Connect with us

Kerala

ഉണ്ണിയാലില്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Published

|

Last Updated

ഉണ്യാലില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രതിഷേധവുമായി റോഡില്‍ നിലയുറപ്പിച്ചപ്പോള്‍

മലപ്പുറം: ഉണ്ണിയാലില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം. താനൂര്‍ നിയോജക മണ്ഡലത്തിലെ ഉണ്ണിയാല്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇതില്‍ ഏഴ് പേരെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കി രണ്ട് പേര്‍ തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വലിയകന്മുട്ടാ കത്ത്‌നിസാര്‍ 30, കാക്കാന്റെ പുരക്കല്‍ ഷബീര്‍ 30, ചേക്കാ മടത്ത് ഗഫൂര്‍ (35), ജാറക്കടവത്ത് നൗഷാദ് (32), കുഞ്ഞാറ കടവത്ത് ഇസ്മായില്‍ (35), വലിയ കമ്മുട്ടകത്ത് ഫൈജാസ് (28), പടിഞ്ഞാറേയില്‍ ഹര്‍ഷാദ് (28), ജാഫര്‍ കുഞ്ഞാലകത്ത് (38), ഫൈജാസ് ഫക്രകടവത്ത് (28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഷബീറിന്റെ രണ്ട് വിരലുകള്‍ അറ്റനിലയിലാണ്.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഇവര്‍ക്ക് വെട്ടേറ്റത്. ഫുട്‌ബോള്‍ മത്സരം നടക്കുന്ന നാട്ടിലെ സ്‌റ്റേഡിയം ഗ്രൗണ്ടിലെ ഉപകരണങ്ങള്‍ക്ക് കാവല്‍ കിടക്കുകയായിരുന്ന സംഘാടകര്‍കൂടിയായ സിപിഎം പ്രവര്‍ത്തകരെയാണ് മൂന്ന് മണിയോടെ 40ഓളം വരുന്ന സംഘം അക്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് സിപിഎം നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നിറമരുതൂര്‍ പഞ്ചായത്തില്‍ സിപിഎം ഇന്ന് ഹര്‍ത്താലിന് ആഹ്വാം ചെയ്തു. എട്ട് വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. രണ്ട് കാര്‍, നാല് ഓട്ടോറിക്ഷ, രണ്ട് ബൈക്ക് എന്നിവയാണ് തകര്‍ത്തത്.
കഴിഞ്ഞ കുറേ വര്‍ഷമായി സിപിഎം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ഉണ്ണിയാല്‍. കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകാലമായി മലപ്പുറം ജില്ലയുടെ കടലോര പ്രദേശമായ ഉണ്യാലില്‍ അശാന്തി വിതച്ച് സംഘര്‍ഷം തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. സംഘര്‍ഷത്തില്‍ ഒരു ജീവന്‍ വരെ നഷ്ടമായിരുന്നു. ലീഗ് പ്രവര്‍ത്തകനായ റാസിഖ് കൊലക്കേസ് പ്രതികളായ സിപിഎം പ്രവര്‍ത്തകരെ സുപ്രീംകോടതി വെറുതെ വിട്ടതോടെയാണ് ഈ തീരപ്രദേശത്ത് വീണ്ടും അക്രമസംഭവങ്ങള്‍ തലപൊക്കിയത്. മൂന്ന് മാസം മുമ്പ് 22 ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമികള്‍ തകര്‍ത്തിരുന്നു. മൂന്ന് ദിവസം മുമ്പും ഒരു സിപിഎം പ്രവര്‍ത്തകന്‍ അക്രമിക്കപ്പെട്ടിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് നിറമരുതൂര്‍ പഞ്ചായത്തില്‍ ഇന്ന് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വിവിധയിടങ്ങളില്‍ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. പഞ്ചായത്തില്‍ ഗതാഗതം സ്തംഭിച്ചു.

കടകംമ്പോളങ്ങള്‍ ഭാഗികമായി തുറന്നു. സിപിഎം പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞും പ്രകടനങ്ങള്‍ നടത്തിയും റോഡില്‍ നിലയുറപ്പിച്ചിരിക്കുന്ന സ്ഥിതിയാണിപ്പോള്‍. സംഭവസ്ഥലത്ത് തിരൂര്‍ ഡിവൈഎസ്പി എജെ ബാബു, താനൂര്‍ സിഐ അലവി എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ അനിഷ്ഠം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ഡിവൈഎസ്പി അറിയിച്ചു.

Latest