Connect with us

Sports

നായകസ്ഥാനം ഒഴിഞ്ഞ് അലിസ്റ്റര്‍ കുക്ക്‌

Published

|

Last Updated

ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ പദവിയില്‍ നിന്ന് അലിസ്റ്റര്‍ കുക്ക് രാജിവെച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യയോട് 4-0ന് ടെസ്റ്റ് പരമ്പര തോറ്റതിന് ശേഷം കുക്ക് രാജി സൂചന നല്‍കിയിരുന്നു. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുക എന്നത് പ്രയാസമേറിയ തീരുമാനമായിരുന്നു. എന്നാല്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് – കുക്ക് രാജിവെച്ചതിന് ശേഷം പറഞ്ഞു. മുപ്പത്തിരണ്ടുകാരനായ കുക്ക് 2012 ആഗസ്റ്റിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ സാരഥ്യമേറ്റെടുക്കുന്നത്. തൊട്ടടുത്ത വര്‍ഷം ആഷസ് പരമ്പര നേടിക്കൊണ്ട് കുക്ക് നേതൃഗുണം തെളിയിച്ചു. 2015 ല്‍ ആഷസ് നിലനിര്‍ത്തിയതോടെ ഇംഗ്ലണ്ട് കണ്ട മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലേക്ക് കുക്ക് ഉയര്‍ന്നു.

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് താരമായി തുടരുവാന്‍ കുക്ക് തയ്യാറാണ്. പുതിയ ക്യാപ്റ്റന് എല്ലാ വിധ പിന്തുണയും നല്‍കുന്ന സഹതാരമായി താന്‍ ഒപ്പമുണ്ടാകുമെന്ന് കുക്ക് പറയുന്നു. ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവുമധികം റണ്‍സ് (11,057) നേടിയത് കുക്ക് ആണ്. 140 ടെസ്റ്റുകളില്‍ മുപ്പത് സെഞ്ച്വറികള്‍ നേടി കുക്ക് ഇംഗ്ലീഷ് റെക്കോര്‍ഡ് സൂക്ഷിക്കുന്നു.
59 ടെസ്റ്റുകളിലാണ് കുക്ക് ഇംഗ്ലണ്ടിനെ നയിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷം ടീമിനെ തന്റെ ദൃഢനിശ്ചയത്താലും ആത്മവീര്യത്താലും നയിച്ച വ്യക്തിയാണ് കുക്ക്. അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ ഇംഗ്ലണ്ട് ടീമിന്റെ കൂടി റെക്കോര്‍ഡായി മാറി – മുന്‍ നായകനും ഇംഗ്ലണ്ട് & വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ക്രിക്കറ്റ് ഡയറക്ടറുമായ ആന്‍ഡ്രൂ സ്‌ട്രോസ് പറഞ്ഞു.