നഗര മധ്യത്തില്‍ കഞ്ചാവ് ചെടി; എക്‌സൈസ് കസ്റ്റഡിയിലെടുത്തു

Posted on: February 8, 2017 12:25 pm | Last updated: February 8, 2017 at 12:15 pm
തലശ്ശേരി നഗരത്തില്‍ വളര്‍ന്നുവന്ന കഞ്ചാവ് ചെടി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിഴുതെടുക്കുന്നു

തലശ്ശേരി: നഗരത്തിന്റെ നടുവില്‍ ലഹരിക്കാര്‍ കാണാതെ വളര്‍ന്ന കഞ്ചാവ് ചെടി എക്‌സൈസ് സംഘമെത്തി കസ്റ്റഡിയിലെടുത്തു. പുതിയ ബസ് സ്റ്റാന്‍ഡില്‍ റെയില്‍വെ പുറമ്പോക്കിലുള്ള അടച്ചിട്ട പഴയ പ്രസ് കെട്ടിടത്തിനു മുന്നിലുള്ള സ്ഥലത്താണ് മൂത്ത് പാകമായ കഞ്ചാവ് ചെടി കാണപ്പെട്ടത്. യാദൃച്ഛികമായി ലഹരിച്ചെടിയെ തിരിച്ചറിഞ്ഞ അജ്ഞാതനായ യുവാവ് അതുവഴി പോവുകയായിരുന്ന എക്‌സൈസ് സംഘത്തിന് സൂചന നല്‍കിയതിനെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ സെല്‍വരാജും സംഘവും എത്തിയാണ് ചെടി പിഴുതെടുത്ത് കൊണ്ടുപോയത്.

പരിശോധനയില്‍ കഞ്ചാവ് ചെടിയാണെന്ന് ഉറപ്പിച്ച ശേഷം വടകര നാര്‍ക്കോട്ടിക് സെല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനിടെ റെയില്‍വെ പുറമ്പോക്കില്‍പ്പെട്ട സ്ഥലങ്ങളില്‍ കഞ്ചാവ് മാഫിയ സംഘം ഇതേ രീതിയില്‍ കരുതിക്കൂട്ടി കഞ്ചാവ് കൃഷി ചെയ്യുന്നതായും അധികൃതര്‍ക്ക് വിവരമുണ്ട്. പുറമ്പോക്ക് ആയതിനാല്‍ ലഹരികൃഷി നടത്തുന്ന സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കല്‍ അസാധ്യമായതാണ് ഇത്തരക്കാര്‍ക്ക് പ്രചോദനമാകുന്നത്.