Connect with us

Gulf

ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ഖത്വര്‍ നാഷനല്‍ ബേങ്ക്‌

Published

|

Last Updated

ദോഹ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബേങ്കായ ക്യു എന്‍ ബി ഇന്ത്യയിലും സഊദി അറേബ്യയിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. രാജ്യാന്തര പ്രവര്‍ത്തനത്തിലൂടെ 50 ശതമാനം അറ്റാദായം ലക്ഷ്യമാക്കിയാണ് ഇത്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ (മീസി) അടക്കമുള്ള അന്താരാഷ്ട്ര വളര്‍ച്ച വേഗത്തിലാക്കുന്നതിനൊപ്പം ആഭ്യന്തര വിപണിയിലെ മേധാവിത്തം നിലനിര്‍ത്തുകയുമാണ് ലക്ഷ്യമെന്ന് ക്യു എന്‍ ബി ചെയര്‍മാനും ധനമന്ത്രിയുമായ അലി ശരീഫ് അല്‍ ഇമാദി പറഞ്ഞു.

സഊദിയിലും ഇന്ത്യയിലും ബ്രാഞ്ചുകള്‍ തുറക്കാന്‍ ഈ വര്‍ഷം മുതല്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിലൂടെ ഏഷ്യയിലെ ഏറ്റവും വലുതും ചലനാത്മകവുമായ വിപണികളില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ സാധിക്കും. ചൈനയിലെയും ഇന്ത്യയിലെയും പ്രതിനിധി ഓഫീസുകള്‍ പൂര്‍ണതോതിലുള്ള ബ്രാഞ്ചുകളാക്കി മാറ്റും. 2020ഓടെ മീസി മേഖലയിലെ മുന്‍നിര ബ്രാന്‍ഡായി ബേങ്ക് മാറും. മറ്റ് ഏഷ്യന്‍ വിപണിയില്‍ പുതിയ അവസരങ്ങള്‍ തേടുകയും ചെയ്യും. ഈ വര്‍ഷം തെക്കുകിഴക്കന്‍ ഏഷ്യയെ പ്രത്യേകം കേന്ദ്രീകരിക്കും. നിലവില്‍ മൂന്ന് ഭൂഖണ്ഡങ്ങളിലെ 30 രാഷ്ട്രങ്ങളില്‍ ക്യു എന്‍ ബി പ്രവര്‍ത്തിക്കുന്നുണ്ട്. ഭൗമശാസ്ത്ര വൈവിധ്യവത്കരണത്തിലൂടെ സഹജമായ പ്രയാസവും വ്യവസായത്തിലെ അസ്ഥിതരതയും ലഘൂകരിക്കാന്‍ സാധിക്കും.

കഴിഞ്ഞ വര്‍ഷത്തെ അറ്റാദായത്തില്‍ 37 ശതമാനം അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളില്‍ നിന്നാണ്. 2015ല്‍ ഇത് 31 ശതമാനമായിരുന്നു. അന്താരാഷ്ട്ര- ആഭ്യന്തര പ്രവര്‍ത്തനങ്ങളില്‍ നിന്ന് 50:50 ലാഭ നിരക്ക് നേടാനാണ് ലക്ഷ്യം. ആഗോള വളര്‍ച്ചയുടെ പ്രധാന ബിന്ദു മീസി വിപണികളായിരിക്കും. ഗതാഗതം, റിയല്‍ എസ്റ്റേറ്റ്, ഊര്‍ജം, ടെലികോം, ആരോഗ്യരക്ഷ, വിദ്യാഭ്യാസം, വിനോദസഞ്ചാരം അടക്കമുള്ളവയില്‍ വിവിധങ്ങളായ സാമൂഹിക- സാമ്പത്തിക വികസനങ്ങള്‍ക്കാണ് മീസി മേഖല സാക്ഷിയാകുന്നത്. ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തുന്നതിനാല്‍ തെക്കുകിഴക്കന്‍ ഏഷ്യയുടെ മേഖലാതല സാമ്പത്തിക വളര്‍ച്ച 4.8 ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്. എ ടി എമ്മുകളില്‍ ചെക്ക് നിക്ഷേപിക്കല്‍ പോലുള്ള അത്യാധുനിക സേവനങ്ങളും അവതരിപ്പിക്കും. ഉപഭോക്താക്കളെ തിരിച്ചറിയുന്നതിന് ബയോമെട്രിക് സാങ്കേതികവിദ്യകള്‍ കൂടുതലായി ഉപയോഗിക്കും.

 

Latest