ഇന്ത്യയിലെ ഭവന നിര്‍മാണ മേഖലയില്‍ ഖത്വര്‍ 90 ദശലക്ഷം റിയാല്‍ നിക്ഷേപിക്കും

Posted on: February 7, 2017 9:46 pm | Last updated: February 7, 2017 at 9:42 pm

ദോഹ: ഇന്ത്യയിലെ ഹൗസിംഗ് ഫിനാന്‍ രംഗത്തു പ്രവര്‍ത്തിക്കന്ന കമ്പനിയില്‍ 90 ദശലക്ഷത്തിലധികം റിയാല്‍ (250 ദശലക്ഷം ഡോളര്‍) നിക്ഷേപവുമായി ഖത്വര്‍. രാജ്യത്തെ ഗ്രാമീണ വാസികളായ താഴ്ന്ന വരുമാനക്കാര്‍ക്ക് ഭവനനിര്‍മാണ ധനസഹായം നല്‍കുന്നതിനായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ത്‌വേദ ഫണ്ട് മനേജ്‌മെന്റിലാണ് (എ വി എഫ് എം) ഖത്വര്‍ ഹോള്‍ഡിംഗ് നിക്ഷേപം നടത്തുന്നത്. എ വി എഫ് എം കമ്പനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയിലെ സാധാരണക്കാര്‍ക്കുള്ള ഭവന ധനസഹായ മേഖലയില്‍ നടക്കുന്ന ആദ്യത്തെ വിദേശ നിക്ഷേപമാണിത്.

2022ല്‍ ഇന്ത്യയിലെ നഗരപ്രദേശങ്ങളില്‍ വസിക്കുന്ന 19 ദശലക്ഷം കുറഞ്ഞ വരുമാനക്കാരും ഇടത്തരക്കാരുമായ കുടുംബങ്ങള്‍ക്ക് വീട് ആവശ്യമുണ്ടെന്ന് എ വി എഫ് എം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ബിക്രം സെന്‍ പറഞ്ഞു. രാജ്യത്തെ ഒന്ന്, രണ്ട്, മൂന്ന് ശ്രേണിയല്‍ വരുന്ന നഗരങ്ങളിലായി ഒരു ട്രില്യന്‍ അമേരിക്കന്‍ ഡോളര്‍ നിക്ഷേപമാണ് ഈ രംഗത്ത് ആവശ്യം വരുന്നത്. വധാവന്‍ ഗ്ലോബല്‍ കാപിറ്റല്‍, ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എ വി എഫ് എം. നേരിട്ടുള്ള വിദേശ നിക്ഷേപ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങളെത്തുടര്‍ന്നാണ് ഹൗസിംഗ് ഫിനാന്‍സ് രംഗത്ത് സാധ്യത തെളിയുന്നത്. ദുബൈ സി ഐ ഹോള്‍ഡിംഗ് ഗ്ലോബലുമായി സഹകരിച്ചും നിക്ഷേപമെത്തിക്കും.