വിരാട് മികച്ച ഏകദിന ബാറ്റ്‌സ്മാന്‍: പോണ്ടിംഗ്‌

Posted on: February 8, 2017 11:46 am | Last updated: February 8, 2017 at 11:35 am

മെല്‍ബണ്‍: ഏകദിന ക്രിക്കറ്റില്‍ നിലവില്‍ മികച്ച ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയാണെന്ന് ആസ്‌ത്രേലിയയുടെ ബാറ്റിംഗ് ലെജന്‍ഡ് റിക്കി പോണ്ടിംഗ്. ആറോ ഏഴോ മാസങ്ങള്‍ മുമ്പ് തന്നെ വിരാട് മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍, എക്കാലത്തേയും മികച്ച ഏകദിന ബാറ്റ്‌സ്മാന്‍ എന്നൊന്നും കോഹ്ലിയെ വിശേഷിപ്പിക്കാറായിട്ടില്ല. കാലമിനിയും കിടക്കുന്നു. നിലവില്‍ ക്രിക്കറ്റില്‍ സജീവമായിട്ടുള്ളവരില്‍ വിരാട് തന്നെയാണ് മികച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ വിലയിരുത്താന്‍ സമയം ആയിട്ടില്ലെന്നും പോണ്ടിംഗ് പറഞ്ഞു.
മഹത്തായ താരങ്ങളുടെ പട്ടികയിലേക്ക് വിരാടിനെ വളരെ നേരത്തേ ചേര്‍ക്കേണ്ടതില്ല. സച്ചിനും ലാറയും കാലിസും ഉള്‍പ്പെടുന്ന ആ നിരയിലേക്ക് വിരാടിനെ ഇപ്പോഴേ പ്രതിഷ്ഠിക്കുന്നത് അവിവേകമാകും. 120, 130-200 ടെസ്റ്റുകള്‍ വരെ കളിച്ചവരാണവര്‍. വിരാട് പാതിവഴിയിലെത്തിയിട്ടില്ല. ഏറെ ദൂരം ഇനിയും സഞ്ചരിക്കാനുണ്ട് – പോണ്ടിംഗ് പറഞ്ഞു.

ഇന്ത്യയില്‍ ആസ്‌ത്രേലിയ നേരിടുന്ന പ്രധാന വെല്ലുവിളി വിരാടിന്റെ വിക്കറ്റായിരിക്കും. ഇന്ത്യന്‍ നായകന്റെ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് തന്ത്രമൊരുക്കലാണ് പ്രധാനം. ചെറിയൊരു പിഴവ് പോലും മുതലെടുക്കുന്ന അഗ്രസീവിനെസ് വിരാടിലുണ്ട്. അദ്ദേഹത്തിന്റെ ഈ രീതികള്‍ എന്റെ ബാറ്റിംഗ് രീതികളുമായി ഏറെ സാമ്യമുണ്ട് – പോണ്ടിംഗ് പറഞ്ഞു.