Connect with us

Kozhikode

തായ്‌വാനില്‍ നിന്ന് മെഷീന്‍ ഇറക്കുമതി: ബാംബു കോര്‍പ്പറേഷനില്‍ വിജിലന്‍സ് റെയ്ഡ്‌

Published

|

Last Updated

നാദാപുരം: ബാംബു കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ വിവിധ ഫാക്ടറികളിലേക്ക് തായ്‌വാനില്‍ നിന്ന് ഇറക്കുമതി ചെയ്ത മെഷീനുകളില്‍ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം തുടങ്ങി. ബാംബു കോര്‍പ്പറേഷന്റെ ആലുവ കേന്ദ്രമായുളള ഓഫീസാണ് തായ്‌വാനില്‍ നിന്ന് മുള ഉത്പന്നങ്ങള്‍ സംസ്‌കരിച്ച് വിപണിയില്‍ ഇറക്കുന്നതിന് മെഷീനുകള്‍ ഇറക്കുമതി ചെയ്തത്. കോഴിക്കോട് നല്ലളത്ത് ടൈല്‍സ് ഫാക്ടറിയിലേക്കുളള മെഷീനുകള്‍ വളയം പൂങ്കുളത്തെ ബാംബൂ സംസ്‌കരണ കേന്ദ്രത്തിലേക്കുളള ടൂത്ത് പിക്ക് ഉള്‍പ്പെടെയുളള സാമഗ്രികള്‍ നിര്‍മിക്കുന്ന യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്തതില്‍ വന്‍ അഴിമതി നടന്നതായാണ് ആരോപണം ഉയര്‍ന്നത്. ബാംബു കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചാണ് കോര്‍പ്പറേഷന്റെ കീഴിലെ ഫാക്ടറികളിലേക്ക് യന്ത്ര സാമഗ്രികള്‍ ഇറക്കുമതി ചെയ്തത്. യന്ത്ര സാമഗ്രികള്‍ പലതും ലാഭകരമല്ലാതെയും ഉത്പാദന ക്ഷമത ഇല്ലാതെയും കിടക്കുകയാണ്. ഇതേ തുടര്‍ന്നാണ് വിവിധ കോണുകളില്‍ നിന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നത്. എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് പൂങ്കുളത്ത് ബാംബു ഫാക്ടറി വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം മുന്‍കൈയെടുത്ത് തുടങ്ങിയത്.

ഇതോടൊപ്പം നല്ലളത്ത് ടൈല്‍സ് ഫാക്ടറിക്കും തുടക്കം കുറിക്കുകയുണ്ടായി. കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ തായ്‌വാനിലെ ചിന്‍ഫു ഇന്റസ്ട്രിയല്‍ കോര്‍പ്പറേഷനില്‍ നിന്നാണ് യന്ത്ര സാമഗ്രികള്‍ ഇറക്കുമതി ചെയ്തത്.

അസംസ്‌കൃത വസ്തുക്കള്‍ ആവശ്യത്തിന് ലഭ്യമല്ലാത്ത പ്രദേശങ്ങളിലായിരുന്നു മിക്ക ഫാക്ടറികളും ബാംബു കോര്‍പ്പറേഷന്‍ തുടങ്ങിയത്. വളയം പൂങ്കുളത്തിലെ യൂനിറ്റിലേക്ക് ആദ്യഘട്ടം മുളയെത്തിച്ചിരുന്നത് വയനാട്ടില്‍ നിന്നായിരുന്നു. വന്‍ സാമ്പത്തിക ബാധ്യതയാണ് ഈ ഇനത്തില്‍ കോര്‍പ്പറേഷനുണ്ടായത്. പിന്നീട് കണ്ണൂര്‍ ജില്ലയിലെ കണ്ണവം വനത്തില്‍ നിന്ന് അസംസ്‌കൃത മുള കൊണ്ടുവന്നാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

വിജിലന്‍സ് സംഘം നാദാപുരത്ത് ര് ദിവസങ്ങളിലായി ക്യാമ്പ് ചെയ്താണ് പൂങ്കുളത്തെ ഫാക്ടറിയില്‍ പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാവിലെ എത്തിയ ഉദ്യോഗസ്ഥ സംഘം ബാംബു യൂനിറ്റിലെ രേഖകള്‍ പരിശോധനക്കെടുത്തു.