Connect with us

Gulf

കുവൈത്ത് സ്പോർട്ട്സ് മന്ത്രി രാജിവെച്ച് സർക്കാരിനെ രക്ഷിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി: ബുധനാഴ്ച അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാനിരിക്കെ കുവൈത്ത് കായിക, വാര്‍ത്തവിനിമയ മന്ത്രി ശൈഖ് സല്‍മാന്‍ ഹമൂദ് അസ്സബാഹ് പ്രധാനമന്ത്രിക്ക് തന്റെ രാജി സമര്‍പ്പിച്ചു. അന്താരാഷ്ട്ര കായികവേദികളില്‍ കുവൈത്തിനേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിപ്പിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് എം.പിമാരായ വലീദ് തബ്തബാഇ, അല്‍ ഹുമൈദി അല്‍ സുബിഹ്, അബ്ദുല്‍ വഹാബ് അല്‍ ബാബ്തൈന്‍ എന്നിവര്‍ കായിക മന്ത്രിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

പാര്‍ലമെന്‍റില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഈ മാസം എട്ടിന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം നിര്‍ദേശം നല്‍കിയത്. അവിശ്വാസപ്രമേയം പാസ്സാവുകയാണെങ്കിൽ  സര്‍ക്കാര്‍ രാജിവെക്കേണ്ട സ്ഥിതി വരുമായിരുന്നു.ഈ സാഹചര്യമാണ് മന്ത്രിയുടെ രാജിയിലൂടെ ഒഴിവായത്. അവിശ്വാസ പ്രമേയത്തില്‍ എം.പിമാരെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ വേണ്ടത്ര വിജയം കാണാഞ്ഞതിലാണ്  മന്ത്രിയുടെ രാജി. മന്ത്രിക്കെതിരെ വോട്ടുചെയ്യുമെന്ന് 30ലേറെ എം.പിമാര്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ അനുകൂല പക്ഷത്തെ ചില പാര്‍ലമെന്‍റംഗങ്ങളും മന്ത്രിക്കെതിരെ നിലപാടെടുത്തതാണ് കാര്യങ്ങളെ സങ്കീര്‍ണമാക്കിയത്. .

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി, ഫിഫ തുടങ്ങിയ സംഘടനകള്‍ കുവൈത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുന്നതില്‍ കായിക മന്ത്രി പരാജയപ്പെട്ടതായി എം.പിമാര്‍ ആരോപിച്ചു.  ഒളിമ്പിക് ചാര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട്  വിലക്കിന് വഴിയൊരുക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് അധികൃതര്‍ ചെയ്യുന്നതെന്നു അബ്ദുല്‍ വഹാബ് അല്‍ ബാബ്തൈന്‍ എം.പി ആരോപിച്ചു. അതേസമയം, ആരോപണങ്ങള്‍ മന്ത്രി നിഷേധിച്ചു. കുവൈത്തിലെ കായിക സംഘടനകളുടെ തലപ്പത്തുണ്ടായിരുന്നവരുടെ തെറ്റായ  നീക്കങ്ങളായിരുന്നു കാരണമെന്നാണ്  അദ്ദേഹത്തിന്‍െറ വിശദീകരണം.