ജയലളിതയുടെ മരണത്തില്‍ ദുരൂഹതയെന്ന് എഐഎഡിഎംകെ നേതാവ് പിഎച്ച് പാണ്ഡ്യന്‍

Posted on: February 7, 2017 12:04 pm | Last updated: February 7, 2017 at 7:41 pm

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് എഐഎഡിഎംകെ നേതാവ് പിഎച്ച് പാണ്ഡ്യന്‍. ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് സെപ്തംബര്‍ 22ന് പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തില്‍ ആരോ ജയയെ പിടിച്ചുതള്ളി. തുടര്‍ന്ന് കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പാണ്ഡ്യന്‍ ആരോപിച്ചു.

ശശികലയും കുടുംബവും തന്നെ വിഷം നല്‍കി കൊലുപെടുത്തുമോ എന്ന് ഭയക്കുന്നതായി ജയലളിത തന്നോട് പറഞ്ഞിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ ജയ ശശികലക്ക് ഒരു പദവിയും നല്‍കിയില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാനുള്ള ഒരു ചട്ടവും ശശികലയുടെ കാര്യത്തില്‍ ഉണ്ടായില്ല. ജയലളിതയുടെ ആരോഗ്യസ്ഥിതി മുതിര്‍ന്ന നേതാക്കളില്‍ നിന്നുപോലും മറച്ചുവെച്ചുവെന്നും മുന്‍ സ്പീക്കര്‍ ആയിരുന്ന പാണ്ഡ്യന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി തലപ്പത്തിരിക്കാനോ മുഖ്യമന്ത്രിയാകാനോ ശശികലക്ക് അര്‍ഹതയില്ലെന്നും പാണ്ഡ്യന്‍ കൂട്ടിചേര്‍ത്തു.

ശശികലയോ അവരുടെ ബന്ധുക്കളോ ജയലളിതക്ക് ഹൃദയാഘാതമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ദുഃഖിച്ചിരുന്നില്ല. എന്നാല്‍ മരണശേഷം മൃതദേഹത്തിന് സമീപം ഇവരെ കണ്ടപ്പോള്‍ ഞങ്ങളെല്ലാം അത്ഭുതപ്പെട്ടുപോയെന്നും പാണ്ഡ്യന്‍ പറഞ്ഞു. ജയലളിതയുടെ തോഴിയായിരുന്ന ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പുയരുന്നത്.