുമുണ്ടാകും. പരിസ്ഥിതി ജല കാര്‍ഷിക മന്ത്രാലയത്തിനു കീഴില്‍ ഒട്ടകങ്ങളുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. പരിപാടിയുടെ ഭാഗമായി കവിയരങ്ങ്, നാടന്‍ പാട്ട്(ശലത്), ഒട്ടക ലേലം എന്നിവയുമുണ്ടാകും. സൗദി പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 ന്റെ ഭാഗമായി പാരമ്പര്യ പൈതൃക വിഷയങ്ങളെ പുതുതലമുറക്ക് കൂടി പരിചയപ്പെടുത്തലാണ് പരിപാടിയുടെ ലക്ഷ്യമെന്നും സംഘാടകര്‍ പറഞ്ഞു.

Latest