യു പി: സ്ഥാനാര്‍ഥികളില്‍ 20 ശതമാനം ക്രിമിനലുകള്‍

Posted on: February 8, 2017 9:32 am | Last updated: February 8, 2017 at 12:34 am
SHARE

ലക്‌നോ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ കൂടുതലും ബി ജെ പിയില്‍ നിന്ന്. ബി ജെ പി മത്സരരംഗത്ത് ഇറക്കിയിട്ടുള്ള 73 പേരില്‍ 29 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് ഇലക്ഷന്‍ വാച്ചും ഡെമോക്രാറ്റിക് റിഫോംസും പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വയം വ്യക്തമാക്കിയ വിവരങ്ങളാണ് റിപ്പോര്‍ട്ടിനായി ഉപയോഗിച്ചത്.

മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി മത്സരിപ്പിച്ച 73 പേരില്‍ 28 പേര്‍ ക്രിമിനല്‍ കേസുകളില്‍ പെട്ടവരാണ്. രാഷ്ട്രീയ ലോക് ദള്‍ രംഗത്തിറക്കിയ 57 സ്ഥാനാര്‍ഥികളില്‍ 19 പേരും സമാജ്‌വാദി പാര്‍ട്ടിയുടെ 51 പേരില്‍ 15 പേരും കോണ്‍ഗ്രസിന്റെ 24 പേരില്‍ ആറ് പേരും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലം പഠനവിധേയമാക്കി സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കുന്നു. സ്വതന്ത്രരായി മത്സരിക്കുന്ന 293 പേരില്‍ 38 പേര്‍ തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ടെന്ന് സ്വയം പ്രഖ്യാപിച്ചവരാണ്. മൊത്തം സ്ഥാനാര്‍ഥികളില്‍ 20 ശതമാനം പേര്‍ ക്രിമിനല്‍ കേസുള്ളവരാണ്.

ഇതില്‍ 17 ശതമാനം സ്ഥാനാര്‍ഥികളുടെ പേരില്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളാണ് ഉള്ളതെന്നത് ഞെട്ടലുളവാക്കുന്നതാണ്. കൊലപാതകവുമായി ബന്ധപ്പെട്ട കേസുകളിലാണ് 15 സ്ഥാനാര്‍ഥികള്‍ പ്രതികളായിട്ടുള്ളത്. വധശ്രമക്കേസുകളാണ് 42 പേര്‍ക്കെതിരെയുള്ളത്. അഞ്ച് പേര്‍ സ്ത്രീ പീഡന കേസുകളില്‍ പ്രതികളാണെന്ന് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. അഞ്ച് പേര്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതികളാണ്.
ആകെയുള്ള 836 സ്ഥാനാര്‍ഥികളില്‍ 302 പേരും അവരുടെ ആസ്തി ഒരു കോടി രൂപക്ക് മുകളിലാണെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയവരാണ്. ആകെയുള്ള സ്ഥാനാര്‍ഥികളുടെ 36 ശതമാനമാണിത്. 836 സ്ഥാനാര്‍ഥികളുടെ ശരാശരി ആസ്തി 2.81 കോടി രൂപയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോണ്‍ഗ്രസിലെ നാസിര്‍ അഹ്മദ് ആണ് ഏറ്റവും വലിയ ആസ്തി പ്രഖ്യാപിച്ചിട്ടുള്ളത്- 211 കോടി. ബി ജെ പിയിലെ സതീഷ് കുമാര്‍ ശര്‍മയാണ് തൊട്ടു പിന്നില്‍- 114 കോടി. മൂന്നാം സ്ഥാനവും ബി ജെ പിക്ക് തന്നെ- റാണി പക്ഷാലികാ സിംഗ് (58 കോടി). 1000 രൂപ മാത്രം നീക്കിയിരിപ്പുള്ള അംബേദ്കരി ഹസാനുറാം അംബേദ്കരിയാണ് ഏറ്റവും ‘ദരിദ്ര’ സ്ഥാനാര്‍ഥി.