നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത്: 90 കോടി പിഴ ഈടാക്കാന്‍ ഉത്തരവ്‌

Posted on: February 8, 2017 12:24 am | Last updated: February 8, 2017 at 12:24 am
SHARE

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി ദുബൈയില്‍ നിന്ന് രണ്ടായിരത്തിലേറെ കിലോ സ്വര്‍ണം കടത്തിക്കൊണ്ടുവന്ന പ്രതികള്‍ക്ക് തൊണ്ണൂറ് കോടിയോളം രൂപ പിഴയിട്ട് കസ്റ്റംസ് കമ്മീഷണറുടെ ഉത്തരവ്. പ്രതികളുടെ പതിനഞ്ച് വാഹനങ്ങളും മൂവാറ്റുപുഴയിലെ ജ്വല്ലറിയില്‍ നിന്ന് പിടിച്ചെടുത്ത മൂന്ന് കിലോ സ്വര്‍ണാഭരണങ്ങളും കണ്ടുകെട്ടാനും ഉത്തരവായിട്ടുണ്ട്. കള്ളക്കടത്തിന്റെ സൂത്രധാരനും മുഖ്യപ്രതിയുമായ പി എ നൗഷാദില്‍ നിന്ന് അമ്പത് കോടി രൂപ പിഴ ഈടാക്കാനാണ് ഉത്തരവ്.
രണ്ട് വര്‍ഷത്തിനിടെ 1,500 കിലോ സ്വര്‍ണം കടത്തിയെന്ന് മൊഴി നല്‍കിയ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ അസിസ്റ്റന്റായിരുന്ന ജാബിന്‍ കെ ബഷീറിന് ഇരുപത് കോടി രൂപയാണ് പിഴയിട്ടത്. ഒരു പ്രതിക്ക് പത്ത് കോടി രൂപയും മറ്റൊരു പ്രതിക്ക് അഞ്ച് കോടിയും പിഴ ചുമത്തി. 54 പ്രതികള്‍ക്കും പിഴയിട്ടിട്ടുണ്ട്. കുറഞ്ഞ പിഴ രണ്ട് ലക്ഷമാണ്.

അറുനൂറ് പേജുള്ള ഉത്തരവാണ് കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ എന്‍ രാഘവന്‍ ഇന്നലെ പുറത്തിറക്കിയത്. കണ്ടുകെട്ടാന്‍ ഉത്തവായിട്ടുള്ള വാഹനങ്ങള്‍ പിഴത്തുകയടച്ച് പ്രതികള്‍ക്ക് തിരിച്ചെടുക്കാന്‍ കഴിയും. മൂവാറ്റുപുഴയിലെ അമീര്‍ എന്ന പ്രതിയുടെ ജ്വല്ലറിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൂന്ന് കിലോ സ്വര്‍ണമാണ് കണ്ടുകെട്ടാന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍, പിഴയും നികുതിയും അടച്ചാല്‍ സ്വര്‍ണം വിട്ടുകൊടുക്കാം.

പി എ നൗഷാദ് നേതൃത്വം നല്‍കിയ കള്ളക്കടത്ത് സംഘത്തില്‍പ്പെട്ട സലീമില്‍ നിന്ന് 2015 മെയ് 24ന് എട്ട് കിലോ സ്വര്‍ണവും മറ്റൊരാളില്‍ നിന്ന് അഞ്ച് കിലോ സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുത്തതോടെയാണ് കേസിന്റെ അന്വേഷണം തുടങ്ങുന്നത്. പ്രതികള്‍ ഒന്നൊന്നായി പിടിയിലായതോടെയാണ് 2013 അവസാനം മുതല്‍ ഇവര്‍ രണ്ടായിരം കിലോ സ്വര്‍ണം നെടുമ്പാശ്ശേരി വഴി കടത്തിക്കൊണ്ടുവന്നതായി മൊഴി ലഭിച്ചത്.
പിഴ ഈടാക്കുന്നതിനുള്ള ഉത്തരവ് നടപ്പിലാക്കുന്നതിന് കാലതാമസമുണ്ടാകും. പ്രതികള്‍ക്ക് ബെംഗളൂരിലെ അപ്പലറ്റ് ട്രൈബ്യൂണലില്‍ ഉത്തരവിനെ ചോദ്യം ചെയ്യാന്‍ വ്യവസ്ഥയുണ്ട്. പ്രതികളുടെ അപ്പീല്‍ ട്രൈബ്യൂണല്‍ തള്ളിയാല്‍ വസ്തു ജപ്തി ചെയ്ത് തുക ഈടാക്കാം. സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കേന്ദ്ര ഇക്കോണമിക് ഇന്റലിജന്‍സ് ബ്യൂറോ നടപടി ആരംഭിച്ചുവെങ്കിലും പ്രതികള്‍ കോടതിയില്‍ നിന്ന് സ്റ്റേ നേടി. ഇതില്‍ തുടര്‍ അന്വേഷണം നടക്കുന്നുണ്ട്.
നൗഷാദ് ഉള്‍പ്പെടെയുള്ളവരുടെ 56 സ്ഥലങ്ങളിലുള്ള ഏക്കറുകണക്കിന് ഭൂമിയാണ് കണ്ടുകെട്ടാനുള്ളത്. ഇതിന് മുന്നോടിയായി ഈ വസ്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here