കൊടിഞ്ഞി ഫൈസല്‍ വധം: ആര്‍ എസ് എസ് നേതാവ് കീഴടങ്ങി

Posted on: February 8, 2017 10:12 am | Last updated: February 8, 2017 at 12:13 pm

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന പ്രതിയും ആര്‍ എസ് എസ് തിരൂര്‍ താലൂക്ക് കാര്യവാഹുമായ മഠത്തില്‍നാരായണന്‍ ഇന്നലെ പെരിന്തല്‍മണ്ണ ഡി വൈ എസ് പി. എം പി മോഹനചന്ദ്രന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ മഞ്ചേരി സി ഐ കസ്റ്റഡിയിലെടുത്ത് കേസന്വേഷണ ചുമതലയുള്ള മലപ്പുറം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. വി കെ ബാബു മുമ്പാകെ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി ഒമ്പതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാള്‍ മധുര, പഴനി, ശബരിമല എന്നിവിടങ്ങളിലായി ഒളിവിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതോടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 15 പേരും പിടിയിലായി.

ഇനി പ്രതികളുടെ കുറ്റപത്രം രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. വി കെ ബാബു പറഞ്ഞു. കേസില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് നാരായണനെ പ്രതി ചേര്‍ക്കപ്പെട്ടിരുന്നത്. സംഭവ ശേഷം ഒളിവിലായ നാരായണന്‍ ഇന്നലെ വൈകീട്ടോടെയാണ് കീഴടങ്ങിയത്. അതേസമയം ഏറെ വൈകീട്ടും പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. കേസിലെ രണ്ട് പ്രതികളെ പിടികൂടിയിരുന്നത് കഴിഞ്ഞ ദിവസമാണ്. മുഖ്യപ്രതി തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍ (26), ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായിച്ച തിരൂര്‍ തൃപ്രങ്ങോട് പൊയിലിശ്ശേരി എടപ്പറമ്പില്‍ രതീഷ് (27) എന്നിവരെയാണ് മലപ്പുറം ക്രൈം ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം മൈസൂര്‍ ഫര്‍ഗൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്.