ആദ്യപരീക്ഷ ജൂണ്‍ 17ന്; 17.90 ലക്ഷം അപേക്ഷകര്‍

Posted on: February 8, 2017 12:17 pm | Last updated: February 8, 2017 at 12:17 pm
SHARE

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ എല്‍ ഡി ക്ലാര്‍ക്ക് നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള പരീക്ഷ ഏഴ് ഘട്ടങ്ങളിലായി നടത്താന്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ തീരുമാനിച്ചു. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായാണ് പരീക്ഷ. ഇതിനായുള്ള തീയതികള്‍ പി എസ് സി പ്രഖ്യാപിച്ചു. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ അപേക്ഷകര്‍ക്കായുള്ള പരീക്ഷയാണ് ആദ്യം നടക്കുക. ജൂണ്‍ 17. കൊല്ലം, തൃശൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്കായുള്ള പരീക്ഷ ജൂലൈ ഒന്നിനും എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ പരീക്ഷ ജൂലൈ 15 നും ആലപ്പുഴ, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ പരീക്ഷ ജൂലൈ 29 നും നടക്കും.

പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ അപേക്ഷകര്‍ക്കായുള്ള പരീക്ഷ ആഗസ്റ്റ് 19 നും വയനാട്, കോട്ടയം ജില്ലകളിലെ പരീക്ഷ ആഗസ്റ്റ് 26 നും നടക്കും. ബൈ ട്രാന്‍സ്ഫര്‍ മുഖേനയുള്ളവര്‍ക്കായുള്ള പരീക്ഷ(എല്ലാ ജില്ലകളിലേക്കും) ആഗസ്റ്റ് അഞ്ചിന് നടക്കും.
എല്ലാ ദിവസവും ഉച്ച കഴിഞ്ഞ് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ. ഒ എം ആര്‍ രീതിയിലാണ് പരീക്ഷ.

17.90 ലക്ഷം പേരാണ് അപേക്ഷകരായുള്ളത്. കഴിഞ്ഞ തവണ 15.50 ലക്ഷമായിരുന്നു. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് തിരുവനന്തപുരം ജില്ലയിലാണ്.
2.25 ലക്ഷം പേര്‍. എറണാകുളം 1.99 ലക്ഷം. എട്ടു ജില്ലകളില്‍ ഒരു ലക്ഷത്തിന് മേല്‍ അപേക്ഷകരുണ്ട്.
മൂല്യനിര്‍ണയവും മറ്റ് നടപടികളും പൂര്‍ത്തിയാക്കി ഒക്ടോബറില്‍ തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് പി എസ് സി ലക്ഷ്യമിടുന്നത്. പരീക്ഷാ തീയതി പട്ടിക പി എസ് സിയുടെ വെബ്‌സൈറ്റില്‍.