സഊദിയില്‍ മഴ ചാറി; കൊടും തണുപ്പിന് നേരിയ ആശ്വാസം

Posted on: February 8, 2017 11:16 am | Last updated: February 8, 2017 at 11:16 am
SHARE

ദമ്മാം: സഊദിയുടെ വിവിധഭാഗങ്ങളില്‍ ചാറ്റല്‍ മഴ ലഭിച്ചതോടെ ചിലയിടങ്ങളില്‍ പൂജ്യം ഡിഗ്രിയിലേക്ക് പോയ കൊടും തണുപ്പിന് നേരിയ ആശ്വാസം. കടുത്ത മഞ്ഞുവീഴ്ചയും പൊടിക്കാറ്റുമായി സമീപകാലത്ത് അനുഭവിക്കാത്തത്ര പ്രകൃതിമാറ്റത്തിലേക്ക് സഊദി പോയിരുന്നു. പ്രത്യേകിച്ച് സഊദിയുടെ വടക്ക് പ്രവിശ്യയില്‍ താപനില പൂജ്യം ഡിഗ്രിക്കും താഴെയായിരുന്നു. അറാര്‍, ഗുറയ്യത്ത്, റഫ്ദ, തുറൈഫ്, അല്‍ ജൗഫ് ഭാഗങ്ങളില്‍ ഇത് കൂടുതലായി അനുഭവപ്പെട്ടു. ഉത്തര അതിര്‍ത്തിയായ ഹായിലിലും അതിശൈത്യം നന്നായി അനുഭവപ്പെട്ടിരിന്നു. ദമ്മാം, ജുബൈല്‍, അല്‍ ഹസ്സ തുടങ്ങിയ കിഴക്കന്‍ മേഖലയില്‍ മിനിഞ്ഞാന്നും റിയാദില്‍ ഇന്നലെയുമാണ് മഴ പെയ്തത്.

സഊദിയുടെ പല ഭാഗങ്ങളിലും നേരിയ തോതില്‍ മഴയുടെ സാന്നിധ്യമുണ്ടായി. റിയാദിലെ പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം പലരെയും അല്‍ഭുതപ്പെടുത്തി. കഴിഞ്ഞ ഞാറാഴ്ച മുതല്‍ കാലാവസ്ഥയില്‍ പ്രകടമായ മാറ്റം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സഊദി ഉള്‍പ്പെടെ ജിസിസി രാഷ്ടങ്ങളിലെ അതിശൈത്യം വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. വെള്ളക്കെട്ടുകള്‍ തണുത്തുറഞ്ഞ് കട്ടകുത്തിയതും മഞ്ഞുവീണ് നിരത്തുകളും അന്തരീക്ഷവും ദൃശ്യപരമല്ലാതായ രംഗവും സാമൂഹ്യമാധ്യമങ്ങളില്‍ പലരും ആഘോഷമാക്കി. മഞ്ഞു വീഴ്ച കടുത്ത ഭാഗങ്ങളില്‍ എമര്‍ജന്‍സി ടീമുകള്‍ റോഡില്‍ നിന്ന് മഞ്ഞു കട്ടകള്‍ നീക്കം ചെയ്യുന്നതിന് സജീവമായി രംഗത്തുണ്ടായിരുന്നു. ഐസ് കട്ടകളില്‍ കുടുങ്ങിയ വാഹനങ്ങളെ െ്രെകന്‍ ഉപയോഗിച്ച് നീക്കുകയും ചെയ്തിരുന്നു. ഇനി താപനില ക്രമേണ ഉയര്‍ന്ന് കാലാവസ്ഥ സാധാരണ നിലയിലാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിച്ചു. ഞാറാഴ്ചവരെ മേഘാവൃതമായ അന്തരീക്ഷം തുടരും.