അനുരാഗ് നിയമിച്ചവരെ പുറത്താക്കി വിനോദ് റായ് പണി തുടങ്ങി

Posted on: February 7, 2017 5:58 pm | Last updated: February 7, 2017 at 7:59 pm
നിഷാന്ത് അറോറ

ന്യൂഡല്‍ഹി: സൂപ്രീം കോടതി നിയമിച്ച ബി സി സി ഐ ഭരണ സമിതി ഇന്ത്യന്‍ ക്രിക്കറ്റില്‍ ശുദ്ധികലശം ആരംഭിച്ചു. പുറത്താക്കപ്പെട്ട പ്രസിഡന്റ് അനുരാഗ് ഠാക്കൂറും സെക്രട്ടറി അജയ് ഷിര്‍ക്കെയും നിയമിച്ച ഉദ്യോഗസ്ഥരെ ഭരണ സമിതി മേധാവി വിനോദ് റായ് പുറത്താക്കി. ഇതിന് പുറമെ ടീം ഇന്ത്യ മീഡിയ മാനേജര്‍ നിഷാന്ത് അറോറയുടെ സേവനവും പുതിയ ഭരണ സമിതി അവസാനിപ്പിച്ചു.

ജനുവരി രണ്ടിന് സുപ്രീം കോടതി അനുരാഗ് ഠാക്കൂറിനെയും അജയ് ഷിര്‍ക്കെയെയും ബി സി സി ഐ ഭാരവാഹി സ്ഥാനത്ത് നിന്ന് പുറത്താക്കിയ നടപടികളെ അനുസ്മരിപ്പിക്കുന്നതായിരുന്നു വിനോദ് റായി കൈക്കൊണ്ട ഈ പുറത്താക്കല്‍ നടപടി. ഓഫീസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വവും വിശ്വാസയോഗ്യവുമാക്കുവാന്‍ വേണ്ടിയാണ് വിനോദ് റായ് കടുത്ത നടപടി സ്വീകരിച്ചത്. ടീം ഇന്ത്യ മീഡിയ മാനേജര്‍ നിഷാന്ത് അറോറ അനുരാഗ് ഠാക്കൂറിന് വേണ്ടി ചാരപ്പണി നടത്തുന്നതായി വ്യക്തമായതിനെ തുടര്‍ന്നാണ് ജോലി അവസാനിപ്പിച്ചത്. ടീമിന്റെ ഡ്രസിംഗ് റൂം രഹസ്യങ്ങള്‍ നിഷാന്ത് അറോറ മുന്‍ പ്രസിഡന്റിനെ അറിയിക്കുന്നുവെന്ന് പത്രറിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ടീമിലെ രണ്ട് സീനിയര്‍ താരങ്ങള്‍ തന്നെയാണ് വിനോദ് റായിയെ ഇക്കാര്യം അറിയിച്ചതെന്നും സൂചനയുണ്ട്.
മീഡിയ മാനേജര്‍ ടീമിന്റെ മാധ്യമ ബന്ധം മാത്രം നോക്കിയാല്‍ മതി എന്നിരിക്കെ എല്ലാ കാര്യങ്ങളിലും ഇടപെടുന്നത് ദുരുദ്ദേശ്യത്തോടെയാണെന്ന് കളിക്കാര്‍ പരാതിപ്പെട്ടു. കളിക്കാരുടെ ആഘോഷപരിപാടികളിലും ചര്‍ച്ചകളിലും പ്ലെയിംഗ് ഇലവനെ തീരുമാനിക്കുന്നിടത്തുമെല്ലാം മീഡിയ മാനേജര്‍ നുഴഞ്ഞു കയറുന്നത് അനുരാഗ് ഠാക്കൂറിന്റെ നിര്‍ദേശപ്രകാരമാണെന്നത് ഭരണസമിതി ഗൗരവത്തോടെയാണ് നോക്കിക്കണ്ടത്. അനുരാഗ് ഠാക്കൂറിന്റെ സോഷ്യല്‍മീഡിയ എക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഇപ്പോഴും നിഷാന്ത് അറോറയാണ്. എന്നാല്‍, തന്നെ കുറിച്ച് വന്ന റിപ്പോര്‍ട്ടുകളെല്ലാം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിഷാന്ത് സ്ഥാനം രാജിവെച്ചത്.