Connect with us

Articles

തിരഞ്ഞെടുപ്പ് ഒരു സെമി ഫൈനല്‍

Published

|

Last Updated

ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ അഞ്ചു സംസ്ഥാന നിയമസഭകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ ഇന്ത്യയുടെ ഭാവി സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ജനാധിപത്യത്തിലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ മതേതരത്വം, സമത്വം എന്നിവയിലും തങ്ങള്‍ക്കു വിശ്വാസമില്ലെന്ന് തുടക്കത്തില്‍ തന്നെ പ്രഖ്യാപിച്ചവരാണ് ഇന്നത്തെ കേന്ദ്ര ഭരണകര്‍ത്താക്കള്‍. ദേശീയ സ്വാതന്ത്ര്യ സമരങ്ങളെയും അതിന്റെ മൂല്യങ്ങളെയും അംഗീകരിക്കുന്നവരല്ല ഇവര്‍ എന്ന് നമുക്ക് നന്നായിട്ടറിയാം. ഭരണാധികാരം കൈയേറിയ ശേഷം പറഞ്ഞ വാക്കുകളും നടത്തിയ പ്രവര്‍ത്തനങ്ങളും ഈ ധാരണകളെ ബലപ്പെടുത്തുന്നവ തന്നെയാണ്. ഭരണഘടനയെയും നിയമങ്ങളെയും ചട്ടങ്ങളെയും മാത്രമല്ല ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളായ സ്ഥാപനങ്ങളെയും സ്വന്തം വരുതിക്കകത്താക്കുന്ന ഫാസിസത്തിന്റെ മുഖങ്ങള്‍ പ്രകടമാക്കപ്പെട്ടു കഴിഞ്ഞു. എതിര്‍ശബ്ദം പുറപ്പെടുവിക്കുന്നവരെ ഉന്മൂലനം ചെയ്യാന്‍ വരെ മടിക്കില്ലെന്നും തെളിയിക്കപ്പെട്ടിരിക്കുന്നു. വൈവിധ്യത്തിനു ഊന്നല്‍ നല്‍കുന്ന ഭരണഘടനയെയും അതിലെ മൗലികാവകാശങ്ങളെയും ഇവര്‍ ബഹുമാനിക്കുന്നില്ല. മറ്റുള്ളവരുടെ ജീവിതവും ഭക്ഷണവും സംസ്‌കാരവും ആചാരക്രമങ്ങളും നിയന്ത്രിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതിന്റെ തെളിവാണ്.
ഫാസിസത്തിന്റെ യഥാര്‍ഥ അജന്‍ഡ വര്‍ഗീയതയല്ല കോര്‍പറേറ്റ് സാമ്പത്തിക താത്പര്യങ്ങളാണെന്ന വസ്തുത വെളിപ്പെടുത്തുന്നതായിരുന്നു എല്ലാ വിധ നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടുള്ള നോട്ട് പിന്‍വലിക്കല്‍. അത് വഴി നേട്ടമുണ്ടായത് ആര്‍ക്കെല്ലാമാണെന്നും നഷ്ടമുണ്ടായത് ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കാണെന്നുമെല്ലാം ഇന്ന് വ്യക്തമായിക്കഴിഞ്ഞു. റിസര്‍വ് ബേങ്ക് നിയമങ്ങള്‍ പോലും പാലിക്കാതെയാണ്, ഭരണഘടനയുടെ അനുച്ഛേദം 21 ന്റെ നഗ്‌നമായ ലംഘനമാണ് ഇതെന്ന് വ്യക്തം. എന്നിട്ടും സുപ്രീം കോടതി പോലും ഇതിന്റെ ഭരണഘടനാസാധുത പരിശോധിക്കാന്‍ തയാറാകാതെ കേസ് മാറ്റി വെച്ചതിന്റെ സൂചനകള്‍ വ്യക്തമാണ്. സ്വതന്ത്ര നീതിന്യായ സംവിധാനമെന്ന അടിസ്ഥാന ഭരണഘടനാ തത്വം പോലും ലംഘിക്കപ്പെട്ടിരിക്കുന്നു. രാജ്യത്ത് കലാപം ഉണ്ടാകുമെന്നു നിരീക്ഷിച്ചിട്ടും ആ നടപടിയുടെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ കോടതി തയാറായില്ലെങ്കില്‍ പിന്നെ പൗരന്റെ രക്ഷ ആരുടെ ചുമതലയാണ്? സുപ്രീം കോടതി ചീഫിന്റെ സ്ഥാനം ഒഴിഞ്ഞ ശേഷം സര്‍ക്കാര്‍ രാഷ്ട്രീയമായി നല്‍കിയേക്കാവുന്ന ചില പദവികള്‍ സ്വീകരിക്കാന്‍ വ്യക്തികള്‍ തയാറാകുന്ന സാഹചര്യത്തില്‍ ഇത് ഗൗരവമുള്ള വിഷയമാകുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ നടക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ കേന്ദ്ര ഭരണകര്‍ത്താക്കള്‍ക്കു അനുകൂലമായ ജനവിധി ഉണ്ടായാല്‍ ഫാസിസത്തിന് ജനാധിപത്യത്തിന്റെ അംഗീകാരം നല്‍കുന്ന അവസ്ഥയാകും ഉണ്ടാകുക. ഇത് ഭാവി ഇന്ത്യക്കു അനുഗുണമാകില്ല. രാഷ്ട്രീയമായി ഏറ്റവും പ്രാധാന്യമേറിയതും ഏറ്റവും വലുതുമായ സംസ്ഥാനം ഉത്തര്‍പ്രദേശ് ആണ്. ആ സംസ്ഥാനത്തെ വിധിയാകും ഏറെ നിര്‍ണായകമാകുക. കേവലം 30 ശതമാനം വോട്ടു പോലും നേടിയില്ലെങ്കിലും ലോക്‌സഭയില്‍ 90 ശതമാനത്തോളം സീറ്റുകള്‍ കരസ്ഥമാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞത് എതിര്‍പക്ഷത്തെ ഭിന്നിപ്പുകൊണ്ട് മാത്രമായിരുന്നല്ലോ. ബി ജെ പിക്കു ഒറ്റക്ക് ഭൂരിപക്ഷം കിട്ടാന്‍ വഴി വെച്ചതും യു പി, ബീഹാര്‍ സംസ്ഥാനങ്ങളിലെ വന്‍ വിജയമാണ്. എന്നാല്‍ ബീഹാറില്‍ ഇതിന്റെ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകൊണ്ട് രൂപപ്പെടുത്തിയ സഖ്യം ഇവരെ തോല്‍പ്പിച്ചു. യു പിയില്‍ എന്നാല്‍ സ്ഥിതി അതുപോലെയല്ല. എതിരാളികള്‍ തമ്മില്‍ ഒട്ടും തന്നെ സ്വരച്ചേര്‍ച്ചയില്ല. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ പിന്തുണക്കുന്ന ലോഹ്യവാദക്കാരും ദളിത് വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ബി എസ് പിയും തമ്മില്‍ ഒരിക്കലും ചേരുകയില്ല. ഇതിനു ചരിത്രപരമായ കാരണങ്ങളുണ്ട്. ലോഹ്യ വാദികളായ സമാജ്‌വാദി പാര്‍ട്ടിയില്‍ തന്നെ കുടുംബപരമായ കാരണങ്ങളാല്‍ നെടുകെ പിളര്‍പ്പുണ്ടായതായി കാണുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി അഖിലേഷിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് നല്ല ജനപിന്തുണയുണ്ട്, അഴിമതി കുറഞ്ഞതും കാര്യക്ഷമതയുള്ളതുമായ ഒരു യുവ ഭരണകര്‍ത്താവ് എന്ന പ്രതിച്ഛായ ഉണ്ട്, കോണ്‍ഗ്രസിനെയും പശ്ചിമ യു പി യില്‍ ചിലയിടങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള ആര്‍ എല്‍ ഡി യെയും ഒപ്പം കൂട്ടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം അനുകൂല സാഹചര്യങ്ങള്‍ തന്നെ. പക്ഷേ, ബി എസ് പി കൊണ്ടുപോയേക്കാവുന്ന ന്യൂനപക്ഷവോട്ടുകള്‍ കണക്കിലെടുക്കുമ്പോള്‍ ബി ജെ പിയെ പിന്നിലാക്കാന്‍ അഖിലേഷിനു കഴിയുമോ എന്ന് സംശയിക്കുന്നവര്‍ ഉണ്ട്. നോട്ട് പിന്‍വലിക്കല്‍ മൂലം ദുരിതത്തിലായ ഗ്രാമീണരും കര്‍ഷകരും അതിനു പകരം ചോദിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ ബി ജെ പിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്നത് മറ്റൊരു കാര്യം. സംഘ്പരിവാറിനകത്ത് പഴയതുപോലൊരു ഐക്യം നിലനിര്‍ത്താന്‍ ഇപ്പോള്‍ കഴിയുന്നില്ല എന്ന പ്രശ്‌നവും ഉണ്ട്.
ഇതൊക്കെ പറയുമ്പോഴും ബി എസ് പി യെയും മായാവതിയെയും എഴുതിത്തള്ളാനൊന്നും കഴിയില്ല. ഒരു സീറ്റുപോലും ലോക്‌സഭയില്‍ കിട്ടിയില്ലെങ്കിലും 20 ശതമാനത്തിലധികം വോട്ടുകള്‍ അവര്‍ക്കുണ്ട്. ഒട്ടനവധി നിയമസഭാ മണ്ഡലങ്ങളില്‍ ഒറ്റക്ക് നിന്ന് ജയിക്കാന്‍ ബി എസ് പിക്ക് കഴിയും. കൂടാതെ വലിയൊരു പങ്കു സീറ്റുകള്‍ ന്യൂനപക്ഷക്കാര്‍ക്കും ഉന്നത ജാതിക്കാര്‍ക്കും നല്‍കിയിട്ടുണ്ട് അവര്‍. ഇതും തിരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി ബാധിക്കും. മിക്കപ്പോഴും ഒരു മണ്ഡലത്തില്‍ ബി ജെ പിയെ തോല്‍പ്പിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള സ്ഥാനാര്‍ഥിക്കു മതേതര വോട്ടുകള്‍ പോകാലാണ് പതിവ്. ഇക്കുറി സമാജ്‌വാദിയിലെ പിളര്‍പ്പ് മൂലം അവര്‍ ദുര്‍ബലമാണെന്ന് തോന്നിയാല്‍ ബി എസ്പിക്ക് ഇവര്‍ വോട്ടു ചെയ്‌തേക്കാം എന്ന സാഹചര്യവും ഉണ്ട്. മിക്കപ്പോഴും സര്‍വേകളില്‍ ബി എസ് പിയുടെ സാന്നിധ്യം കുറഞ്ഞതായാണ് കാണുക. മായാവതിക്കു മേല്‍ നിരവധി അഴിമതി ആരോപണങ്ങള്‍ ഉണ്ടെന്നതും മധ്യവര്‍ഗക്കാരെ വിശേഷിച്ചും യുവാക്കളെ അവരില്‍ നിന്നും അകറ്റാനാണ് സാധ്യത. ബി ജെ പിക്ക് ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇല്ല എന്നതും അവരെ ദുര്‍ബലപ്പെടുത്തുന്ന ഘടകമാണ്. പുതിയ അറിവുകളുടെ കാലത്ത് വ്യക്ത്യാധിഷ്ഠിത വോട്ടുകള്‍ നിര്‍ണായമകാണ്. വിശേഷിച്ചും ഒരു ത്രികോണ ചതുഷ്‌കോണ മത്സരമാകുമ്പോള്‍.
യു പി കഴിഞ്ഞാല്‍ വലുപ്പത്തിലും രാഷ്ട്രീയമായും പ്രധാനമായ സംസ്ഥാനമാണ് പഞ്ചാബ്. അവിടെയും ഗോവയിലും തിരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്നു. ഫലം വന്നിട്ടില്ലെന്നതിനാല്‍ ചില ചിന്തകള്‍ പ്രസക്തമാണ്. 117 മണ്ഡലങ്ങളാണ് പഞ്ചാബിലുള്ളത്. കഴിഞ്ഞ പത്ത് കൊല്ലം തുടര്‍ച്ചയായി അകാലി ബി ജെ പി സഖ്യം ഭരിക്കുകയാണിവിടെ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു സമ്പന്നമായ ഒന്നാണ് പഞ്ചാബ്. കാര്‍ഷിക വ്യാവസായിക മേഖലകളില്‍ അവര്‍ വന്‍ പുരോഗതി നേടി. പ്രവാസികളായ പഞ്ചാബികളും സമ്പന്നരാണ്. സാങ്കേതിക വിദ്യകള്‍ സ്വാംശീകരിക്കുന്നതില്‍ അവര്‍ക്കൊപ്പം ആരും ഇന്ത്യയില്‍ ഇല്ല. എന്നാല്‍ ആ സംസ്ഥാനം ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ കടുത്തതാണ്. ഹരിതവിപ്ലവത്തിന്റെ ആദ്യഘട്ടം വലിയ നേട്ടമായിരുന്നെങ്കില്‍ രണ്ടാം ഘട്ടം ദുരന്തമായി മാറി. ഭൂമി മാത്രമല്ല വെള്ളവും മനുഷ്യന്റെ ശരീരവും രോഗാതുരമായി. കീടനാശിനികളുടെ ആഘാതം ഗുരുതരമായി. കാര്‍ഷിക മേഖല മുന്‍പത്തേതുപോലെ ലാഭകരമല്ലാതായി. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ രൂക്ഷമായി. മയക്കുമരുന്ന് യുവാക്കള്‍ക്ക് മേല്‍ വലിയ സ്വാധീനം നേടി. ഭരണപ്രതിപക്ഷങ്ങള്‍ മാറി മാറി ഭരിച്ചിട്ടും അവരെല്ലാം ഇത്തരം മാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്നവരായി മാറി. ഈ സാമൂഹിക അസ്വസ്ഥതകള്‍ ജനങ്ങള്‍ക്കിടയില്‍ ഭരണവിരുദ്ധവികാരം വളര്‍ത്തി. നോട്ടു പിന്‍വലിക്കല്‍ കൂടി ആയപ്പോള്‍ ജനങ്ങള്‍ക്കു മേലുള്ള ആഘാതം കഠിനമായി. പ്രതിപക്ഷമായ കോണ്‍ഗ്രസിന് ഈ അവസ്ഥ മുതലെടുക്കാന്‍ കഴിയുമായിരുന്നു. ജനങ്ങള്‍ക്ക് മറ്റൊരു സാധ്യതയുമില്ലായിരുന്നു. എന്നാല്‍, 2014 ലെ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി രംഗത്ത് വന്നതോടെ ചിത്രം മാറി. തീര്‍ത്തും പുതിയൊരു പാര്‍ട്ടി ആയിട്ടും ജനങ്ങള്‍ ഒരു പരീക്ഷണത്തിന് തയാറായി. നാല് ലോക്‌സഭാസ്ഥാനങ്ങള്‍ അവര്‍ ആം ആദ്മിക്ക് നല്‍കി. ഏതാണ്ട് മൂന്നിലൊന്നു വോട്ടും കിട്ടി. ഇത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തി.
ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഭരണകക്ഷിക്ക്, പ്രത്യേകിച്ചും അകാലി പാര്‍ട്ടിക്ക് കാര്യമായ ഒരു പ്രതീക്ഷയുമില്ല. അതുകൊണ്ട് തന്നെ മോദി അവിടെ കാര്യമായ പ്രചാരണ സന്ദര്‍ശനങ്ങള്‍ ഒന്നും നടത്തിയുമില്ല. കോണ്‍ഗ്രസ് മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ചു ഏറെ ഭേദപ്പെട്ട അവസ്ഥയിലാണെന്ന് പറയാം. പക്ഷേ ജനങ്ങള്‍ അവരെ പൂര്‍ണ വിശ്വാസത്തിലെടുക്കുമോ? ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഓര്‍മകള്‍ ഇനിയും വിട്ടുപോയിട്ടില്ല. ഇരു കക്ഷി രാഷ്ട്രീയം ഉറച്ചുപോയ പല സംസ്ഥാനങ്ങളിലും മൂന്നാമത്തെ ഒരു സാധ്യത തെളിഞ്ഞുവന്നാല്‍ ജനങ്ങള്‍ അതിനെ സ്വീകരിക്കാറുണ്ട് എന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പൊതുഅനുഭവം. അതിന്റെ സൂചനകള്‍ പഞ്ചാബിലും കാണുന്നുണ്ട്. ഡല്‍ഹി തൊട്ടടുത്തുള്ള സംസ്ഥാനമാണ്. അവിടെ നടക്കുന്ന സംഭവവികാസങ്ങള്‍ പഞ്ചാബിലെ ജനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മോദി നടത്തുന്ന അട്ടിമറികളെയെല്ലാം അതിജീവിച്ചുകൊണ്ടും, ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഒരു ഭരണം കാഴ്ചവെക്കാന്‍ ഡല്‍ഹിയില്‍ കഴിയുന്നു എന്ന സത്യം അവര്‍ തിരിച്ചറിയും; തീര്‍ച്ച. തിരഞ്ഞെടുപ്പിന് ശേഷമുള്ള വിലയിരുത്തലില്‍ ആം ആദ്മി പാര്‍ട്ടിയുടെ സര്‍ക്കാര്‍ പഞ്ചാബില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് അധികാരത്തില്‍ എത്തുമെന്ന സൂചനകളാണുള്ളത്.
സമാനമാണ് ഗോവയിലെ അവസ്ഥയും. കക്ഷി രാഷ്ട്രീയത്തിന്റെ എല്ലാ ദുഷ്പ്രവണതകളും അവിടെ പ്രകടമാണ്. പണവും മത വ്യക്തി സ്വാധീനങ്ങളും മേല്‍ക്കൈ നേടിയ ഒരു സംസ്ഥാനം. ജനങ്ങള്‍ രാഷ്ട്രീയമായി തീരെ പ്രതികരിക്കാത്ത ഒരു സംസ്ഥാനം എന്നും പറയാം. 40 മണ്ഡലങ്ങളിലായി കേവലം 12 ലക്ഷത്തോളം വോട്ടര്‍മാരേ ഗോവയിലുള്ളൂ. കഴിഞ്ഞ കാലങ്ങളില്‍ യാതൊരു വിധ തത്വദീക്ഷയുമില്ലാതെ കാലുമാറ്റവും കൂറുമാറ്റവും കൊണ്ട് ഗോവയിലെ ജനങ്ങള്‍ വലഞ്ഞിരിക്കുന്നു. പണം കൊണ്ട് തിരഞ്ഞെടുപ്പ് ജയിച്ചു ഇഷ്ടത്തിനനുസരിച്ചു പാര്‍ട്ടികള്‍ മാറി ഭരണം പിടിച്ചു. മുടക്കിയ പണത്തിന്റെ പല മടങ്ങു തിരിച്ചു പിടിക്കുന്ന രാഷ്ട്രീയത്തില്‍ നിന്നുള്ള മോചനം ഗോവന്‍ ജനത ആഗ്രഹിക്കുന്നു. ആം ആദ്മി പാര്‍ട്ടി അതിനുള്ള സാധ്യതയായി ഉയര്‍ന്നു വന്നിട്ടുമുണ്ട്. എന്നാല്‍, എത്ര ജനങ്ങളിലേക്ക് ഈ സന്ദേശം എത്തിക്കാനായി എന്നത് മാത്രമാണ് പ്രശ്‌നം. അത് സാധ്യമായിട്ടുണ്ടെങ്കില്‍ ഗോവയിലും പുതിയ രാഷ്ട്രീയ വഴികള്‍ തുറക്കാന്‍ സാധ്യതയുണ്ട്.
ഉത്തരാഖണ്ഡ് ആണ് മറ്റൊരു സംസ്ഥാനം. യു പിയുടെ ഭാഗമായിരുന്ന ഈ ഹിമാലയന്‍ സംസ്ഥാനം ബി ജെ പി കോണ്‍ഗ്രസ് ദ്വന്ദത്തില്‍ നിന്നും ഇപ്പോഴും മോചിതമായിട്ടില്ല. അഴിമതിക്കും കാലു മാറ്റത്തിനുമെല്ലാ കുപ്രസിദ്ധമായ ഇവിടെ ഇപ്പോള്‍ ബി ജെ പിയാണ് ഭരിക്കുന്നത്. ഭരണവിരുദ്ധവികാരത്തിലൂടെ അധികാരം നേടാമെന്ന കോണ്‍ഗ്രസിന്റെ മോഹങ്ങളെ ബി ജെ പി തടയാന്‍ ശ്രമിക്കുന്നു. അതിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരിയെ തന്നെ അവര്‍ ചാക്കിട്ടുപിടിച്ചു കഴിഞ്ഞു. പിതൃത്വവിവാദമടക്കം പല പ്രശ്‌നങ്ങളിലും പെട്ടുഴലുന്ന ഇദ്ദേഹത്തിന് അതൊരു ആശ്വാസമായേക്കാം. ഈ അഞ്ചു സംസ്ഥാനങ്ങളില്‍ ബി ജെ പി ഏറ്റവുമധികം പ്രതീക്ഷ പുലര്‍ത്തുന്നതും ഇവിടെയാണ്.
താരതമ്യേന ചെറുതും മറ്റുള്ളവയില്‍ നിന്നെല്ലാം വ്യത്യസ്തവുമാണ് അഞ്ചാമതുള്ള മണിപ്പൂര്‍. നിരവധി വംശ വര്‍ണ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സംസ്ഥാനം. ഇവിടെ ഏറ്റവും പ്രധാനമായ ചോദ്യമാകുന്നത് ഇറോം ശര്‍മിളയുടെ രാഷ്ട്രീയ ഭാവി തന്നെയാണ്. 17 വര്‍ഷം നിരാഹാര സമരം നടത്തിയിട്ടും അഫ്‌സ എന്ന കരിനിയമം പിന്‍വലിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആ ലക്ഷ്യം വെച്ചുകൊണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് ഇറോം ശര്‍മിള. ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടക്കുമോ എന്നറിയില്ല. ഭീകരവാദികളോ അവരെ നേരിടാനെന്ന പേരില്‍ പട്ടാളമോ ഇടപെടാനുള്ള സാധ്യത കുറവല്ല. ഇവിടെയും ഏതെങ്കിലും വിധത്തില്‍ അധികാരത്തില്‍ എത്താനുള്ള ശ്രമത്തിലാണ് ബി ജെ പി.
ചുരുക്കത്തില്‍ ഇതൊരു സെമി ഫൈനല്‍ ആണ്. 2019ല്‍ ഇവിടെ മോദി തരംഗത്തെ തടയാന്‍ കഴിയുന്ന ശക്തി ഏതായിരിക്കും എന്ന ചര്‍ച്ചകള്‍ തുടങ്ങി വെക്കുന്ന ഒന്നാണിത്.

Latest