Connect with us

Gulf

കഴിഞ്ഞ നാലു മാസത്തിനിടയില്‍ 39,000 പാക്കിസ്ഥാനികളെ സഊദിയില്‍ നിന്ന് നാടുകടത്തി

Published

|

Last Updated

ദമ്മാം: കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ തൊഴില്‍, താമസ നിയമ ലംഘനങ്ങളുള്‍പ്പെടെ രാജ്യത്തിനു നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 39,000 പാക്കിസ്ഥാന്‍ സ്വദേശികളെ സഊദിയില്‍ നിന്ന് കയറ്റി അയച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പൊതു സമൂഹത്തെ ഭീതിയിലാഴ്ത്തും വിധം ദാഇഷ് ബന്ധമുള്ള ചില തീവ്രവാദ പ്രവര്‍ത്തനങ്ങളിലും പാക്കിസ്ഥാനികള്‍ കൂടുതലായി ഏര്‍പ്പെടുന്നത് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ നാടു കടത്തപ്പെട്ടവരില്‍ മദ്യക്കടത്ത്, കളവ്, കള്ളരേഖയുണ്ടാക്കല്‍, ശാരീരികാക്രമം എന്നീ കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ടവരാണുള്ളത്.

രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന പാകിസ്ഥാന്‍ സ്വദേശികളെ സസൂക്ഷ്മം പരിശോധനക്ക് വിധേയമാക്കി മാത്രമേ വിസ നല്‍കൂ എന്ന് ശൂറാ കൗണ്‍സില്‍ സുരക്ഷാ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ല അല്‍ സദൂന്‍ ആഹ്വാനം ചെയ്തു. റിക്രൂട്ട്‌മെന്റിനു മുമ്പ് രാഷ്ട്രീയമായും മതപരമായും അവരുടെ ചായ്‌വ് ഉറപ്പു വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തവാസുല്‍ (കമ്മ്യൂണിക്കേഷന്‍ വിന്റോ) വെബ്‌സൈറ്റ് പ്രകാരം നിലവില്‍ ഒരു വനിതയുള്‍പ്പെടെ 82 പാകിസ്ഥാനികള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ജയിലില്‍ ഉണ്ട്. ഒട്ടുമിക്ക തീവ്രവാദ കേസുകളിലും ഇവരുടെ പങ്ക് ചെറുതല്ല. ഇന്നലെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിടിക്കപ്പെട്ട 29 കെനിയന്‍ വനിതകളെയും അവരുടെ പിന്നില്‍ പ്രവര്‍ത്തിച്ച മൂന്ന് പാകിസ്ഥാനികളെയും റിയാദില്‍ പിടികൂടിയിരുന്നു.