Connect with us

National

ശശികലക്കെതിരെ തുറന്നടിച്ച് പനീര്‍ശെല്‍വം;ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിച്ചാല്‍ താന്‍ മുഖ്യമന്ത്രിയായി തുടരും

Published

|

Last Updated

 

ചെന്നൈ: നിയുക്ത തമിഴ്‌നാട് മുഖ്യമന്ത്രി വി കെ ശശികലക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന രാജിവെക്കാന്‍ നിര്‍ബന്ധിനാകുകയായിരുന്നുവെന്നും ജനങ്ങളും പാര്‍ട്ടിയും ആവശ്യപ്പെടുകയാണെങ്കില്‍ രാജി പിന്‍വലിക്കാന്‍ തയ്യാറാണെന്നും പനീര്‍ശെല്‍വം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ശവകുടീരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു പനീര്‍ശെല്‍വത്തിന്റെ പ്രതികരണം.

ഇന്നലെ രാത്രി ഒമ്പതോടെ ജയലളിതയെ അടക്കം ചെയ്ത സ്മാരകത്തിനു മുന്നിലെത്തിയ പനീര്‍ശെല്‍വം നാല്‍പ്പത് മിനുട്ടോളം അവിടെ ധ്യാനനിരതനായി ഇരുന്നു. ജയലളിതയുടെ ആത്മാവ് തന്നോട് ചിലത് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു എന്ന് പറഞ്ഞുകൊണ്ടാണ് നാടകീയമായി പനീര്‍ശെല്‍വം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്. പോയസ് ഗാര്‍ഡനില്‍ നടന്ന യോഗത്തില്‍ വെച്ചാണ് മുഖ്യമന്ത്രി സ്ഥാനം ശശികലക്ക് നല്‍കാന്‍ ആവശ്യപ്പെട്ടതെന്ന് പനീര്‍ശെല്‍വം പറഞ്ഞു. അമ്മയുടെ (ജയലളിത) പാരമ്പര്യത്തിനും പാര്‍ട്ടിയുടെ അഭിമാനത്തിനും ക്ഷതമേല്‍ക്കരുതെന്ന് കരുതിയാണ് ഇതുവരെ ഒന്നും വെളിപ്പെടുത്താതിരുന്നതെന്നും പനീര്‍ശെല്‍വം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്തയാള്‍ മുഖ്യമന്ത്രിയാകരുത്. തന്നോട് മുഖ്യമന്ത്രിയാകാന്‍ ആവശ്യപ്പെട്ടത് അമ്മയാണ്. ജനം ആവശ്യപ്പെട്ടാല്‍ തിരിച്ചുവരുമെന്നും പനീര്‍ശെല്‍വം പറഞ്ഞു.
ശശികലക്കെതിരെ പാര്‍ട്ടിക്കകത്ത് നിന്നും പുറത്തു നിന്നും ഒരേസമയം എതിര്‍പ്പ് രൂക്ഷമായതോടെയാണ് പ്രതിച്ഛായ മെച്ചപ്പെടുത്തിക്കൊണ്ട് പനീര്‍ശെല്‍വം രംഗത്തെത്തിയത്. എന്നാല്‍, പാര്‍ട്ടിക്കകത്ത് നിന്ന് പനീര്‍ശെല്‍വത്തിനെതിരെ രൂക്ഷമായ പ്രതികരണം വരുന്നുണ്ട്. ഇത് പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുന്ന സ്ഥിതിയാണുള്ളത്. ശശികലയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തില്‍ എ ഐ എ ഡി എം കെ നേതാക്കള്‍ രണ്ട് തട്ടിലാവുകയും ശശികല ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഒരാഴ്ചക്കകം സുപ്രീം കോടതി വിധി വരാനിരിക്കുയയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ് നടന്നിരുന്നില്ല.

ഇതിനു പുറമെ ജയലളിതയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കൂടുതല്‍ പേര്‍ രംഗത്തെത്തിയതോടെ ചെന്നൈയിലേക്കുള്ള ഗവര്‍ണറുടെ യാത്ര മാറ്റിവെച്ചു. തമിഴ്‌നാടിന്റെ അധിക ചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നിലവില്‍ മുംബൈയിലാണ്.
പാര്‍ട്ടി നേതാവും മുന്‍ സ്പീക്കറുമായ പി എച്ച് പാണ്ഡ്യനും മകനും മുന്‍ രാജ്യസഭാംഗവുമായ മനോജ് പാണ്ഡ്യനുമാണ് ശശികലക്കെതിരെ ഇന്നലെ ആദ്യം രംഗത്തെത്തിയത്. എം ജി ആറിന്റെയും ജയലളിതയുടെയും അനുഗ്രഹം കൊണ്ടാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കാതിരുന്നതെന്ന് പാണ്ഡ്യന്‍ പറഞ്ഞു. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ പാണ്ഡ്യന്‍ ആരോപിച്ചു.

ഇതിന് പിന്നാലെ ശശികലയെ പിന്തുണച്ച് മുതിര്‍ന്ന നേതാക്കളായ പി എസ് രാമചന്ദ്രന്‍, കെ എ സെങ്കോട്ടയ്യന്‍ എന്നിവര്‍ രംഗത്തെത്തി. നിയമസഭാംഗങ്ങള്‍ ഏകകണ്ഠമായാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും ഇക്കാര്യം ഗവര്‍ണറെ അറിയിച്ചിട്ടുണ്ടെന്നും എ ഐ എ ഡി എം കെ നേതാക്കള്‍ അറിയിച്ചു. ചിന്നമ്മ (ശശികല) മുഖ്യമന്ത്രിയാകുന്നത് ആര്‍ക്കും തടയാനാകില്ലെന്ന് പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സെങ്കോട്ടയ്യന്‍ പറഞ്ഞു.

അതേസമയം, ശശികലക്കെതിരെ ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറും രംഗെത്തത്തി. ജയലളിതക്കൊപ്പം 33 വര്‍ഷമുണ്ടായിരുന്നുവെന്നത് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയല്ലെന്ന് ദീപ പരിഹസിച്ചു. ജനാധിപത്യമായ രീതിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരായിരിക്കണം അധികാരത്തില്‍ എത്തേണ്ടതെന്ന് ദീപ പറഞ്ഞു. പുതിയ പാര്‍ട്ടി രൂപവത്കരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അവര്‍ വ്യക്തമാക്കി.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധി വരുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹരജിയും നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നിയമോപദേശം തേടുകയായിരുന്നു.

---- facebook comment plugin here -----

Latest