മുസ്‌ലിം വിലക്ക്: യു എസ് സര്‍ക്കാര്‍ വീണ്ടും കോടതിയില്‍

Posted on: February 8, 2017 9:28 am | Last updated: February 8, 2017 at 12:29 am
SHARE

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവദാ യാത്രാ നിരോധ ഉത്തരവ് റദ്ദാക്കിയ നടപടിക്കെതിരെ അമേരിക്കന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി നിയമപരമാണെന്ന് സാന്‍ ഫ്രാന്‍സിസ്‌കൊ ആസ്ഥാനമായുള്ള അമേരിക്കന്‍ സര്‍ക്യൂട്ട് കോടതിയില്‍ നല്‍കിയ അപ്പീലില്‍ സര്‍ക്കാര്‍ വാദിക്കുന്നു.

ട്രംപിന്റെ ഉത്തരവിനെതിരെ വാഷിംഗ്ടണ്‍, മിനിസോട്ട സംസ്ഥാനങ്ങളാണ് കോടതിയെ സമീപിച്ചത്. യാത്രാ നിരോധ ഉത്തരവ് സ്ഥലവാസികളെ ബാധിക്കുന്നതാണെന്നും വിവേചനപരമാണെന്നും ഇരു സംസ്ഥാനങ്ങളും കോടതിയെ ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് കോടതി ഉത്തരവ് റദ്ദാക്കിയത്. ഈ സാഹചര്യത്തിലാണ് ഉത്തരവ് റദ്ദാക്കിയതിനെതിരെ നീതിന്യായ വകുപ്പ് കോടതിയെ സമീപിച്ചിരിക്കുന്നത്. യാത്രാ നിരോധ ഉത്തരവ് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും ട്രംപിന്റെ നടപടി അദ്ദേഹത്തിന്റെ അധികാര പരിധിക്കുള്ളില്‍നിന്നുകൊണ്ടുള്ളതാണെന്നും നീതിന്യായ വകുപ്പ് കോടതിയെ ബോധിപ്പിച്ചു.