Connect with us

Kerala

ഡോക്ടറുടെ കുറിപ്പടിയും ലാബ് ഫലവും മലയാളത്തിലാക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ പരിശോധനാ നിഗമനങ്ങളും ലാബുകളിലെ പരിശോധനാഫലവും മലയാളത്തിലാക്കിയാല്‍ രോഗിയും ഡോക്ടറും തമ്മിലുള്ള ആശയവിനിമയം സുതാര്യമാകുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
സ്വതന്ത്ര്യ പ്രാപ്തിക്ക് ശേഷം പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ മാതൃഭാഷയിലാക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.

പാലക്കാട് പാറശേരി സേതുമാധവന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരന്റെ ഗര്‍ഭിണിയായ ഭാര്യ പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇരട്ട കുട്ടികള്‍ ആണെന്നും ഗര്‍ഭപാത്രത്തിന് വികാസമില്ലാത്തതിനാല്‍ ഗര്‍ഭസ്ഥശിശുക്കള്‍ മരിച്ചതായും ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് ലഭിച്ചില്ല.
അധികൃതരില്‍ നിന്ന് കമ്മീഷന്‍ വിശദീകരണം വാങ്ങിയിരുന്നു. പരാതിക്കാരന്റെ ഭാര്യക്ക് ഗര്‍ഭാവസ്ഥയിലുള്ളത് ഇരട്ടകുട്ടികളാണെന്ന് ഒ പി ടിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നതായി വിശദീകരണത്തില്‍ പറയുന്നു. ഒ പി രജിസ്റ്ററില്‍ ഇരട്ടകുട്ടികളാണെന്ന് രേഖപ്പെടുത്തിയപ്പോള്‍ പരാതിക്കാരന്‍ ഇക്കാര്യം അറിയേണ്ടതായിരുന്നുവെന്ന് വിശദീകരണത്തില്‍ പറയുന്നു. പരാതിക്കാരന്‍ ആംബുലന്‍സ് ആവശ്യപ്പെടാത്തതുകാരണമാണ് നല്‍കാതിരുന്നതെന്നും വിശദീകരണത്തിലുണ്ട്.
ഒ പി രജിസ്റ്ററില്‍ ഇരട്ടകുട്ടികളാണെന്ന് രേഖപ്പെടുത്തിയതുകൊണ്ട് മാത്രം പരാതിക്കാരനും ഭാര്യയും അത് അറിയണമെന്നില്ലെന്ന് കമ്മീഷന്‍ ചൂണ്ടികാണിച്ചു. അക്കാര്യം പരാതിക്കാരനെയോ ഭാര്യയെയോ നേരിട്ട് അറിയിച്ചതായി വിശദീകരണത്തിലില്ല. ഒ പി ടിക്കറ്റിലുള്ളത് ഇംഗ്ലീഷിലുള്ള കുറിപ്പുകളും വിദഗ്ദര്‍ക്ക് മാത്രം മനസ്സിലാകുന്ന സൂചകങ്ങളുമാണെന്ന് കമ്മീഷന്‍ കണ്ടെത്തി. ഒ പി ടിക്കറ്റിലെ ഡോക്ടറുടെ കുറിപ്പ് മലയാളത്തിലായിരുന്നെങ്കില്‍ പരാതിക്കാരന് മനസിലാക്കാമായിരുന്നു.
ആശുപത്രിയും ഡോക്ടര്‍മാരും തന്റെ ഇരട്ടകുട്ടികളുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്ന പരാതിക്കാരന്റെ വാദം തെറ്റല്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ചികിത്സക്കെത്തുന്നവരോട്, പ്രത്യേകിച്ച് ഗര്‍ഭിണികളോട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കികൊടുക്കാനുള്ള ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്കുണ്ട്. യഥാസമയത്തുള്ള ആശയ വിനിമയമില്ലായ്മ പരാതികള്‍ക്ക് ഇട നല്‍കും.
ആംബുലന്‍സ് നല്‍കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ക്ക് സാഹചര്യം ഒരുക്കരുതെന്ന് കമ്മീഷന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും പാലക്കാട് ജില്ല മെഡിക്കല്‍ ഓഫീസര്‍ക്കും നിര്‍ദേശം നല്‍കി.
ഇരട്ട കുട്ടികളുടെ മരണത്തില്‍ ആശുപത്രിയുടെയും ഡോക്ടര്‍മാരുടെയും ഭാഗത്ത് വീഴ്ച ഉണ്ടായില്ലെന്ന് സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സമഗ്ര പുനരനേ്വഷണം നടത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

Latest