തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രധാനമന്ത്രി

Posted on: February 7, 2017 1:28 pm | Last updated: February 8, 2017 at 10:38 am

ന്യൂഡല്‍ഹി: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രധാനമന്ത്രി മോദി. അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ വന്‍ ശക്തികള്‍ക്കെതിരെ നീങ്ങുമ്പോള്‍ ഇത് സ്വാഭാവികമാണെന്ന് അത് വകവെക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം തയ്യാറെടുപ്പോടെയായിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ശ്രമം ടിവിയില്‍ മുഖം കാണിക്കാനാണ്. അഴിമതിക്കാര്‍ വരിവരിയായി ജയിലില്‍ പോകാന്‍ തയ്യാറായിക്കൊള്ളൂ എന്ന മുന്നറിയിപ്പും മോദി നല്‍കി. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

കോണ്‍ഗ്രസിനെ കടന്നാക്രമിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഒരു കുടുംബമാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്ന ധാരണ കോണ്‍ഗ്രസ് തിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. താന്‍ പ്രസംഗിച്ചാല്‍ ഭൂകമ്പമുണ്ടാകുമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ മോദി പരിഹസിച്ചു. ഒടുവില്‍ ഡല്‍ഹിയില്‍ ഭൂകമ്പമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ഒടുവില്‍ ഡല്‍ഹിയില്‍ ഭൂകമ്പമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഉത്തരേന്ത്യയിലുണ്ടായ ഭൂകമ്പം പരാമര്‍ശിച്ചായിരുന്നു മോദിയുടെ വിമര്‍ശം.

കോണ്‍ഗ്രസ് തീരുമാനങ്ങളെടുക്കുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. താന്‍ അങ്ങനെയല്ല. അതുകൊണ്ട് തന്നെ കടുത്ത തീരുമാനങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.