നന്ദി ഗാബോണ്‍, ഈ വിരുന്നിന്…

Posted on: February 8, 2017 11:40 am | Last updated: February 8, 2017 at 11:29 am
ഈജിപ്തിനെതിരെ ഷൂട്ടൗട്ടില്‍ തോറ്റപ്പോള്‍ ബുര്‍കിന ഫാസോ ഗോളി ഹെര്‍വെ കോഫി കരയുന്നു

ഇരുണ്ട ഭൂഖണ്ഡത്തിന്റെ ഫുട്‌ബോള്‍ ഉത്സവത്തിന് ഗാബോണില്‍ കൊടിയിറങ്ങി. എല്ലാ വിധ നാടകീയതകളും സമ്മാനിച്ചു കൊണ്ട് ആഫ്രിക്കയുടെ സോക്കര്‍ സിംഹാസനത്തിലേറിയത് കാമറൂണ്‍.
ചാമ്പ്യന്‍മാരാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഇടമുണ്ടായിരുന്ന അള്‍ജീരിയയും സെനഗലും ഐവറികോസ്റ്റും പാതിവഴിയില്‍ വീണു.

ആരായിരുന്നു സൂപ്പര്‍ താരം ?

തീര്‍ച്ചയായും ഗാബോണിന്റെ ബൊറുസിയ ഡോട്മുണ്ട് സ്‌ട്രൈക്കര്‍ പിയറി-എമെറിക് ഒബമെയാംഗായിരുന്നു നോട്ടപ്പുള്ളി. യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളുടെ ട്രാന്‍സ്ഫര്‍ റഡാറിലുള്ള താരം. എന്നാല്‍, ഗാബോണിനെ ഗ്രൂപ്പ് റൗണ്ട് കടത്തുവാന്‍ പിയറി എമെറികിന് സാധിച്ചില്ല.
താരമായത് അത്രക്കൊന്നും പേരെടുത്തിട്ടില്ലാത്ത കാമറൂണ്‍ മുന്നേറ്റക്കാരന്‍ ക്രിസ്റ്റ്യന്‍ ബസോഗോഗ്. വേഗതയും ട്രിക്കുകളും നിറഞ്ഞ മുന്നേറ്റമാണ് ബസോഗോഗിനെ ശ്രദ്ധേയനാക്കിയത്. വിംഗില്‍ ബെഞ്ചമിന്‍ മൗകാദോയുമായുള്ള കൂട്ടുകെട്ടിലാണ് ബസോഗോഗ് കാമറൂണിന്റെ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയത്. ഗോള്‍ കീപ്പര്‍ ഫാബ്രിസ് ഒന്‍ഡോവയും ബുര്‍കിന ഫാസോയുടെ ചാള്‍സ് കബോറെയും ടൂര്‍ണമെന്റില്‍തിളങ്ങി.

പിയറി എമെറിക്‌

ആരാണ് മികച്ച പരിശീലകന്‍ ?

മികച്ച പരിശീലകന്‍ ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. കാമറൂണിന്റെ ഹ്യൂഗോ ബ്രൂസ്. യുവനിരയില്‍ ആത്മവിശ്വാസം നിറച്ച് ബ്രൂസ് അത്ഭുതം കാണിച്ചു തന്നു. കാമറൂണിന്റെ കിരീട നേട്ടമാണ് ബ്രൂസിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. എന്നാല്‍, അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കേണ്ട മറ്റൊരു കോച്ചുണ്ട്. സെനഗലിന്റെ കോച്ച് അലിയോ സിസെ. ഇത്തവണ നാഷന്‍സ് കപ്പില്‍ ഏറ്റവും മികച്ച ഫുട്‌ബോള്‍ കാഴ്ചവെച്ചത് സെനഗലാണ്. ക്വാര്‍ട്ടറില്‍ കാമറൂണിന് മുന്നില്‍ ഷൂട്ടൗട്ടിലാണ് സെനഗലിന്റെ വീഴ്ച.

മികച്ച ഗോള്‍ ആരുടേത് ?

മികച്ച ഗോള്‍ തേടിയുള്ള അന്വേഷണം അവസാനിക്കുക വിന്‍സെന്റ് അബൂബക്കറിലായിരിക്കും. കാമറൂണിന് ഫൈനലില്‍ ജയമൊരുക്കിയ ഗോള്‍. അബൂബക്കറിന്റെ ഗോളിനെ വെല്ലുന്ന ഗോളുകള്‍ ഗാബോണില്‍ പിറന്നിട്ടുണ്ട്. ബെഞ്ചമിന്‍ മൗകാദോയുടെയും ഹെന്റി സെയ് വെറ്റിന്റെയും മുഹമ്മദ് സാലയുടെയും തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളുകള്‍. ടോഗോക്ക് വേണ്ടി മാത്യു ഡൊസെവിയും ഈജിപ്തിനായി മുഹമ്മദ് എനെനിയും നേടിയത് മികച്ച ടീം ഗോളുകളാണ്.
എന്നാല്‍, അബൂബക്കര്‍ നേടിയ ഗോളിന്റെ മഹത്വം അത് ഫൈനലില്‍ നിര്‍ണായക സമയത്തായിരുന്നുവെന്നതാണ്.
മത്സരം തീരാന്‍ രണ്ട് മിനുട്ട് ശേഷിക്കെ ലോംഗ് ബോള്‍ നെഞ്ചിലിറക്കി എതിര്‍ താരത്തിന്റെ തലക്ക് മുകലിലൂടെ തോണ്ടി മുന്നിലേക്കിട്ട് ഫസ്റ്റ് ടൈം ഷോട്ടില്‍ വല കുലുക്കല്‍ ! ഹോ..ഗംഭീരം.

ബസോഗോഗ്.

നൊമ്പരമായി ഈ താരം …

ഓരോ ടൂര്‍ണമെന്റും ഒരു താരത്തെ തരും. എക്കാലത്തേക്കുമായി മനസില്‍ പ്രതിഷ്ഠിക്കാന്‍. നാഷന്‍സ് കപ്പ് തന്നത് ഒരു ഗോള്‍ കീപ്പറെയാണ്. ഇരുപത് വയസ് പ്രായമുള്ള ബുര്‍കിന ഫാസോയുടെ ഹെര്‍വെ കോഫിയെ. അയാള്‍ നടത്തിയ സേവുകളുടെ പേരിലല്ല ഈ അടയാളപ്പെടുത്തലെന്ന് മാത്രം. സെമിഫൈനലില്‍ ഈജിപ്തിനെതിരെ ഷൂട്ടൗട്ടില്‍ നഷ്ടമാക്കിയ പെനാല്‍റ്റി കിക്കിന്റെ പേരിലാകുമെന്ന് മാത്രം.
ടൂര്‍ണമെന്റിലുടനീളം തകര്‍ത്തു കളിച്ച കോഫി സെമിയില്‍ ബുര്‍കിനഫാസോയുടെ നിര്‍ണായക കിക്ക് പാഴാക്കി. മത്സരശേഷം കണ്ണീരോടെ നിന്ന കോഫിയെ ഈജിപ്ത് താരങ്ങള്‍ സമാശ്വസിപ്പിക്കുന്ന ചിത്രം ഗാബോണ്‍ ടൂര്‍ണമെന്റിലെ മുഴുവന്‍ വൈകാരികതയും ചാലിച്ചു ചേര്‍ത്തതാണ്.

ഈ ടീം നിരാശപ്പെടുത്തി..

നിരാശപ്പെടുത്തി ടീം ഐവറികോസ്റ്റാണ്. ചാമ്പ്യന്‍മാരാണവര്‍. ക്വാര്‍ട്ടര്‍ ഫൈനല്‍ തുടങ്ങും മുമ്പ് അവര്‍ നാട്ടില്‍ തിരിച്ചെത്തി.
പ്രതിഭാധനരായ കളിക്കാരുടെ സംഘം ഒരു മത്സരം ജയിക്കാതെയാണ് മടങ്ങിയത്. സെന്‍ട്രല്‍ സ്‌ട്രൈക്കറുടെ റോളില്‍ തിളങ്ങാന്‍ ദിദിയര്‍ദ്രോഗ്ബയെ പോലൊരു താരം ഇല്ലായിരുന്നു ആനപ്പടയില്‍. ക്രിയേറ്റീവ് ഗെയിം കളിക്കുന്നതില്‍ വില്‍ഫ്രഡ് സാഹ വലിയ പരാജയമാവുകയും ചെയ്തു.

സൂപ്പര്‍ അട്ടിമറി
സൂപ്പര്‍ അട്ടിമറി പ്രകടനം ടുണീഷ്യയുടേതാണ്. ആഫ്രിക്കന്‍ ഫുട്‌ബോള്‍ ഓഫ് ദ ഇയറായ റിയാദ് മെഹ്‌റെസിന്റെ അള്‍ജീരിയയെ ഗ്രൂപ്പ് റൗണ്ടില്‍ 2-1ന് ടുണീഷ്യ വീഴ്ത്തിയത് ഞെട്ടിക്കുന്നതായി. കാമറൂണ്‍ സെനഗലിനെ വീഴ്ത്തിയതും അട്ടിമറിയുടെ ഗണത്തില്‍ പെടുമെങ്കിലും അത് ഷൂട്ടൗട്ടിലാണെന്നത് ഞെട്ടലിന്റെ ആഴം കുറയ്ക്കുന്നു.

മാന്ത്രിക പ്രകടനം

മാന്ത്രിക പ്രകടനക്കാരായി മൂന്ന് പേരെ കാണാം. ഈജിപ്തിന്റെ നാല്‍പ്പത്തിനാലുകാരന്‍ ഗോള്‍ കീപ്പര്‍ എല്‍ ഹദാരിയ, ബുര്‍കിന ഫാസോയുടെ അരിസ്റ്റിഡെ ബാന്‍സും കാമറൂണിന്റെ വിന്‍സെന്റ് അബൂബക്കറും. ഷൂട്ടൗട്ടില്‍ ഈജിപ്ത് ഗോളി രണ്ട് സേവുകള്‍ നടത്തി ഹീറോ ആയപ്പോള്‍ ടുണീഷ്യക്കെതിരെ ക്വാര്‍ട്ടറില്‍ ഫ്രീകിക്ക് ഗോളിലൂടെ ബുര്‍കിന ഫാസോക്ക് സെമി ബെര്‍ത്ത് ഉറപ്പാക്കി ബാന്‍സെ. ഫൈനലില്‍ വിജയഗോള്‍ നേടി വിന്‍സെന്റ് അബൂബക്കര്‍ കാണിച്ചതും മാന്ത്രികത തന്നെ.

ഒരു വില്ലനുണ്ട്..!
വില്ലന്‍ പരിവേഷം സെനഗലിന്റെ സൂപ്പര്‍ താരം സാദിയോ മാനെക്കാണ്. കാമറൂണിനെതിരെ ക്വാര്‍ട്ടറില്‍ നിര്‍ണായക ഷൂട്ടൗട്ട് കിക്ക് പുറത്തേക്കടിച്ചാണ് ലിവര്‍പൂള്‍ താരം വില്ലനായത്.