ദുബൈ കാര്‍രഹിത ദിനം; വന്‍ ജനപങ്കാളിത്തം

Posted on: February 6, 2017 10:11 pm | Last updated: February 6, 2017 at 10:11 pm
കാര്‍ രഹിത ദിനാചരണത്തിന്റെ ഭാഗമായി നഗരസഭാ ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്ത, താമസ-കുടിയേറ്റ വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി തുടങ്ങിയ ഉദ്യോഗസ്ഥര്‍ മെട്രോയില്‍ യാത്ര ചെയ്യുന്നു

ദുബൈ: എട്ടാമത് ദുബൈ കാര്‍രഹിത ദിനത്തിന് പൊതു ജനങ്ങളുടെ മികച്ച പ്രതികരണം. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ മേഖലാ ജീവനക്കാരടക്കം ആയിരങ്ങള്‍ പൊതുഗതാഗത സംവിധാനങ്ങളെയാണ് രാവിലെ മുതല്‍ ആശ്രയിച്ചത്. 200ലധികം പൊതു മേഖലാ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 2,500ല്‍പരം ജീവനക്കാരാണ് തങ്ങളുടെ സ്വകാര്യ വാഹനങ്ങള്‍ക്കു പകരം പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയത്. മൊത്തം 60,000 പേര്‍ പങ്കാളികളായതായി വിലയിരുത്തപ്പെടുന്നു. ഈ വര്‍ഷം കാര്‍ബണ്‍ പ്രസരണത്തിന്റെ അളവ് കുറവ് രേഖപ്പെടുത്തുന്നത് കണക്കാക്കി അതിന് സമാനമായ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നഗരസഭ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. കൂടാതെ ഹരിതമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി മരം നടീല്‍ പ്രവര്‍ത്തികള്‍ക്കും ഈ തുക വിലയിരുത്തും.

കാര്‍ രഹിത ദിനത്തിന്റെ ഭാഗമായി ഇത്തിസലാത്ത് മെട്രോ സ്റ്റേഷന്‍ മുതല്‍ യൂണിയന്‍ മെട്രോ വരെ നഗരസഭാ ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്തയുടെ നേതൃത്വത്തില്‍ നഗരസഭാ ഡയറക്ടര്‍മാരും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം യാത്ര ചെയ്തു. യൂണിയന്‍ മെട്രോ പാര്‍കില്‍ സജ്ജീകരിച്ച പ്രദര്‍ശന ഭാഗത്ത് നൂറു കണക്കിന് നഗരസഭാ ജീവനക്കാരും താമസക്കാരുമാണ് കാര്‍രഹിത ദിനാഘോഷത്തില്‍ പങ്കെടുത്തത്. സുസ്ഥിരമായതും മികച്ച പാരിസ്ഥിതിക സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ചു പൊതുഗതാഗതത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ദിനാചരണം ലക്ഷ്യമിടുന്നത്. വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ പ്രസരണം കുറച്ച് പ്രകൃതിയെ സംരക്ഷിക്കാനുള്ള നടപടികളില്‍ ജനങ്ങളെ പങ്കാളികളാക്കാനാണ് ലക്ഷ്യം. നഗരത്തില്‍ മികച്ച പൊതു ഗതാഗത സംവിധാങ്ങളാണുള്ളത്. ഇതിന്റെ സാധ്യതകള്‍ ജനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കണം. എന്‍ജി. ലൂത്ത പറഞ്ഞു.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ച ദാന വര്‍ഷത്തിന് ഐക്യദാര്‍ഢ്യപ്പെട്ടു ഈ വര്‍ഷത്തെ കാര്‍രഹിത ദിനത്തില്‍ കാര്‍ബണ്‍ പ്രസരണം കുറയുന്നത് രേഖപ്പെടുത്തി സമാനമായ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുമെന്ന് ലൂത്ത അറിയിച്ചിരുന്നു.

താമസ-കുടിയേറ്റ വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി, ദുബൈ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ റാശിദ് അല്‍ മത്‌റൂഷി, ദുബൈ പൊലീസ് കമ്യൂണിറ്റി അഫയേഴ്‌സ് സര്‍വീസസ് അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുര്‍റഹ്മാന്‍ റഫീഅ് ഓപറേഷന്‍സ് അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍, ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സി ഇ ഒ ഖലീഫാ ബിന്‍ ദ്രായ്, ദുബൈ ഗവ. വര്‍ക് ഷോപ്പ് സി ഇ ഒ ഹുമൈദ് സുല്‍ത്താന്‍ അല്‍ മുതൈവി, ദുബൈ ഹെല്‍ത് അതോറിറ്റി ഹോസ്പിറ്റല്‍ സര്‍വീസസ് സെക്ടര്‍ സി ഇ ഒ ഡോ. അഹ്മദ് ബിന്‍ ഖല്‍ബാന്‍ മറ്റ് ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.