ശശികലക്കെതിരെ തുറന്നടിച്ച പനീര്‍ ശെല്‍വം ഒരൊറ്റ രാത്രികൊണ്ട് സോഷ്യല്‍മീഡിയയില്‍ താരമായി

Posted on: February 8, 2017 10:33 am | Last updated: February 8, 2017 at 1:37 pm
SHARE

ചെന്നൈ: സോഷ്യല്‍ മീഡയിയില്‍ എന്നും പരിഹാസ കഥാപാത്രമായിരുന്നു തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം. പെണ്ണുങ്ങളുടെ സീറ്റിലിരിക്കുന്നവന്‍ എന്നാണ് തെളിഞ്ഞും ഒളിഞ്ഞും ആളുകള്‍ വിമര്‍ശിച്ചിരുന്നത്. ഇന്നലെ അര്‍ധരാത്രിയോ പനീര്‍ശെല്‍വത്തിനെതിരെയുള്ള പഴികള്‍ സോഷ്യല്‍മീഡിയ അവസാനിപ്പിച്ചു. ഇപ്പോള്‍ പനീര്‍ശെല്‍വമാണ്് സോഷ്യല്‍മീഡിയയുടെ കബാലി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലക്കെതിരെ പരസ്യമായി രംഗത്തെത്തിയതിനെ സോഷ്യല്‍മീഡിയ കയ്യടിച്ചാണ് എതിരേറ്റത്. പനീര്‍ശെല്‍വത്തിന് അഭിവാദ്യമര്‍പ്പിച്ചും പ്രശംസിച്ചുമാണ് പോസ്റ്റുകളും സോഷ്യല്‍മീഡിയയില്‍ പ്രവഹിക്കുന്നത്.

66കാരനായ ഒപിഎസിനെ തലൈവറെന്നും നായകനെന്നുമാണ് പലരും വിശേഷിപ്പിക്കുന്നത്. പനീര്‍ശെല്‍വത്തെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ നായക കഥാപാത്രങ്ങളിലും ചിലര്‍ എത്തിച്ചിരിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് പനീര്‍ശെല്‍വം തുടരണമെന്ന് ആവശ്യപ്പെട്ട് ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്. ഒപിഎസ് എന്ന ഹാഷ്ടാഗും ഒപിഎസ് വീണ്ടും മുഖ്യമന്ത്രിയാകണം എന്നര്‍ത്ഥം വരുന്ന ഹാഷ്ടാഗും വൈറലായി. സോഷ്യല്‍ മീഡിയയില്‍ ഒപിഎസ് അനുകൂലികള്‍ കൂട്ടത്തോടെ കയറിയപ്പോള്‍ പനീര്‍ശെല്‍വം ട്വിറ്ററില്‍ ട്രെന്‍ഡിങ്ങുമായി.