ലോ അക്കാദമിയിലെ വിവാദ ഹോട്ടല്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പൂട്ടിച്ചു

Posted on: February 7, 2017 2:56 pm | Last updated: February 7, 2017 at 2:56 pm
SHARE

തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിയിലെ വിവാദ ഹോട്ടല്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പൂട്ടിച്ചു. ഹോട്ടലിന് മുന്നില്‍ പ്രവര്‍ത്തകര്‍ കൊടിനാട്ടി. മേശകളും കസേരകളും അവിടെനിന്ന് എടുത്തുമാറ്റി. അതിനിടെ, ലോ അക്കാദമി പരിസരത്തെ സഹകരണ ബാങ്ക് പൂട്ടിക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് തടഞ്ഞു.

സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ പകുതിയിലേറെ ഉപയോഗിച്ചിട്ടില്ലെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. കോളേജിനായി നിര്‍മിച്ച കെട്ടിടത്തില്‍ സഹകരണ ബാങ്കും ഹോട്ടലും പ്രവര്‍ത്തിക്കുന്നത് നിബന്ധനകള്‍ മറികടന്നാണെന്നും ആരോപണമുണ്ടായിരുന്നു. അക്കാദമി കാന്റീന്‍ എന്ന പേരില്‍ നടത്തുന്ന റസ്റ്റോറന്റിന് ഭക്ഷ്യസുരക്ഷാ ലെസന്‍സില്ലെന്നും റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു.

സഹകരണ ബാങ്ക് ശാഖക്ക് അനുമതി നല്‍കിയത് കോളേജ് വിദ്യാര്‍ഥികളുടെ ഫീസ് പിരിക്കാനുള്ള സൗകര്യാര്‍ഥമാണെന്നാണ് മാനേജ്‌മെന്റ് റവന്യൂ സംഘത്തിന് നല്‍കിയ വിശദീകരണം. എന്നാല്‍ ഫീസ് പിരിവിന് പുറമെ പുറത്തുള്ള എല്ലാ സേവനങ്ങളും ഇവിടെ അനുവദിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. മാത്രവുമല്ല ക്യാമ്പസിനകത്ത് നിന്ന് ബാങ്കിലേക്ക് പ്രവേശന കവാടവുമില്ല.