കാര്യാട്ട് കുഞ്ഞമ്മദ് ഹാജിയെ ഓര്‍ക്കുമ്പോള്‍

Posted on: February 7, 2017 8:42 am | Last updated: February 7, 2017 at 8:42 am

വടകര ആയഞ്ചേരിയിലെ പൗരപ്രമുഖനും മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ ട്രഷററുമായിരുന്ന കാര്യാട്ട് കുഞ്ഞമ്മദ് ഹാജി കോഴിക്കോട് ജില്ലയിലെ, വിശേഷിച്ച് വടകര, കൊയിലാണ്ടി താലൂക്കുകളില്‍ മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന ഒരപൂര്‍വ വ്യക്തിയായിരുന്നു. തികഞ്ഞ മതഭക്തനും ധര്‍മനിഷ്ഠനുമായിരുന്നു അദ്ദേഹം. ജാതിമതഭേദമന്യേ എല്ലാവരുടെയും പ്രയപ്പെട്ട കാരണവരായി അര നൂറ്റാണ്ടിലേറെക്കാലം ഈ പ്രദേശങ്ങളില്‍ തിളങ്ങിനിന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും വക്താവാകാതെ തന്നെ എല്ലാ രാഷ്ട്രീയ നേതാക്കളെയും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും സമീപിച്ച് സമൂഹത്തിന്റെയും നാടിന്റെയും ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇടതുവലതു വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സന്ദര്‍ശകരുമായിരുന്നു.
എഴുപതുകളുടെ അവസാനത്തില്‍ വടകര താലൂക്ക് എസ് എസ് എഫ് സെക്രട്ടറിയായി ഞാന്‍ പ്രവര്‍ത്തിക്കുന്നു. അത് അടിയന്തരാവസ്ഥക്കാലമായിരുന്നു. താലൂക്ക് കമ്മിറ്റിയുടെ സുന്നീ സമ്മേളനം തിരുവള്ളൂരില്‍ നടത്താന്‍ തീരുമാനിച്ചു. നിയമവശം വേണ്ടത്ര വശമില്ലാത്തതിനാല്‍ മുന്‍കൂട്ടി മൈക്ക് പെര്‍മിഷന്‍ വാങ്ങിയിരുന്നില്ല. നേതാക്കളെയെല്ലാം ക്ഷണിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടത്തി. പെര്‍മിഷന്‍ വാങ്ങിത്തരാന്‍ സ്വാധീനമുള്ള ഒരു ലീഗ് നേതാവിനെ ബന്ധപ്പെട്ടു. പൊതുപരിപാടികള്‍ക്ക് പെര്‍മിഷന്‍ നല്‍കാനുള്ള അധികാരം പോലീസ് സൂപ്രണ്ടിന് മാത്രമായിരുന്നു. ലീഗ് നേതാവ് ഏറെ ശ്രമിച്ചെങ്കിലും പെര്‍മിഷന്‍ നിഷേധിച്ചു. നിരാശപ്പെട്ടു നില്‍ക്കുന്നതിനിടയിലാണ് വടകരയില്‍ കാര്യാട്ടിനെ കാണുന്നത്. അദ്ദേഹത്തോട് ഞാന്‍ വിഷയം പറഞ്ഞു. ഇത് കേട്ട കുഞ്ഞമ്മദ് ഹാജി ഈ ലേഖകനെ കാറില്‍ കയറ്റി നേരെ പോലീസ് സൂപ്രണ്ടിന്റെ വീട്ടിലേക്ക് പോയി. നേരത്തെ നിരസിച്ച അപേക്ഷയായിരുന്നെങ്കിലും എസ് പി സമ്മേളനം നടത്താന്‍ പൂര്‍ണ അനുവാദം നല്‍കി. ഒരു പാര്‍ട്ടിയോടും വിധേയത്വമില്ലാതെ തന്നെ കുഞ്ഞമ്മദ് ഹാജിക്ക് വലിയ സ്വാധീനമായിരുന്നു.
വലിയ ധര്‍മിഷ്ഠനായ അദ്ദേഹം ജാതിമത ഭേദമന്യേ പാവപ്പെട്ടവരുടെ അത്താണിയായിരുന്നു. വിവിധ പ്രശ്‌നങ്ങളുമായി നൂറുകണക്കിന് ആളുകള്‍ ദിനംപ്രതി അദ്ദേഹത്തിന്റെ വീട്ടിലെത്തുമായിരുന്നു. അനാഥരുടെയും അഗതികളുടെയും വിവാഹങ്ങള്‍, വീടു നിര്‍മാണം, ചികിത്സ, പള്ളി മദ്‌റസാ വിഷയങ്ങള്‍ തുടങ്ങിയ സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാരമായി നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞു. കുഞ്ഞമ്മദ് ഹാജിയുടെ താങ്ങും തണലുമില്ലാത്ത മതധര്‍മ സ്ഥാപനങ്ങള്‍ കേരളത്തില്‍ തന്നെ, വിരളമാണെന്ന് പറയാം. എല്ലാ ധര്‍മ സ്ഥാപന ഭാരവാഹികളും സംഘടനകളും പാര്‍ട്ടിക്കാരും അദ്ദേഹത്തെ സമീപിച്ച് സംഭാവനകള്‍ സ്വീകരിച്ചുവന്നു. എല്ലാവരെയും സുസ്‌മേരവദനനായി സ്വീകരിച്ച് സന്തോഷിപ്പിച്ചു വിടുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ ശ്രമഫലമായി ഒട്ടേറെ വിദ്യാഭ്യാസ സാമൂഹിക ധര്‍മ സ്ഥാപനങ്ങളും പള്ളികളും പലയിടങ്ങളിലും ഉയര്‍ന്നുവന്നിട്ടുണ്ട്. കടമേരി റഹ്മാനിയ്യ അറബിക്കോളജിന്റെ തുടക്കം മുതല്‍ അതിന്റെ ശില്‍പ്പിയായ ചീക്കിലോട് കുഞ്ഞമ്മദ് മുസ്‌ലിയാരുടെ കൂടെ രാപ്പകല്‍ ഭേദമില്ലാതെ സഞ്ചരിച്ച് ധനവും ഭക്ഷ്യവസ്തുക്കളും ശേഖരിക്കാന്‍ ഹാജി മുന്നിലുണ്ടായിരുന്നു. കൊയ്ത്തുകാലം വന്നാല്‍ നെല്ല് ശേഖരിച്ച് കൊണ്ടുപോയാണ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്.
ആയഞ്ചേരി മുക്കത്തുംവയല്‍ പ്രദേശത്ത് മനോഹരമായ പള്ളി നിര്‍മിച്ചു നല്‍കി. ആയഞ്ചേരി ടൗണ്‍ മസ്ജിദ്, റഹ്മാനിയ്യ ഹൈസ്‌കൂള്‍ തുടങ്ങി ഡസനിലേറെ സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ സംഭാവനകളാണ്. മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യ, കുറ്റിയാടി സിറാജുല്‍ ഹുദ, നാദാപുരം ദാറുല്‍ ഹുദ തുടങ്ങിയ സ്ഥാപനങ്ങളെയെല്ലാം തുടക്കം മുതല്‍ക്കേ അദ്ദേഹം ഉദാരമായി സഹായിച്ചുവന്നിട്ടുണ്ട്. മര്‍കസിന്റെ സ്ഥാപന കാലം മുതല്‍ ഭരണസമിതി അംഗമായിരുന്ന കുഞ്ഞമ്മദ് ഹാജി ദിവംഗതനാകുമ്പോള്‍ ട്രഷററായിരുന്നു.
സുന്നീ ആദര്‍ശ രംഗത്ത് അടിയുറച്ച് നിന്ന അദ്ദേഹം ഈ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മുന്‍നിരയിലുണ്ടായിരുന്നു. കുതന്ത്രങ്ങളിലൂടെ മുമ്പ് കുറ്റിയാടി പിടിച്ചടക്കിയ ശൈലിയില്‍ ആയഞ്ചേരിയും പിടിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ശ്രമം നടത്തിയിരുന്നു. പൈങ്ങോട്ടായി പഴയ ജുമുഅത്തുപള്ളി കൈക്കലാക്കാനായിരുന്നു പദ്ധതി. അത് തിരിച്ചറിഞ്ഞ കുഞ്ഞമ്മദ് ഹാജിയുടെ നേതൃത്വത്തിലുള്ള സുന്നീ ഉമറാക്കളായ മര്‍ഹും പുറ്റോല്‍ അന്ത്രു ഹാജി, താമരശ്ശേരി മൂസ്സഹാജി, കാര്യാട്ട് മൊയ്തുഹാജി തുടങ്ങിയവര്‍ രംഗത്തിറങ്ങി പ്രതിരോധിക്കുകയായിരുന്നു. മര്‍ഹും ഇ കെ ഹസന്‍ മുസ്‌ലിയാര്‍, വാണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, എ പി ഉസ്താദ്, വൈലിത്തറ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ എന്നിവരുടെ മതപ്രഭാഷണം ആയഞ്ചേരിയില്‍ സംഘടിപ്പിച്ചത് കുഞ്ഞമ്മദ് ഹാജിയുടെ നേതൃത്വത്തിലുള്ള ഉമറാക്കളായിരുന്നു.
തികഞ്ഞ മതഭക്തനായിരുന്നു ഹാജി. സദാസമയവും അംഗശുദ്ധി സൂക്ഷിക്കും. ഒരു നേരത്തെ നിസ്‌കാരം പോലും ഖളാആക്കാതെ, തഹജ്ജുദ് പതിവാക്കിയ, സുബ്ഹിക്ക് ശേഷം ഖുര്‍ആന്‍ പാരായണം നടത്തുന്ന മാതൃകാ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
തര്‍ക്കങ്ങളും കുടുംബ വിഷയങ്ങളും കോടതിയിലെത്തിക്കാതെ പറഞ്ഞുതീര്‍ക്കാന്‍ അദ്ദേഹത്തിന് നല്ല പാടവമായിരുന്നു. നീതിമാനായ ഒരു വിധികര്‍ത്താവായി ജനങ്ങള്‍ അദ്ദേഹത്തെ അംഗീകരിച്ചു. അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സന്തോഷത്തിലാക്കട്ടെ.