ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കില്ല; ലക്ഷ്മി നായരുടെ നിയമ ബിരുദം അന്വേഷിക്കും

Posted on: February 6, 2017 7:03 pm | Last updated: February 7, 2017 at 10:01 am

തിരുവനന്തപുരം: ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കണമെന്ന യു.ഡി.എഫിന്റെ പ്രമേയം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തള്ളി. വോട്ടിംഗില്‍ ഏഴ് യുഡിഎഫ് അംഗങ്ങളും സി.പി.ഐ അംഗവും അഫിലിയേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ സെക്രട്ടറിയുള്‍പ്പെടെ 12 പേര്‍ റദ്ദാക്കേണ്ടെന്ന നിലപാടെടുത്തു.അതേസമയം ലക്ഷ്മി നായരുടെ എല്‍.എല്‍.ബി ബിരുദം വ്യാജമാണെന്ന പരാതി അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. യു.ഡി.എഫ് അംഗങ്ങളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

നിലവിലെ വിദ്യാര്‍ത്ഥികളെ ബാധിക്കാത്ത തരത്തില്‍ അഫിലിയേഷന്‍ റദ്ദാക്കണമെന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം. കോളജും ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കണം. സിന്‍ഡിക്കേറ്റ് യോഗത്തില്‍ അംഗങ്ങള്‍ ആവശ്യങ്ങള്‍ എഴുതി നല്‍കി.

അതേസമയം ലോ അക്കാദമിക്കെതിരെ കൂടുതല്‍ നടപടി വേണ്ടെന്ന് സിപിഐഎം അംഗങ്ങള്‍ പറഞ്ഞു. അഫിലിയേഷന്‍ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും അവര്‍ സിന്‍ഡിക്കേറ്റില്‍ പറഞ്ഞു.

ലക്ഷ്മി നായരുടെ ബിരുദം സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ പരീക്ഷാ സമിതിയെ ചുമതലപ്പെടുത്തി. ലോ അക്കാദമിയിലെ മാര്‍ക്ക് ദാനത്തെക്കുറിച്ച് തുടരന്വേഷണം നടത്താനും തീരുമാനിച്ചു. പരീക്ഷാ ഉപസമിതി ശുപാര്‍ശകള്‍ സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. ഇന്റേണല്‍ മാര്‍ക്കിന്റെ ഘടന പരിഷ്‌കരിക്കും. ലക്ഷ്മി നായരുടെ ഭാവിമരുമകള്‍ അനുരാധ പി.നായരില്‍നിന്ന് തെളിവെടുക്കുമെന്നും സിന്‍ഡിക്കേറ്റ് വ്യക്തമാക്കി.