ഖത്വറില്‍ ഗതാഗത സുരക്ഷയ്ക്കായി 700 കിലോമീറ്റര്‍ ഹൈവേകള്‍

Posted on: February 7, 2017 9:10 pm | Last updated: February 7, 2017 at 9:10 pm

ദോഹ: ഗതാഗത സുരക്ഷ മുന്‍നിര്‍ത്തി രാജ്യത്തെ റോഡുകളുടെ നവീകരണത്തിനായി വന്‍കിട പദ്ധതികള്‍ നടപ്പിലാക്കി വരുന്നതായി അശ്ഗാല്‍. അപകടരഹിത റോഡുകള്‍ എന്ന ലക്ഷ്യത്തില്‍ 700 കിലോമീറ്റര്‍ ഹൈവേകളാണ് രാജ്യത്ത് വികസിപ്പിച്ചു വരുന്നതെന്ന് ഖത്വര്‍ പബ്ലിക് വര്‍ക്‌സ് അതോറിറ്റി (അശ്ഗാല്‍) ചെയര്‍മാന്‍ ഡോ. സാദ് ബിന്‍ അഹ്മദ് ബിന്‍ ഇബ്രാഹിം അല്‍ മുഹന്നദി അറിയിച്ചു.

ദേശീയ റോഡ് ഗതാഗത നയാസൂത്രണവുമായി ബന്ധപ്പെട്ട മൂന്നാമത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനത്തിനാണ് അശ്ഗാല്‍ ശ്രമിക്കുന്നത്. ഗതാത സുരക്ഷയ്ക്കു വേണ്ടി തയാറാക്കി 2013-2017 പദ്ധതിയുടെ ഭാഗമായി 34 പ്രധാന പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയാക്കി. 1500 കിലോമീറ്റര്‍ റോഡുകള്‍ നിരീക്ഷണത്തിനു വിധേയമാക്കി അറ്റകുറ്റപ്പണികള്‍ നടത്തി.

വിദ്യാലയങ്ങള്‍ക്കു സമീപം ഗാതഗത സുരക്ഷ ഉറപ്പു വരുത്തുന്നതിനായി വന്‍കിട പദ്ധതി നടപ്പിലാക്കി വരുന്നതായും അദ്ദേഹം അറിയിച്ചു. സ്‌കൂളുകളിലേക്കും വരികയും പോകുകയും ചെയ്യുന്ന വിദ്യാര്‍ഥികളുടെ സുരക്ഷയാണ് ഉദ്ദേശിക്കുന്നത്. രാജ്യത്തെ 380ലധികം സ്‌കൂളുകള്‍ക്ക് സുരക്ഷക്കാവശ്യമായ സൗകര്യങ്ങളും അശ്ഗാല്‍ നല്‍കുന്നു. ഗതഗാത സുരക്ഷക്കു വേണ്ടി ആവിഷ്‌കരിച്ച പദ്ധതികള്‍ അടുത്ത അഞ്ചു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിച്ചു വരികയാണ്. ഖത്വര്‍ ദേശീയ ദര്‍ശനരേഖ മുന്നോട്ടു വെക്കുന്ന ഗതാഗഗത സുരക്ഷിത രാജ്യം എന്ന ലക്ഷ്യം കൈവരിക്കുന്നതിനു വേണ്ടിയാണ് അശ്ഗാല്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ സംഘടിപ്പിച്ച ഫോറം ഗതാഗത, ആശയവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്വി ഉദ്ഘാടനം ചെയ്തു. ദേശീയ ഗതാഗത സുരക്ഷാ നയം 2013-2022ന്റെ അടുത്ത ഘട്ടത്തില്‍ നടപ്പിലാക്കാനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തു.

ഗതാഗത സുരക്ഷയ്ക്കു വേണ്ടി ആസൂത്രണം ചെയ്ത 89 പദ്ധതികളില്‍ 56 പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയാക്കിയതായി നാഷനല്‍ ട്രാഫിക് സേഫ്റ്റി കമ്മിറ്റി വൈസ് ചെയര്‍മാന്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സാദ് അല്‍ ഖര്‍ജി പറഞ്ഞു. ശേഷിക്കുന്ന 33 പദ്ധതികള്‍ ഈ വര്‍ഷം ജൂണിനകം പൂര്‍ത്തിയാക്കും. നിയമം, ഗതാഗത ബോധവത്കരണം, ഡ്രൈവിംഗ് ലൈസന്‍സ്, അപകടങ്ങളോടുള്ള പ്രതികരണം, ട്രാഫിക് എന്‍ജിനീയറിംഗ്, അപകട അന്വേഷണം തുടങ്ങിയ മേഖലകളിലാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഗതാഗത നിയമലംഘനങ്ങള്‍ കുറക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനം ശക്തവും വേഗത്തിലുമാക്കുന്നതിന് നടപടി സ്വീകരിക്കുന്നുണ്ട്. ട്രാഫിക് പട്രോളുകള്‍ വര്‍ധിപ്പക്കുന്നതുള്‍പ്പെടെയുള്ള നടപടികളാണ് സ്വീകരിക്കുന്നത്. കൂടുതല്‍ റോഡുകളില്‍ റഡാറുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.